നാഗര്‍കോവില്‍: ആറാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട്ടിലെ ഫലം ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. 39 സീറ്റുകളിലേക്കും വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കും. യുപിഎയ്ക്കോ എന്‍ഡിഎയ്ക്കോ ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെ തമിഴ്നാട്ടിലെ പ്രബല ദ്രാവിഡ കക്ഷികളായ ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും നിലപാടുകള്‍ നിര്‍ണായകമാകും.
രണ്ട് കക്ഷികള്‍ക്കും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ആദ്യഘട്ടത്തില്‍ എല്ലാ സീറ്റും നേടുമെന്ന് അഹങ്കാരത്തോടെ പ്രഖ്യാപിച്ച മുഖ്യമന്ത്രി ജയലളിതയും വിയര്‍ക്കുകയാണ്. ആരു നേടുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത നില തമിഴ് രാഷ്ട്രീയത്തില്‍ അത്യപൂര്‍വുമാണ്. മുപ്പത്തൊമ്പത് സീറ്റിലും ദേശീയ-സംസ്ഥാന രാഷ്ട്രീയപാര്‍ടികളുടെ സ്ഥാനാര്‍ഥികള്‍തന്നെ ചതുഷ്കോണമോ പഞ്ചകോണമോ ഷഡ്കോണമോ അതില്‍കൂടുതലോ ആയി ഓരോ മണ്ഡലത്തിലും ഏറ്റുമുട്ടുന്ന അപൂര്‍വ കാഴ്ച രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയും വിപുലമായി ഉണ്ടാവാനിടയില്ല. അതിനു പുറമെ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെയും രജിസ്റ്റേര്‍ഡ് പാര്‍ടികളുടെയും ഉള്‍പ്പെടെയുള്ള തള്ളിക്കയറ്റം വേറെ. സംസ്ഥാന തലസ്ഥാനമായ ചെന്നൈ നഗരത്തിലെ ചെന്നൈ സൗത്ത് മണ്ഡലത്തില്‍ 42 സ്ഥാനാര്‍ഥികള്‍. എല്ലാ മണ്ഡലങ്ങളിലും ഒരു ഡസനിലേറെ സ്ഥാനാര്‍ഥികള്‍. കേരള മാതൃകയില്‍ അപരന്മാരെ "പരീക്ഷിക്കുന്" മണ്ഡലങ്ങളും ഏറെ. ഭരണകക്ഷിയായ എഐഎഡിഎംകെ 39 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ സിപിഐ എമ്മും സിപിഐയും ഒമ്പത് വീതവും ജനതാദള്‍ മൂന്ന് സീറ്റിലും മുന്നണിയായി മത്സരിക്കുന്നു. തിരുമാവളവന്റെ വിസികെ, മുസ്ലിംലീഗ്, മനിതനേയ മക്കള്‍ കക്ഷി, പുതിയ തമിഴകം എന്നീ പാര്‍ടികളാണ് ഡിഎംകെയോടൊപ്പം.
കാര്യമായ ജനപിന്തുണയില്ലാത്ത ബിജെപി ഇത്തവണ ഏഴ് പാര്‍ടികളുടെ മുന്നണിയായി തെരഞ്ഞെടുപ്പ് നേരിടുന്നു. വിജയകാന്തിന്റെ ഡിഎംഡികെ, എസ് രാമദാസിന്റെ പിഎംകെ, വൈകോയുടെ എംഡിഎംകെ, എസ്ആര്‍എം സര്‍വകലാശാല ചാന്‍സലര്‍ ടി ആര്‍ പച്ചമുത്തുവിന്റെ ഐജെകെ, കൊങ്ങുനാട് മക്കള്‍ ദേശീയകക്ഷി, പുതുച്ചേരിയിലെ ഭരണകക്ഷിയായ എന്‍ ആര്‍ കോണ്‍ഗ്രസ് എന്നിവരാണ് ബിജെപി സഖ്യത്തിലുള്ളത്. 2009ലെ തെരഞ്ഞെടുപ്പില്‍ ഡിഎംകെ 18 സീറ്റിലും എഐഎഡിഎംകെ ഒമ്പതു സീറ്റിലും വിജയിച്ചിരുന്നു. കോണ്‍ഗ്രസ് എട്ട് സീറ്റില്‍ ജയിച്ചപ്പോള്‍ സിപിഐ എം, സിപിഐ, വിസികെ, എംഡിഎംകെ എന്നീ പാര്‍ടികള്‍ ഓരോ സീറ്റിലുമായിരുന്നു വിജയിച്ചത്. ഡിഎംകെയുമായി മുന്നണിയായി മത്സരിച്ചതുകൊണ്ടാണ് അന്ന് കോണ്‍ഗ്രസിന് എട്ട് സീറ്റ് കിട്ടിയത്. ഡിഎംകെക്ക് 18ഉം. എന്നാല്‍, ഇത്തവണ കോണ്‍ഗ്രസും ഡിഎംകെയും വെവ്വേറെ മത്സരിക്കുന്നു. ബിജെപിയില്‍ നോട്ടമിട്ടാണ് ഡിഎംകെ കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞത്. 16 വര്‍ഷത്തിന് ശേഷമാണ് തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു സീറ്റില്‍പോലും പ്രതീക്ഷയില്ല. കാര്യമായി ഘടകകക്ഷികള്‍ ഇല്ലാത്തതിനാല്‍ ഡിഎംകെയ്ക്കും ചുരുക്കം സീറ്റിലേ പ്രതീക്ഷയുള്ളൂ. ഇടതുപക്ഷത്തിന്റെ പിന്തുണകൂടി ഇല്ലാതായതോടെ കഴിഞ്ഞ തവണ കിട്ടിയ ഒമ്പത് നിലനിര്‍ത്താന്‍ കഴിയുമോ എന്ന നെട്ടോട്ടത്തിലാണ് എഐഎഡിഎംകെ.
ബിജെപിക്കാകട്ടെ ഒരു സീറ്റിലും പ്രതീക്ഷയില്ല. ഇവിടെയാണ് സിപിഐ എമ്മും സിപിഐയും ജനതാദള്‍ എസും അടങ്ങുന്ന മുന്നണിയുടെ പ്രസക്തി. 30 മണ്ഡലങ്ങളിലെങ്കിലും ഇടതുപക്ഷവോട്ടുകള്‍ നിര്‍ണായകം. ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള 21 സീറ്റിലാണ് ഇടതുപക്ഷം മത്സരിക്കുന്നത്. ഈ 21 സീറ്റിലും ശക്തമായ മത്സരമാണ് ഇടതുപക്ഷം കാഴ്ചവയ്ക്കുന്നത്. മാധ്യമങ്ങള്‍ ബോധപൂര്‍വം ഇടതുപക്ഷത്തെ അവഗണിക്കുകയാണെങ്കിലും സ്ഥിതി അതല്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ കെ പത്മനാഭന്‍ "ദേശാഭിമാനി"യോട് പറഞ്ഞു. സിപിഐയും സിപിഐ എമ്മും ഒന്നിച്ച് ഇടതുപക്ഷമായി ഒറ്റയ്ക്ക് നില്‍ക്കുന്നതില്‍ ഇരുപാര്‍ടികളുടെയും പ്രവര്‍ത്തകരും അനുഭാവികളും വന്‍ ആവേശത്തിലാണ്. ഓരോ മണ്ഡലത്തിലും ഈ ആവേശം വിജയത്തിലേക്ക് കുതിക്കാന്‍ സഹായിക്കുമെന്നും സംസ്ഥാനത്ത് ഇടതുപ്രചാരണത്തിന് ചുക്കാന്‍ പിടിച്ച എ കെ പി പറഞ്ഞു. ചെന്നൈ നോര്‍ത്ത്, തഞ്ചാവൂര്‍, മധുര, വിരുദ്നഗര്‍, ദിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, കന്യാകുമാരി, വിഴുപുരം എന്നിവിടങ്ങളിലാണ് സിപിഐ എം മത്സരിക്കുന്നത്.
പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം യു വാസുകി മത്സരിക്കുന്ന ചെന്നൈ നോര്‍ത്തില്‍ ശക്തമായ പോരാട്ടമാണ്. സിറ്റിങ് സീറ്റായ കോയമ്പത്തൂരിലും മധുര, കന്യാകുമാരി തുടങ്ങിയ സീറ്റുകളിലും വിജയപ്രതീക്ഷയിലാണ്. സിപിഐ മത്സരിക്കുന്ന തിരുപ്പൂര്‍, കടലൂര്‍ ഉള്‍പ്പെടെയുള്ള സീറ്റുകളിലും വിജയക്കൊടി പാറിക്കാനാകുമെന്ന് ഇടതുപക്ഷം ഉറച്ചു വിശ്വസിക്കുന്നു. കോണ്‍ഗ്രസിലെ പ്രമുഖരാരും ഇത്തവണ മത്സരിക്കുന്നില്ലെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. കേന്ദ്രമന്ത്രിമാരായ പി ചിദംബരം, ജി കെ വാസന്‍, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ ജയന്തി നടരാജന്‍, തങ്കബാലു തുടങ്ങിയവര്‍ പരാജയഭീതിയില്‍ മാറി. ശിവഗംഗയില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരമാണ് സ്ഥാനാര്‍ഥി. അഴിമതി ആരോപണം നേരിടുന്ന മുന്‍ കേന്ദ്രമന്ത്രിമാരായ ദയാനിധി മാരന്‍ (സെന്‍ട്രല്‍ ചെന്നൈ), എ രാജ (നീലഗിരി) എന്നിവര്‍ ഇത്തവണയും ഡിഎംകെ സ്ഥാനാര്‍ഥികള്‍. ശ്രീപെരുമ്പത്തൂരില്‍നിന്ന് ലോക്സഭയിലെത്തിയ മുന്‍ മന്ത്രി ടി ആര്‍ ബാലു പരാജയഭീതിയെത്തുടര്‍ന്ന് തഞ്ചാവൂരിലേക്ക് മാറി. വൈകോ വിരുദനഗറില്‍നിന്നും പിഎംകെയുടെ അന്‍പുമണി രാംദാസ് ധര്‍മപുരിയില്‍നിന്നും ജനവിധി തേടുന്നു.
എം രഘുനാഥ് deshabhimani
No comments:
Post a Comment