ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിലും വകുപ്പു മേധാവികളുടെ ഓഫീസുകളിലുമായി തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത് നാല് ലക്ഷത്തോളം ഫയല്‍. ഫെബ്രുവരി അവസാനംവരെയുള്ള കണക്കാണിത്. മറ്റ് ഓഫീസുകളിലെ ഫയല്‍കൂടി ആകുമ്പോള്‍ ഇത് ഇരട്ടിയിലധികമാകും. ഭരണസ്തംഭനവും കെടുകാര്യസ്ഥതയും സൃഷ്ടിച്ച പ്രതിസന്ധിയില്‍ കുടുങ്ങിയാണ് ഫയലുകള്‍ ചലനമറ്റത്. "അതിവേഗം ബഹുദൂരം" പ്രചാരണ കോലാഹലമുണ്ടാക്കിയ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലാണ് ഇത്രയധികം ഫയലുകള്‍ തീരുമാനമാകാതെ കിടക്കുന്നത്. മിക്കവയിലും പ്രാഥമിക നടപടിപോലും ആയിട്ടില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മൂക്കിനു കീഴെയുള്ള സെക്രട്ടറിയറ്റില്മാത്രം 1,73,833 ഫയലുകള്‍ തീര്‍പ്പാക്കാതെയുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ലഭിച്ച 2,30,711 ഫയലുകളില്‍ 56,878 എണ്ണത്തില്‍മാത്രമാണ് തീരുമാനമായത്- 25 ശതമാനം. മറ്റ് വകുപ്പ് അധ്യക്ഷന്മാരുടെ ഓഫീസുകളില്‍ 2.55 ലക്ഷം ഫയലുകള്‍ ലഭിച്ചു. ഇവയില്‍ 2,14,637 ഫയലിലും ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ഇവയില്‍ മിക്കവയുടെയും സ്ഥിതിയെന്തെന്നുപോലും ആര്‍ക്കുമറിയില്ല. പൊതുഭരണം, റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, പൊതുമരാമത്ത്, പട്ടികജാതി, പട്ടികവര്‍ഗം തുടങ്ങിയ വകുപ്പുകളിലാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത്. ഏറ്റവും താഴെക്കിടയിലുള്ളവരുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരംതേടിയുള്ള ഫയലുകളടക്കം ഇവയിലുണ്ട്.
ഫയലുകളുടെ നീക്കം നിലച്ചത് ക്ഷേമപദ്ധതികളെയും മറ്റ് പദ്ധതിപ്രവര്‍ത്തനങ്ങളെയും താറുമാറാക്കി. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഫയല്‍ നീക്കത്തെ ബാധിച്ചു. തുടര്‍ച്ചയായുള്ള മന്ത്രിമാരുടെ വകുപ്പുമാറ്റങ്ങളും മന്ത്രിമാര്‍ തമ്മിലും മുന്നണിയിലെ കക്ഷികള്‍ തമ്മിലുമുള്ള പടലപ്പിണക്കങ്ങളും പ്രശ്നം സൃഷ്ടിച്ചു. അതിനിടെ ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഫയല്‍ ട്രാക്കിങ് സംവിധാനവും പൊളിഞ്ഞു. ഇത് എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനവും വെറുതെയായി. പേരിന് നടപ്പാക്കിയ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ നടപടികളും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം ഫലം കണ്ടില്ല. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ തീവ്രയജ്ഞ പരിപാടി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മന്ത്രി കെ സി ജോസഫ് അവകാശപ്പെട്ടു. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ദിലീപ് മലയാലപ്പുഴ ദേശാഭിമാനി
No comments:
Post a Comment