Monday, April 21, 2014

സ്വര്‍ണ ഉരുപ്പടികള്‍ കൊട്ടാരത്തില്‍ എത്തിക്കണമെന്ന ഉത്തരവും വിവാദമാകുന്നു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണപ്പണികള്‍ ചെയ്തശേഷമുള്ള ഉരുപ്പടികള്‍ പട്ടം കൊട്ടാരത്തില്‍ എത്തിക്കണമെന്ന കൊട്ടാര അധികൃതരുടെ ഉത്തരവ് വിവാദമാകുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെയാണ് ഈ ഉത്തരവ് പുറത്തുവരുന്നത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പണികള്‍ നടത്തിയശേഷമുള്ള ബാക്കി ഉരുപ്പടികള്‍ പട്ടം കൊട്ടാരത്തില്‍ എത്തിക്കണമെന്ന് കാട്ടി പണിക്കാരന് കൊട്ടാര അധികൃതര്‍ ഉത്തരവ് നല്‍കിയിരുന്നു. 2008 ജനുവരി രണ്ടിനാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ ഉരുപ്പടികള്‍ കൊട്ടാരത്തിലെത്തിച്ചതായി ഭക്തജനങ്ങള്‍ പരാതിപ്പെടുന്നു. ഉരുപ്പടി കൊട്ടാരത്തില്‍ എത്തിക്കുന്നത് അനുഷ്ഠാനങ്ങളുടെ ഭാഗമായിട്ടാണെന്നാണ് പണിക്കാരന് നല്‍കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഉരുപ്പടികള്‍ പുറത്ത് കൊണ്ടുപോകുന്നതിനെ ജീവനക്കാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് അധികൃതര്‍ ഉത്തരവ് ഇറക്കാന്‍ നിര്‍ബന്ധിതമായത്. ഈ ഉത്തരവ് വാദിഭാഗം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അമികസ്ക്യൂറിയുടെ റിപ്പോര്‍ട്ടിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്. ഈ സ്വര്‍ണപ്പണിക്കാരനില്‍നിന്ന് അമിക്കസ്ക്യൂറി നേരിട്ട് മൊഴി എടുത്തിരുന്നു. കിഴക്കേകോട്ടയ്ക്ക് സമീപം ജ്വല്ലറി നടത്തുന്ന ഇയാളുടെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കൊട്ടാരവുമായി അടുപ്പമുള്ള ചിലര്‍ പെട്ടെന്ന് ജ്വല്ലറികള്‍ ആരംഭിച്ചതിനെക്കുറിച്ച് രഹസ്യാന്വേഷണം നടക്കുന്നതായും അറിയുന്നു.

ഇതിനിടെ ക്ഷേത്രത്തിലെ വെള്ളിക്കിണ്ണം കാണാതായതും വിവാദമാകുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ശ്രീകോവിലില്‍നിന്ന് വെള്ളിക്കിണ്ണം കാണാതായിരുന്നെന്നും വിവരം പുറത്തുവിടാതെ ചുമതലക്കാരനായ ശാന്തിക്കാരന്‍ പകരം കിണ്ണം ധനാഢ്യനായ ഭക്തനെകൊണ്ട് വാങ്ങിച്ച് വയ്ക്കുകയായിരുന്നു എന്നുമുള്ള വിവരമാണ് പുറത്തുവന്നത്. അന്ന് വെള്ളിക്കിണ്ണം ക്ഷേത്രത്തിന് നല്‍കിയ ആള്‍തന്നെയാണ് സംഭവം ഇപ്പോള്‍ പുറത്തറിയിച്ചത്. ഭക്തര്‍ക്ക് നിവേദ്യം നല്‍കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെള്ളിക്കിണ്ണമാണ് മൂന്ന് വര്‍ഷം മുമ്പ് കാണാതായത്. മൂലവിഗ്രഹത്തിലെ വിലമതിക്കാനാകാത്ത വെള്ളിക്കിണ്ണം കാണാതായിട്ടും വിവരം അധികാരികളെ ധരിപ്പിക്കാതെ മറ്റൊരു കിണ്ണം വാങ്ങിവച്ചതിലാണ് ദുരൂഹത. സംഭവം നടന്ന് മൂന്ന് വര്‍ഷമാകുമ്പോഴാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് വന്നസമയം വെള്ളിക്കിണ്ണവിവാദവും ഉയര്‍ന്നിട്ടുള്ളത്്. നഗരത്തിലെ ഒരു ജ്വല്ലറിയില്‍നിന്നാണ് ഈ കിണ്ണം നിര്‍മിച്ചത്. നിര്‍മിച്ച് നല്‍കിയ ആള്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. അന്ന് കിണ്ണം സൂക്ഷിപ്പിന്റെ ചുമതല വഹിച്ചിരുന്ന ശാന്തിക്കാരന്‍ ക്ഷേത്രത്തിലെ സ്ഥിരസന്ദര്‍ശകനായ ഭക്തനെക്കൊണ്ട് വെള്ളിക്കിണ്ണം നടയ്ക്കുവയ്പിക്കുകയായിരുന്നു. പഴയ കിണ്ണം കാണാതായപ്പോള്‍ ബന്ധപ്പെട്ടവര്‍ ഇരുചെവിയറിയാതെ പകരം കിണ്ണം വാങ്ങിപ്പിച്ച് വയ്ക്കുകയായിരുന്നു. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. കാണാതായ കിണ്ണത്തിന് പകരംവയ്ക്കാനായിരുന്നു തന്നെക്കൊണ്ട് പുതിയ കിണ്ണം നടയ്ക്ക് വയ്പിച്ചതെന്ന് അറിയില്ലായിരുന്നെന്ന് കിണ്ണം നല്‍കിയ ഭക്തനും വെളിപ്പെടുത്തിയിട്ടുണ്ട്.

deshabhimani

No comments:

Post a Comment