Tuesday, April 29, 2014

കരം സ്വീകരിക്കുന്നില്ല: കടകംപള്ളി വില്ലേജ് ഓഫീസിനു മുന്നില്‍ സത്യഗ്രഹം തുടങ്ങി

രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് ഭൂമിയുടെ കരം ഒടുക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കടകംപള്ളി വില്ലേജ് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി.

ആനയറയില്‍ സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസിനു മുന്നില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ സത്യഗ്രഹം ഉദ്ഘാടനംചെയ്തു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട മാഫിയ സംഘം നടത്തിയ 450 കോടിയുടെ ഭൂമിതട്ടിപ്പിന് ഒത്താശചെയ്യുന്നതിന്റെ ഭാഗമായാണ് ഈ പ്രദേശത്തെ ഭൂനികുതി വാങ്ങുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചത്. ഏഴു തണ്ടപ്പേര്‍ രജിസ്റ്ററിലുള്ള രണ്ടായിരത്തിലധികം പേര്‍ക്കാണ് ഭൂനികുതി ഒടുക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. നികുതി ഒടുക്കിയതിന്റെ കരംരസീത് ലഭിക്കാത്തതിനാല്‍ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് ബാങ്ക് വായ്പ ലഭിക്കുന്നില്ല.

നികുതി രസീതില്ലാത്തതിനാല്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് നഗരസഭയുടെ ആനുകൂല്യങ്ങളും ലഭ്യമല്ല. ജീവിതം വഴിമുട്ടിയ ഘട്ടത്തിലാണ് സഹനസമരവുമായി ജനങ്ങള്‍ വില്ലേജ് ഓഫീസിനു മുന്നില്‍ എത്തിയത്. സിപിഐ എം കടകംപള്ളി ലോക്കല്‍ കമ്മിറ്റിയുടെയും ഭൂസംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച സത്യഗ്രഹത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച നൂറുകണക്കിന് കുടുംബങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തു.

സിപിഐ എം വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി പട്ടം പി വാമദേവന്‍ അധ്യക്ഷനായി. വി ശിവന്‍കുട്ടി എംഎല്‍എ, ജോര്‍ജ് സെബാസ്റ്റ്യന്‍, എസ് പി ദീപക്, വി എസ് പത്മകുമാര്‍, കെ വിദ്യാധരന്‍, കല്ലറ മധു എന്നിവര്‍ സംസാരിച്ചു. പി കെ ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഇവരെ നീക്കംചെയ്യാനുള്ള പൊലീസ് നീക്കം ജനരോഷത്തിനിടയാക്കി. ചൊവ്വാഴ്ച പകല്‍ 10.30ന് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സമരം ഉദ്ഘാടനംചെയ്യും.

deshabhimani

No comments:

Post a Comment