Tuesday, April 22, 2014

ജനശ്രീ മിഷന്‍ കോടികള്‍ തട്ടി

തിരു: എല്‍ഐസി പദ്ധതിയായ മൈക്രോ ഇന്‍ഷുറന്‍സിന്റെ പോളിസി ഉടമകളില്‍നിന്ന് പിരിച്ചെടുത്ത കോടികള്‍ ജനശ്രീ മിഷന്‍ എല്‍ഐസിയില്‍ അടയ്ക്കാതെ തട്ടിയതായി പരാതി. എല്‍ഐസി മൈക്രോ ഇന്‍ഷുറന്‍സിന്റെ നോഡല്‍ ഏജന്‍സിയാണ് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ ചെയര്‍മാനായ ജനശ്രീ സുസ്ഥിര വികസന മിഷന്‍. പദ്ധതിയുടെ പേരില്‍ പാവപ്പെട്ട സ്ത്രീകളില്‍നിന്ന് പിരിച്ച തുക 2011ന് ശേഷം ജനശ്രീ എല്‍ഐസിയില്‍ അടച്ചിട്ടില്ല. ജില്ലകളില്‍ നിന്ന് ഏറ്റവും ചുരുങ്ങിയത് പതിനായിരം പേരെ പദ്ധതിയില്‍ ജനശ്രീ അംഗമാക്കിയിട്ടുണ്ട്.

മാസം 100 രൂപ കണക്കാക്കിയാല്‍ തന്നെ ഒരാളില്‍നിന്ന് 1200 രൂപ പിരിച്ചു. ഇതുപ്രകാരം ഒരു ജില്ലയില്‍ നിന്ന് 1.2 കോടി രൂപയും രണ്ടുവര്‍ഷത്തേക്ക് 2.4 കോടിയും ജനശ്രീ പോളിസി ഉടമകളില്‍നിന്ന് ശേഖരിച്ചു. 14 ജില്ലകളില്‍നിന്നുമാകുമ്പോള്‍ 33.6 കോടി എല്‍ഐസിയില്‍ അടയ്ക്കാതെ ജനശ്രീ മുക്കിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇത് ഏറ്റവും ചുരുങ്ങിയ കണക്കാണ്. 500 രൂപ അടച്ച വരിക്കാരാണ് കൂടുതലും.പോളിസി ഉടമകളില്‍നിന്ന് ശേഖരിക്കുന്ന തുക ജില്ലാ ജനശ്രീ ഓഫീസുകളില്‍ അടച്ച് ഏജന്റുമാര്‍ രസീത് വാങ്ങുകയാണ് പതിവ്. ഈ തുക അംഗങ്ങളുടെ പാസ്ബുക്കിലും ഏജന്റ് രേഖപ്പെടുത്തും.

ജനശ്രീ നേരിട്ടാണ് എല്‍ഐസി ഓഫീസില്‍ പണം അടയ്ക്കുന്നത്. 2008- 2009ല്‍ ആരംഭിച്ച പദ്ധതിയില്‍ ചേര്‍ന്നവര്‍ നൂറു രൂപ മുതല്‍ മുകളിലോട്ട് മാസം തോറും ഏജന്റിന് നല്‍കി. ഇക്കാര്യം പാസ്ബുക്കില്‍ ഏജന്റ് രേഖപ്പെടുത്തി നല്‍കുകയുംചെയ്തിട്ടുണ്ട്. എന്നാല്‍, ജനശ്രീ ഓഫീസുകളില്‍ മാസംതോറും ലഭിക്കുന്ന വന്‍തുക 2011 വരെയേ എല്‍ഐസിയില്‍ അടച്ചിട്ടുള്ളൂ. പണം എല്‍ഐസിയില്‍ അടയ്ക്കാതായതോടെ എല്‍ഐസി വാഗ്ദാനംചെയ്ത ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും പോളിസി ഉടമകള്‍ക്ക് നഷ്ടമായി. പരാതിയുള്ളവര്‍ക്ക് അടച്ച തുക വേണമെങ്കില്‍ മടക്കി നല്‍കാമെന്നാണ് ജനശ്രീ അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. പാവപ്പെട്ട സ്ത്രീകളെ തെരഞ്ഞുപിടിച്ച് അംഗമാക്കാന്‍ ജില്ലകള്‍തോറും നൂറുവീതം ഏജന്റുമാരെയും ജനശ്രീ നിയമിച്ചിരുന്നു. എട്ട് ശതമാനം കമീഷന്‍ വ്യവസ്ഥയിലായിരുന്നു നിയമനം.

മാസം നൂറോ അതിലധികമോ തുക നിക്ഷേപിക്കാവുന്ന പദ്ധതിയുടെ കാലയളവ് 10 വര്‍ഷമാണ്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 30,000 രൂപയും ബോണസ് തുകയും നല്‍കുമെന്ന് ഏജന്റുമാര്‍ വഴി പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ജനശ്രീ ഉറപ്പ് നല്‍കി. പോളിസി കാലയളവില്‍ ചികിത്സ ആവശ്യമായി വരികയോ അംഗവൈകല്യം, മരണം എന്നിവയിലേതെങ്കിലും സംഭവിക്കുകയോ ചെയ്താല്‍ പ്രത്യേക സാമ്പത്തിക സഹായം ലഭിക്കുമെന്നും പ്രചരിപ്പിച്ചിരുന്നു. അഞ്ച് വര്‍ഷം കഴിഞ്ഞ് ആവശ്യപ്പെട്ടാല്‍ അതുവരെ അടച്ച തുക തിരികെ നല്‍കുമെന്നും ഉറപ്പ് നല്‍കി. ഭരണസ്വാധീനവും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഉപയോഗിച്ചാണ് സംസ്ഥാനത്താകെ പദ്ധതിയില്‍വ്യാപകമായി അംഗങ്ങളെ ചേര്‍ത്തത്.

എസ് ഷംഷീര്‍ deshabhimani

No comments:

Post a Comment