Thursday, April 24, 2014

മൂലവിഗ്രഹത്തിന്റെ ഭാഗങ്ങളും പുറത്തേക്ക് കടത്തി

ശ്രീപത്മനാഭസ്വാമിയുടെ മൂലവിഗ്രഹത്തിലെ കടുശര്‍ക്കരയോഗക്കൂട്ടിന്റെ ചിലഭാഗങ്ങള്‍ ക്ഷേത്രത്തിനു പുറത്തേക്ക് കടത്തി. പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്നു സ്വര്‍ണം കടത്തിയെന്ന കണ്ടെത്തല്‍ നിലനില്‍ക്കെയാണ് മൂലവിഗ്രഹത്തിന്റെ ചിലഭാഗങ്ങള്‍ പുറത്തേക്ക് കടത്തിയെന്ന വിവരവും പുറത്തായത്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ക്കകത്തും രസീത് കുറ്റികള്‍ക്കകത്തും നേര്‍ത്ത സ്വര്‍ണഷീറ്റുകള്‍ വച്ചുകടത്താനുള്ള ശ്രമവും അമിക്കസ്ക്യൂറി തടഞ്ഞു. 20 കോടിയിലേറെ രൂപയുടെ സ്വര്‍ണാഭരണം മൂല്യനിര്‍ണയത്തിന് നല്‍കിയില്ലെന്നും കണ്ടെത്തി. മൂലവിഗ്രഹത്തിലെ ചെവിയുടെ ഒരുഭാഗമാണ് പട്ടിനകത്ത് പൊതിഞ്ഞനിലയില്‍ ക്ഷേത്രത്തിനുള്ളില്‍നിന്ന് അമിക്കസ്ക്യൂറി കണ്ടെത്തിയത്. കടുശര്‍ക്കരയില്‍ നിര്‍മിച്ച കുണ്ഡലത്തിന്റെ ഒരു ഭാഗവും ഇതിലുണ്ടായിരുന്നു. ചെവിയുടെ അടര്‍ന്നുവീണ ഭാഗമാണ് ഇതെന്ന് കരുതുന്നു. ഇതില്‍ കര്‍പ്പൂരത്തിന്റെയും നെയ്യുടെയും പുകകൊണ്ട് കരിപിടിച്ചിരുന്നു. അതിനാല്‍ ഇത് വര്‍ഷങ്ങള്‍ പഴക്കമുള്ള കടുശര്‍ക്കരക്കൂട്ടാണെന്നാണ് നിഗമനം.

വിഗ്രഹത്തിന്റെ ചിലഭാഗങ്ങള്‍ വ്യാപാരികള്‍ക്കും ലഭിച്ചതായും വിവരമുണ്ട്. വിഗ്രഹത്തിന്റെ ഭാഗങ്ങള്‍ കിട്ടിയാല്‍ അത് ഭാഗ്യമാണെന്നു പറഞ്ഞ് വില്‍പ്പനടത്തിയതായും അമിക്കസ്ക്യൂറിക്ക് വിവരം ലഭിച്ചു. വിഗ്രഹത്തിന്റെ ഭാഗങ്ങള്‍ പുറത്തുപോയ സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നിട്ടില്ല. ഇതുസംബന്ധിച്ച് അമിക്കസ്ക്യൂറി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹത്തില്‍ വിള്ളല്‍ വന്നതിനാല്‍ അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിനിടയിലാകാം കടുശര്‍ക്കരക്കൂട്ട് പുറത്തുപോയതെന്ന് സംശയിക്കുന്നു. എന്നാല്‍, പണി തുടങ്ങുന്നതിനുമുമ്പ് വ്യാപാരികള്‍ക്കും ഇതിന്റെ ഭാഗങ്ങള്‍ ലഭിച്ചെന്നും പറയുന്നു.

ക്ഷേത്രത്തില്‍നിന്നു ലഭിച്ച വിഗ്രഹത്തിന്റെ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അമിക്കസ്ക്യൂറി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. പുതുതായി കണ്ടെത്തിയ അറയില്‍നിന്ന് ക്ഷേത്രത്തിന്റെ അനുഷ്ഠാനങ്ങളും കര്‍മങ്ങളും എന്ന പേരിലെ പുസ്തകത്തിന്റെ ഉള്ളില്‍നിന്ന് നേരിയ സ്വര്‍ണ ഷീറ്റുകളും കണ്ടെത്തി. വടക്കേനടയില്‍നിന്നുള്ള സ്വര്‍ണപ്പണിക്കാരന്റെ പണിപ്പുരയില്‍നിന്നാണ് ഈ പുസ്തകങ്ങള്‍ ലഭിച്ചത്. ഓരോ പുസ്തകത്തിന്റെയും പേപ്പറുകള്‍ക്കിടയില്‍ പത്തിലേറെ ഷീറ്റ് ഒളിപ്പിച്ചിരുന്നു. എ നിലവറയ്ക്ക് സമീപത്തുള്ള മറ്റൊരു അറയില്‍നിന്ന് സ്വര്‍ണ ഷീറ്റുകള്‍ നിറച്ച പുസ്തകങ്ങള്‍ ലഭിച്ചു. ഇതേ മുറിയില്‍നിന്ന് ക്ഷേത്രത്തിന്റെ രസീത് കുറ്റികള്‍ക്കിടയില്‍നിന്ന് സ്വര്‍ണഷീറ്റുകള്‍ ലഭിച്ചു. ഈ മുറിയില്‍നിന്ന് സ്വര്‍ണക്കട്ടികള്‍, സംഭാവന ലഭിച്ച സ്വര്‍ണ ചെയിന്‍, ലോക്കറ്റുകള്‍, ആള്‍രൂപങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. കിട്ടിയ സ്വര്‍ണം അമിക്കസ്ക്യൂറി സീല്‍ ചെയ്തു. രണ്ട് അറയില്‍നിന്നായി 20 കോടിയിലേറെ രൂപയുടെ സ്വര്‍ണാഭാരണം മൂല്യനിര്‍ണയസമയത്ത് നല്‍കാത്തതും ദുരൂഹമാണ്. അഞ്ഞൂറിലേറെയുള്ള സ്വര്‍ണക്കലശങ്ങളില്‍ ഭൂരിഭാഗവും പഴകിദ്രവിച്ചു. ക്ഷേത്രത്തിനകത്ത്നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാര്‍ത്താണ്ഡമഠം കൊട്ടാരവും തകര്‍ച്ചയുടെ വക്കിലാണ്.

വിജയ് deshabhimani

No comments:

Post a Comment