Sunday, April 27, 2014

കടകംപള്ളി ഭൂമിതട്ടിപ്പ്: മുഖ്യമന്ത്രിയേയും പ്രതിചേര്‍ക്കണമെന്ന് വിഎസ്

തിരു: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയതായി സിബിഐ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൂടി പ്രതിചേര്‍ക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജും, അയാളുടെ ഭാര്യയും കേസില്‍ പ്രതികളാണ്. ഗണ്‍മാന്‍ എന്ന നിലയില്‍ ഉണ്ടായിരുന്ന സ്വാധീനമുപയോഗിച്ചാണ് ഇയാള്‍ റവന്യൂ അധികൃതരെയടക്കം വരുതിയില്‍ നിര്‍ത്തി ഭൂമി തട്ടിപ്പ് നടത്തിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും റവന്യൂ ഉദ്യോഗസ്ഥരും തമ്മില്‍ ഗൂഢാലോചന നടത്തിയതായി എഫ്ഐആറില്‍ പറയുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായുള്ള ഉന്നത ബന്ധമാണ് സലിംരാജിന് ഭൂമി തട്ടിപ്പ് നടത്താന്‍ സഹായകമായതെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്. പ്രതികളില്‍ ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും എഫ്ഐആര്‍ ചൂണ്ടിക്കാട്ടുന്നു. ഈവകകാര്യങ്ങള്‍കൊണ്ടാണ് ഈ തട്ടിപ്പു കേസില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറാവാതിരുന്നത്.

സാധാരണക്കാരെ കോടികളുടെ തട്ടിപ്പിന് വിധേയമാക്കിയ കേസില്‍ ഗൂഢാലോചന നടത്തിയതും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയ സാഹചര്യ ത്തില്‍ ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിയാനാവില്ല. ഈ പശ്ചാത്തലത്തില്‍ ഭൂമി തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കുകൂടി അന്വേഷിക്കാന്‍ തയ്യാറാകണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment