സംസ്ഥാന സര്‍ക്കാരും രാജകുടുംബവും സുപ്രീംകോടതിയെ വഞ്ചിക്കുന്നതിന് ആസൂത്രിതശ്രമമെന്ന് അമിക്കസ്ക്യൂറിഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട്. പത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കവെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പ്രതിരോധിക്കാന്‍ സര്‍ക്കാരും രാജകുടുംബവും ഏറെ പണിപ്പെടേണ്ടിവരും. ഭരണവും രാജകുടുംബവും തമ്മില്‍ ഏറെ സൗഹൃദമുണ്ട്്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ആസൂത്രിതശ്രമങ്ങള്‍ ഇതിന്റെ ഭാഗമായാണ്.
സുപ്രീംകോടതി ഉത്തരവുകള്‍ പാലിക്കാതെ സര്‍ക്കാര്‍ രാജകുടുംബവുമായി ചേര്‍ന്ന് കോടതിയലക്ഷ്യം നടത്തുകയായിരുന്നു. കോടതി ഉത്തരവുകളെ നിസ്സാരമായാണ് സംസ്ഥാന സര്‍ക്കാരും രാജകുടുംബവും പരിഗണിക്കുന്നത്. തീര്‍ഥക്കുളങ്ങള്‍ ശുദ്ധീകരിക്കേണ്ടത് കടമയായിരുന്നു. അതുണ്ടായില്ല. കണക്കുകള്‍ ശരിയായി സൂക്ഷിച്ചില്ല. അക്കൗണ്ടില്‍ പണമുണ്ടായിട്ടും ഇല്ലെന്ന നിലപാട് സ്വീകരിച്ചു. ഇതു പരിഗണിച്ച്മുന്‍ സിഎജി വിനോദ്റായിയുടെ മേല്‍നോട്ടത്തില്‍ അടിയന്തര ഓഡിറ്റിങ്ങിന് ഉത്തരവിടണം. രാജകുടുംബത്തിലെ പല മുന്‍ഗാമികളും പൊതുസമൂഹത്തിന്റെ ബഹുമാനം ആര്‍ജിച്ചവരാണ്.
എന്നാല്‍, ഇപ്പോഴത്തെ ട്രസ്റ്റി സാമ്പത്തികവിശ്വാസ്യത നിലനിര്‍ത്തിയില്ല. സ്വര്‍ണവും പണവും സംബന്ധിച്ച് കൃത്യമായ കണക്ക് സൂക്ഷിക്കുന്നത് പ്രാഥമിക ഉത്തരവാദിത്തമാണ്. അതിനാല്‍ ട്രസ്റ്റിക്ക് തുടരാന്‍ അര്‍ഹതയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പത്മനാഭദാസനെന്ന് വിശേഷിക്കപ്പെടുന്ന വ്യക്തിക്ക്് ഉന്നതമായ നിലവാരം വേണം. സംഭാവനയും കാണിക്കയും ദിവസേന കൃത്യമായി എണ്ണിസൂക്ഷിച്ചില്ല. കാണിക്കപ്പെട്ടി നിറഞ്ഞശേഷംമാത്രം തുറക്കുകയെന്നത് അംഗീകരിക്കാനാകില്ല. കാണിക്കപ്പെട്ടി തുറക്കുന്നതില്‍ കൃത്യമായ സമയക്രമവുമുണ്ടായില്ല. കാണിക്ക എണ്ണിയശേഷം മാനേജര്‍ പറയുന്ന ഒരു തുകയില്‍ ഹെഡ് അക്കൗണ്ടന്റ് ഒപ്പിടുകയാണ് ചെയ്യുന്നത്. ഈ തുകയാണ് ബാങ്കിലേക്ക് കൊണ്ടുപോകുക.
ബാങ്ക് ജീവനക്കാരുടെ പോലും സാന്നിധ്യത്തിലല്ല കാണിക്ക എണ്ണുന്നത്. മുപ്പതു വര്‍ഷമായി വഴിപാടു സ്വര്‍ണവും വെള്ളിയും എത്രയെന്നതിന് കണക്കില്ല. ക്ഷേത്രത്തില്‍ വന്‍സാമ്പത്തികക്രമക്കേട് നടന്നിരുന്നതായി അനുമാനിക്കണം. കാണിക്കയുടെ നടപടിക്രമങ്ങള്‍ രാജകുടുംബാംഗങ്ങളോ പത്മനാഭദാസന്‍ ആദിത്യവര്‍മയോ അറിയില്ല എന്നത് വിശ്വസനീയമല്ല. അഡ്വക്കറ്റ് കമീഷണര്‍മാര്‍ക്ക് ഓരോ സന്ദര്‍ശനത്തിലും 10,000 രൂപവീതം നല്‍കിയതിന് വൗച്ചറുകളുണ്ട്. എന്നാല്‍, 2010നു ശേഷം ഒരിക്കല്‍പ്പോലും തങ്ങള്‍ പണം സ്വീകരിച്ചിട്ടില്ലെന്ന് അഡ്വക്കറ്റ് കമീഷണര്‍മാര്‍ ജസ്റ്റിസ് കൃഷ്ണനോടും മുന്‍ ചീഫ്സെക്രട്ടറി ജയകുമാറിനോടും പറഞ്ഞിട്ടുണ്ട്.
എന്നാല്‍, അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍ വി കെ ഹരികുമാര്‍ ഈ തുകയുടെ വൗച്ചറുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അന്നുതന്നെ ഈ തട്ടിപ്പ് തെളിഞ്ഞെങ്കിലും ഹരികുമാറിനെ മാറ്റാന്‍ ആദിത്യവര്‍മയോ സംസ്ഥാന സര്‍ക്കാരോ താല്‍പ്പര്യപ്പെട്ടില്ല. ക്ഷേത്രചൈതന്യത്തിനൊപ്പം പ്രാധാന്യം അര്‍ഹിക്കുന്നതാണ് സാമ്പത്തികഭരണവും. ആചാരങ്ങള്‍ ഭക്തരെ തൃപ്തിപ്പെടുത്തുന്നതിനാണ്. പൊതുക്ഷേത്രത്തിന്റെ കാര്യത്തില്‍ പുലര്‍ത്തേണ്ട സുതാര്യതയും സത്യസന്ധതയും ഉണ്ടായിട്ടില്ല. ഈ അന്തരീക്ഷത്തില്‍ നിന്ന് ഭക്തരെ മോചിപ്പിക്കേണ്ടതുണ്ട്- അമിക്കസ്ക്യൂറി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
എം പ്രശാന്ത്
തങ്കം അടിച്ചുമാറ്റി; താഴികക്കുടങ്ങള്‍ തുരുമ്പെടുത്തു
തിരു: പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തിയെന്ന വിവാദം കത്തിനില്‍ക്കെ ക്ഷേത്രഗോപുരത്തിലെ തങ്കത്തില്‍ തീര്‍ത്ത താഴികക്കുടങ്ങള്‍ തുരുമ്പെടുത്തതായി കണ്ടെത്തി. ഇതോടെ താഴികക്കുടത്തിന്റെ അറ്റകുറ്റപ്പണിയിലും തങ്കത്തിനു പകരം കൃത്രിമലോഹങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി സംശയം ബലപ്പെട്ടു. ക്ഷേത്രത്തിന്റെ ഏഴു ഗോപുരങ്ങള്‍ക്കു മുകളിലായി സ്ഥാപിച്ച ഏഴു താഴികക്കുടങ്ങളും പരിശോധനയില്‍ തുരുമ്പെടുത്തതായി കണ്ടെത്തി.
അമിക്കസ് ക്യൂറി ഗോപുരങ്ങള്‍ക്കുമുകളില്‍ കയറി പരിശോധിക്കവെയാണ് ഇത് കണ്ടെത്തിയത്. തുരുമ്പു മറയ്ക്കുന്നതിനായി രാസവസ്തുക്കള്‍ ഉപയോഗിച്ചതായും കണ്ടു. സംശയംതോന്നിയ അമിക്കസ് ക്യൂറി ഉടന്‍തന്നെ തങ്കത്തിന്റെ ശുദ്ധത നോക്കുന്ന വിദഗ്ധസംഘത്തെ പരിശോധിക്കാനായി വിളിച്ചു. തുടര്‍ന്നു നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ചില താഴികക്കുടങ്ങളില്‍ തങ്കത്തിന്റെ അംശം ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്ന് വ്യക്തമായത്. നാലു താഴികക്കുടങ്ങളില്‍ തങ്കത്തിന്റെ അംശം 50 ശതമാനത്തിലും താഴെയായിരുന്നു. ഈ വിവരം കാണിച്ച് അമിക്കസ് ക്യൂറിക്ക് വിദഗ്ധസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ചും പരാമര്‍ശമുണ്ട്. താഴികക്കുടങ്ങളില്‍ തങ്കത്തിന്റെ അംശം കുറയുന്നതായി മുമ്പ് പലതവണ പരാതി ഉയര്‍ന്നിട്ടുണ്ട്. 18-ാം നൂറ്റാണ്ടിന്റെ അവസാനം കാര്‍ത്തികതിരുനാള്‍ രാമവര്‍മയുടെ കാലത്ത് ദിവാനായിരുന്ന രാജാ കേശവദാസിന്റെ മേല്‍നോട്ടത്തിലാണ് താഴികക്കുടങ്ങള്‍ പണിതത്.
വിജയ് ദേശാഭിമാനി
No comments:
Post a Comment