Thursday, April 24, 2014

ഷാനിമോളുടെ പ്രസംഗം സുധീരന്‍ തടഞ്ഞു; ആക്ഷേപിച്ചു

കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ കെ സി വേണുഗോപാലിന്റെ സരിതബന്ധം ചോദ്യംചെയ്ത ഷാനിമോള്‍ ഉസ്മാനെ വി എം സുധീരന്‍ ഇടപെട്ട് തടഞ്ഞു. മുന്‍ എഐസിസി സെക്രട്ടറിയും ഒരു പതിറ്റാണ്ടിലേറെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന ഷാനിമോളെ കെപിസിസി പ്രസിഡന്റ് സുധീരന്‍ വ്യക്തിപരമായി ആക്ഷേപിക്കുകയുംചെയ്തു. കെപിസിസിയുടെ ചരിത്രത്തില്‍ ഒരു പ്രസിഡന്റും നടത്താത്ത രീതിയിലാണ് വനിതാ നേതാവിനെ സുധീരന്‍ ആക്ഷേപിച്ചത്.

സുധീരന്റെ ഇടപെടലും ഷാനിമോള്‍ക്ക് നല്‍കിയ മറുപടിയും കേട്ട് അംഗങ്ങള്‍ സ്തബ്ധരായി. ഷാനിമോള്‍ കെ സി വേണുഗോപാലിനെതിരെ പറയാന്‍ തുടങ്ങിയതോടെ യോഗഹാള്‍ പരിപൂര്‍ണ നിശബ്ദതയിലായിരുന്നു. ആരോപണം ഷാനിമോള്‍ അക്കമിട്ട് നിരത്താന്‍ തുടങ്ങിയതോടെ സുധീരന്‍ അധ്യക്ഷവേദിയില്‍ എഴുന്നേറ്റു നിന്നു. പ്രസംഗം നിര്‍ത്തി വേദിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായി പ്രസിഡന്റ് ഇടപെട്ടതോടെ ഷാനിമോള്‍ പ്രസംഗം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്നാണ് സുധീരന്റെ ആക്ഷേപം. എഐസിസിയുടെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ തന്റെ പേരുണ്ടായിരുന്നുവെന്ന് ഷാനിമോള്‍ പറഞ്ഞുനടക്കുന്നതായി സുധീരന്‍ കളിയാക്കി. ഡല്‍ഹിയില്‍നിന്ന് ഒരാളും ഷാനിമോളുടെ പേര് പറഞ്ഞില്ലല്ലോ? ഞാനും രമേശുമാണ് എഴുതിച്ചേര്‍ത്തത്. വേണമെങ്കില്‍ രമേശിനോട് ചോദിക്കൂ. ഡല്‍ഹിയിലെ പൊളിറ്റിക്സൊന്നും നിങ്ങള്‍ക്കറിയില്ല. രാഹുല്‍ഗാന്ധിയുടെ അടുത്ത ആളാണെന്ന് പറഞ്ഞുനടന്നതുകൊണ്ടൊന്നും സീറ്റ് കിട്ടില്ലെന്നും സുധീരന്‍ പരിഹസിച്ചു.

പ്രസംഗിക്കാന്‍ അവസരം കിട്ടിയെന്നു കരുതി അത് ദുരുപയോഗം ചെയ്യരുതെന്നും കെ സി വേണുഗോപാലിനെതിരായ പരാമര്‍ശത്തിന് മറുപടിയായി സുധീരന്‍ പറഞ്ഞു. യോഗത്തിന്റെ പരിമിതികള്‍ക്കകത്തുനിന്ന് മാത്രമാണ് ഷാനിമോള്‍ പ്രസംഗിച്ചതെന്നാണ് മറ്റ് നേതാക്കളുടെ നിലപാട്. പക്ഷേ, ആരും മിണ്ടിയില്ല. കഴിഞ്ഞ ഏഴെട്ടു മാസമായി ആലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയിലാണെന്ന് പറഞ്ഞാണ് ഷാനിമോള്‍ പ്രസംഗം തുടങ്ങിയത്. സിപിഐ എമ്മിനെ കുറ്റം പറയാന്‍ നമുക്ക് എന്തവകാശം. ചെറിയ പരാതികള്‍ ഉയര്‍ന്നപ്പോള്‍പോലും അവര്‍ നടപടി എടുത്തു. ഇവിടെ എന്തെല്ലാമാണ് കേള്‍ക്കുന്നത്. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതയ്ക്ക് കെ സി വേണുഗോപാലുമായി ബന്ധമുണ്ട്. ഇത് പാര്‍ടിതലത്തില്‍ അന്വേഷിക്കണമെന്നും ഷാനിമോള്‍ പറഞ്ഞതോടെ സുധീരന്‍ ക്രുദ്ധനായി എഴുന്നേല്‍ക്കുകയായിരുന്നുവെന്ന് അംഗങ്ങള്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റാകുന്നതുവരെ പെണ്‍വാണിഭത്തിനും സ്ത്രീപീഡനത്തിനുമെതിരെ ശക്തമായ നിലപാടെടുത്ത സുധീരന്റെ നിറംമാറ്റം നിര്‍വാഹക സമിതി അംഗങ്ങളെ അത്ഭുതപ്പെടുത്തി.

അതോടൊപ്പം ആരോപണമുന്നയിച്ച വനിതാ നേതാവിനെ അപഹസിച്ചതോടെ തുറന്നുകാട്ടപ്പെട്ടത് സുധീരന്റെ തനിനിറവും. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ അജയ് തറയിലും മന്ത്രി കെ ബാബുവും യോഗത്തില്‍ കൊമ്പുകോര്‍ത്തു. ബാര്‍ലൈസന്‍സ് നല്‍കരുതെന്ന് അജയ്തറയില്‍ പറഞ്ഞപ്പോള്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്നായിരുന്നു ബാബുവിന്റെ മറുപടി. കെ സി വേണുഗോപാലും എ എ ഷുക്കൂറും വെള്ളാപ്പള്ളിയെ വിമര്‍ശിച്ചതിന് ഡി സുഗതന്‍ മറുപടി നല്‍കിയപ്പോള്‍, സുഗതനെ ജോണ്‍സണ്‍ എബ്രഹാം രൂക്ഷമായി വിമര്‍ശിച്ചു. കണ്ണൂരില്‍ എല്ലാ കോണ്‍ഗ്രസുകാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നാണ് കെ സുധാകരനും കെ സുരേന്ദ്രനും സുമാ ബാലകൃഷ്ണനും യോഗത്തില്‍ പ്രസംഗിച്ചതെങ്കിലും പി രാമകൃഷ്ണനെതിരെ പരാതി എഴുതി നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, ഇടുക്കി, പൊന്നാനി, വയനാട് തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം അടിവാരല്‍ ഉണ്ടായെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.

എം രഘുനാഥ് deshabhimani

No comments:

Post a Comment