ഇന്ദിരാ ആവാസ് യോജന പ്രകാരം വീടുകള്‍ക്കുള്ള സാമ്പത്തിക സഹായം സംസ്ഥാനസര്‍ക്കാര്‍ നിര്‍ത്തി. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 50,000 രൂപ ത്രിതല പഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതിയില്‍പെടുത്തി ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ പുതിയ ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ബ്ലോക്ക് പഞ്ചായത്ത് ഒരു വീടിന് 52,000 രൂപയും ജില്ലാ പഞ്ചായത്ത് 45,500 രൂപയും ഗ്രാമപഞ്ചായത്തുകള്‍ 32,500 രൂപയും വീതം നീക്കിവെക്കേണ്ടിവരും. ഒരു പഞ്ചായത്തില്‍ നൂറു വീടുണ്ടെങ്കില്‍ 32.5 ലക്ഷം രൂപ ഇതിനായി മാത്രം കാണേക്കേണ്ടിവരും. ബ്ലോക്ക് പഞ്ചായത്ത് കുറഞ്ഞത് മൂന്നു കോടി രൂപയും ജില്ലാ പഞ്ചായത്ത് 22 കോടിയും നീക്കിവെക്കേണ്ടിവരും. ഇതു കൂടാതെ 2011-12, 12-13, 13-14 വര്‍ഷത്തിലെ വിഹിതത്തില്‍ വന്ന കുറവ് നിര്‍ബന്ധമായും 14-15 വര്‍ഷം പരിഹരിക്കണമെന്നും ഉത്തരവിലുണ്ട്. ഇതുകൂടി കൂട്ടിയാല്‍ ഈ വര്‍ഷം പഞ്ചായത്തുകള്‍ക്ക് മറ്റൊന്നിനും പണം കാണില്ല. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്ന പദ്ധതിവിഹിതം വര്‍ധിപ്പിക്കാനും തയ്യാറാകുന്നില്ല. സര്‍ക്കാരിന്റെ ഈ നിലപാട് ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കും.
2012-13 വര്‍ഷം വീടൊന്നിന് 75,000 രൂപയും 2013-14ല്‍ 50,000രൂപയും അധികസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായി പരിശോധിച്ചാണ് പുതിയ തീരുമാനമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. വീടിന്റെ ധനസഹായം പഞ്ചായത്തുകളുടെ അനിവാര്യ ചുമതലയാണെന്നും ഉത്തരവില്‍ ഭീഷണിയുണ്ട്. എന്നാല്‍ ഈ രണ്ടു സാമ്പത്തിക വര്‍ഷവും നല്‍കേണ്ട അധികസാമ്പത്തിക സഹായമായ 547.10 കോടിയില്‍ ഒരു രൂപ പോലും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച ധനസഹായത്തില്‍ ഒരു രൂപ പോലും അനുവദിക്കാതെയാണ് ഇപ്പോള്‍ ആ ബാധ്യതകൂടി പഞ്ചായത്തിന്റെ തലയില്‍ കെട്ടി വെച്ചത്. സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗ്രാമവികസന വകുപ്പ് വിവരാവകാപ്രകാരം നല്‍കിയ മറുപടിയിലും പറയുന്നു.
ഐഎവൈ വീടിന്റെ ധനസഹായം 2012ലാണ് രണ്ടു ലക്ഷമായി ഉയര്‍ത്തിയത്. ഇതില്‍ 70,000 രൂപ കേന്ദ്രപദ്ധതി വിഹിതമാണ്. 50,000 രൂപ സര്‍ക്കാരിന്റെ അധിക ധനസഹായവും. ബാക്കി 70,000 രൂപയില്‍ 40 ശതമാനം (28000രൂപ)ബ്ലോക്ക് പഞ്ചായത്തും 35 ശതമാനം (24,500)ജില്ലാ പഞ്ചായത്തും 25 ശതമാനം (17,500)ഗ്രാമപഞ്ചായത്തും നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിനുപുറമെ സര്‍ക്കാര്‍ അധികധനസഹായമായ 50,000 രൂപയുടെ വിഹിതം കൂടി പഞ്ചായത്തുകളെ അടിച്ചേല്‍പ്പിച്ചു. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബാങ്കുകളെകൊണ്ട് ഈ നിര്‍ദേശം നടപ്പാക്കിപ്പിക്കാന്‍ വേണ്ട ഇഛാശക്തിയും സര്‍ക്കാര്‍ കാട്ടിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഇഎംഎസ് ഭവന പദ്ധതിയെ തകര്‍ത്താണ് യുഡിഎഫ് സര്‍ക്കാര്‍ ഐഎവൈ പദ്ധതി വിപുലീകരിച്ചത്. ഫലത്തില്‍ രണ്ടു പദ്ധതികളും വെള്ളത്തിലായി. 2011ല്‍ പണി ആരംഭിച്ച വീടുകളില്‍ ഭൂരിപക്ഷവും പൂര്‍ത്തിയാകാതെ കിടക്കുകയാണ്.
വി കെ വേണുഗോപാല്‍ deshabhimani
No comments:
Post a Comment