Thursday, April 24, 2014

ആഡംബരക്കാറുകള്‍ വാങ്ങിക്കൂട്ടി ധൂര്‍ത്ത്

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് മന്ത്രിമാര്‍ക്കും മറ്റുമായി പുതിയ ആഡംബരക്കാറുകള്‍ വാങ്ങിക്കൂട്ടി സര്‍ക്കാരിന്റെ ധൂര്‍ത്ത്. വിവിഐപികളുടെ യാത്രാസൗകര്യത്തിനെന്ന പേരില്‍ അഞ്ച് പുതിയ കാറാണ് മന്ത്രിമാര്‍ക്കായി വാങ്ങുന്നത്്. അതിനിടെ, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കുവേണ്ടി വാങ്ങിയ 14 ആഡംബരക്കാര്‍ ബുധനാഴ്ച കൈമാറി. സിഫ്റ്റ് ഡിസയര്‍ ഫുള്‍ ഓപ്ഷന്‍ കാറുകളാണ് വാങ്ങിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും നല്‍കാന്‍പോലും നെട്ടോട്ടമോടുമ്പോഴാണ് സര്‍ക്കാര്‍ ആഡംബരക്കാറുകള്‍ വാങ്ങുന്നത്. വിവിഐപികളുടെയും സംസ്ഥാനത്തിന്റെ അതിഥികളുടെയും സുരക്ഷിത സഞ്ചാരത്തിന് 20 പുതിയ കാര്‍ വാങ്ങണമെന്നാണ് ടൂറിസംവകുപ്പിന്റെ ആവശ്യം. 20 കാര്‍ ഒരുമിച്ചു വാങ്ങുന്നതിനെ ആദ്യം എതിര്‍ത്ത ധനവകുപ്പ്, ആദ്യഘട്ടമായി അഞ്ച് കാര്‍ വാങ്ങാന്‍ അനുമതി നല്‍കി. അഞ്ച് ടയോട്ട ഇന്നോവ കാര്‍ വാങ്ങാനുള്ള ഉത്തരവും പുറത്തിറക്കി.

പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കായി വാങ്ങിയ 14 സിഫ്റ്റ് ഡിസയര്‍ കാറിന്റെ താക്കോല്‍ദാനം ബുധനാഴ്ച ധനമന്ത്രി കെ എം മാണിയുടെ ചേംബറില്‍ അതീവ രഹസ്യമായാണ് നടത്തിയത്. മാധ്യമങ്ങളെ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. വിവരം അറിഞ്ഞ് ചാനല്‍ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും ദൃശ്യം പകര്‍ത്താന്‍ അനുവദിച്ചില്ല. സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചചെയ്ത് മന്ത്രിസഭായോഗം കഴിഞ്ഞതിനു തൊട്ടു പിന്നാലെയായിരുന്നു ആഡംബരക്കാറുകളുടെ കൈമാറ്റം എന്നതും കൗതുകമായി.

deshabhimani

No comments:

Post a Comment