തൃശൂര്‍: സമാധാന ജീവിതത്തിനും മതസൗഹാര്‍ദത്തിനും വെല്ലുവിളി ഉയര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളില്‍ അഞ്ച് പള്ളികള്‍ക്കു നേരെ ആക്രമണം നടത്തി.
ശനിയാഴ്ച രാത്രി ഇരിങ്ങാലക്കുട, ചേര്‍പ്പ് മേഖലകളില്‍ നിരവധി കപ്പേളകളും രൂപക്കൂടുകളും തകര്‍ത്തതിനു പുറമെയാണിത്. ചാലക്കുടി കൂടപ്പുഴയിലെ നിത്യസഹായ മാതാവിന്റെ പള്ളിയുടെ ചില്ലുകള്‍ തകര്‍ത്തു. ചാലക്കുടി അലവി സെന്ററിലെ സെന്റ്സെബാസ്റ്റ്യന്‍സ് പള്ളി കപ്പേള, പോട്ട സെന്റ് ആന്റണീസ് പള്ളി കപ്പേള, താഴൂര്‍ സെന്റ മേരീസ് പള്ളി കപ്പേള, കരുവന്നൂര്‍ സെന്റ് മേരീസ് പള്ളി കപ്പേള എന്നിവയുടെ രൂപക്കൂടുകള്‍ തകര്‍ത്തു. ഇരിങ്ങാലക്കുട ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ലക്ഷ്മി ബസിന്റെ ചില്ലുകള്‍ സോഡാക്കുപ്പികള്‍ കൊണ്ട് എറിഞ്ഞുതകര്‍ത്തു. കരുവന്നൂര്‍ രാജ കമ്പനിക്കു സമീപം കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകളും തകര്‍ത്തു.
ചെങ്ങാലൂര്‍ സ്നേഹപുരത്ത് മിഖായേലിന്റെ കടക്കു നേരെ ആക്രമണം നടന്നു. നിരവധി സ്വകാര്യ വാഹനങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി. ബൈക്ക് യാത്രക്കാരെപ്പോലും അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും യാത്ര തടഞ്ഞു. പലയിടത്തും പൊലീസ് നോക്കുകുത്തികളായി. പള്ളികള്‍ക്കു നേരെ വ്യാപക ആക്രമണം നടന്നിട്ടും സാമൂഹ്യ്രദോഹികളുടെ ആക്രമണമെന്നാണ് പൊലീസ് കേസെടുത്തത്. ഹര്‍ത്താലിനെ അവഗണിച്ച് കെഎസ്ആര്‍ടിസി ബസുകള്‍ ജില്ലയില്‍ മിക്കയിടത്തും സര്‍വീസ് നടത്തി. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവര്‍ത്തിച്ചു.
ഭീഷണിപ്പെടുത്തിയാണ് പലയിടത്തും കടകമ്പോളങ്ങള്‍ അടപ്പിച്ചത്. ഗുരുവായൂര്‍ പുന്നയൂര്‍ക്കുളത്തിനടുത്ത് തൃപ്പറ്റ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു. വീല്‍ സ്പാനര്‍, ഇരുമ്പ് പൈപ്പ് എന്നിവകൊണ്ടുള്ള ആക്രമണത്തില്‍ വിനീത്(27)്, അശ്വിന്‍(18) എന്നിവര്‍ക്ക് പരിക്കേറ്റു. സംഘപരിവാര്‍ അതിക്രമം തടയാന്‍ പൊലീസും അധികൃതരും കാട്ടുന്ന അനാസ്ഥയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു.
deshabhimani
No comments:
Post a Comment