കടകംപള്ളി ഭൂമിതട്ടിപ്പിനായി സലിംരാജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ പദവി ദുരുപയോഗിച്ചുവെന്ന് സിബിഐ . കേസില്‍ ഉന്നതതല ഗൂഢാലോചന നടക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ ഇടപ്പെടുകയും ചെയ്തതായും സിബിഐ തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഭൂമിതട്ടിപ്പുകേസില്‍ സലീംരാജിന്റെ ഭാര്യ ഷംസാദും പ്രതിയാണ്. റവന്യൂ ഉദ്യോഗസ്ഥ കൂടിയായ ഷംസാദിനെ 22-ാം പ്രതിയായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സലിംരാജ് 21-ാം പ്രതിയാണ്. സലിംരാജിന്റെ ഉന്നത ബന്ധങ്ങള്‍ കേസിനെ സ്വാധീനിച്ചു. ഇത് കേസന്വേഷണത്തെ തടസ്സപ്പെടുത്തി. ഗണ്‍മാന്‍ എന്ന പദവിയുപയോഗിച്ചാണ് റവന്യൂ ഉദ്യോഗസ്ഥരെ സ്വധീനിച്ചത്. ആദ്യഘട്ടത്തില്‍ കേസില്‍ കക്ഷിചേരാന്‍പോലും പലരും വിസമ്മതിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഭൂമിതട്ടിപ്പ് നടന്ന കാലയളവില്‍ കടകംപള്ളിയില്‍ വില്ലേജ് ഓഫസര്‍മാരായിരുന്നവര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും മറ്റുമായി 27 പേര്‍ക്കെതിരെയാണ് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ കടകംപള്ളി, ഉളിയറത്തുഴ എന്നിവിടങ്ങളിലെ നാല് വില്ലേജ് ഓഫീസര്‍മാരും ഉള്‍പ്പെടും. ഭൂമിതട്ടിപ്പിന് ഇരയായവര്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സലിംരാജിനെയും ഭൂമിതട്ടിപ്പുകാരെയും സംരക്ഷിക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. കേസന്വേഷണം പ്രഹസനമാക്കി. ഇരകള്‍ക്ക് കിടപ്പാടംപോലും നഷ്ടപ്പെടുന്ന സ്ഥിതിയായി. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് പുറപ്പെടുവിച്ച വിധിന്യായത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കടകംപള്ളിയില്‍ 450 കോടിയില്‍പ്പരം രൂപ വിലമതിക്കുന്ന 44.5 ഏക്കര്‍ ഭൂമിയാണ് തട്ടിയെടുത്തത്. ഇരുനൂറിലേറെ കുടുംബത്തിന് തലമുറകളായി അവകാശമുള്ള ഭൂമിയായിരുന്നു തട്ടിയെടുത്തത്. ഭൂമിതട്ടിപ്പിന് ഇരയായവര്‍ മാത്രമല്ല, കടകംപള്ളി വില്ലേജ് പരിധിയിലെ ജനങ്ങളാകെ ഭൂനികുതിപോലും അടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇപ്പോള്‍.
deshabhimani
No comments:
Post a Comment