Tuesday, April 22, 2014

പി മോഹനനെതിരായ വാര്‍ത്ത മാതൃഭൂമി തിരുത്തണം: പ്രസ് കൗണ്‍സില്‍

സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെതിരെ തെറ്റായ വാര്‍ത്ത നല്‍കിയ മാതൃഭൂമി ദിനപത്രം തിരുത്ത് പ്രസിദ്ധീകരിക്കണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ടി പി ചന്ദ്രശേഖരന്‍ കേസില്‍ പി മോഹനന്റെ ജാമ്യാപേക്ഷ തള്ളി എന്ന തലക്കെട്ടില്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ സുപ്രീംകോടതിയുടെ ഇല്ലാത്ത പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജുവിന്റെ നിര്‍ദേശം.

ഇതേപ്പറ്റി പത്രത്തില്‍ പ്രധാനപ്പെട്ട സ്ഥലത്ത് വിശദീകരണം നല്‍കി പത്രത്തിന്റെ കോപ്പി പ്രസ് കൗണ്‍സിലിനും പരാതിക്കാരനും അയക്കണമെന്ന് മാതൃഭൂമി പത്രാധിപര്‍ എം കേശവമേനോനോട് പ്രസ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രസ് കൗണ്‍സില്‍ അന്വേഷണ കമ്മിറ്റി ഫെബ്രുവരി 11നാണ് ന്യൂഡല്‍ഹിയില്‍ ഇരുകൂട്ടരുടെയും വാദം കേട്ടത്. അഡ്വ. പി വി കുഞ്ഞികൃഷ്ണന്‍ മുഖേന പി മോഹനാണ് 2013 മാര്‍ച്ച് 23ന് മാതൃഭൂമി വാര്‍ത്തക്കെതിരെ പരാതി നല്‍കിയത്. ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി ഉത്തരവില്‍, ദൃക്സാക്ഷികളുടെ വിസ്താരം കഴിഞ്ഞാല്‍ പുതിയ അപേക്ഷ മോഹന് സമര്‍പ്പിക്കാവുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു.

ഇക്കാര്യം വാര്‍ത്തയിലില്ല. പകരം ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികളെ മോഹനന്‍ വാടകയ്ക്കെടുക്കുകയായിരുന്നുവോ എന്ന് സുപ്രീം കോടതി ചോദിച്ചെന്നായിരുന്നു മാതൃഭൂമി വാര്‍ത്ത. തൊട്ടടുത്ത വരിയില്‍ കൊലയാളികളെ വാടകയ്ക്കെടുത്തത് മോഹനാണെന്ന് കോടതി പറഞ്ഞുവെന്നുമുണ്ട്. തെറ്റായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതുവഴി മാതൃഭൂമി മോഹനനെ മോശമായി ചിത്രീകരിക്കുകയായിരുന്നുവെന്ന് പ്രസ് കൗണ്‍സില്‍ വിലയിരുത്തി. മോഹനുവേണ്ടി അഡ്വ. പി വി ദിനേഷും മാതൃഭൂമിക്കുവേണ്ടി സനന്ദ് രാമകൃഷ്ണനും ഹാജരായി.

deshabhimani

No comments:

Post a Comment