Wednesday, April 23, 2014

എല്‍എന്‍ജി ടെര്‍മിനലിലെ 2 സംഭരണികള്‍ പാട്ടത്തിന്

കൊച്ചി: പ്രവര്‍ത്തനശേഷിയുടെ അഞ്ചു ശതമാനംപോലും ഉപയോഗിക്കാനാകാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പുതുവൈപ്പിലെ പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനലില്‍ രണ്ട് സംഭരണടാങ്കുകള്‍ രണ്ടു വര്‍ഷത്തേക്ക് പാട്ടത്തിനു കൊടുക്കുന്നു. ആദ്യപടിയായി അന്താരാഷ്ട്രതലത്തില്‍ പ്രകൃതിവാതക വ്യാപാരികളില്‍നിന്ന് കമ്പനി അപേക്ഷ ക്ഷണിച്ചു. 30 വരെ അപേക്ഷ സ്വീകരിക്കും. മെയ് അവസാനത്തോടെയോ ജൂണ്‍ ആദ്യത്തോടെയോ തീരുമാനമാകുമെന്ന് പെട്രോനെറ്റ് അധികൃതര്‍ അറിയിച്ചു. പൊതുമേഖലാ കമ്പനികള്‍കൂടി ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം രൂപീകരിച്ച പെട്രോനെറ്റ് നഷ്ടം നികത്താന്‍ കൊച്ചിയിലെ സംഭരണികള്‍ പാട്ടത്തിനു നല്‍കുന്നത് ഭാവിയില്‍ ഈ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രവര്‍ത്തനശേഷി പൂര്‍ണമായി ഉപയോഗിക്കാനാകാത്തത്, സമയബന്ധിതമായി ഗെയിലിന്റെ പൈപ്പിടല്‍ മൂന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൂര്‍ത്തിയാകാതെ കിടക്കുന്നത്, ദീര്‍ഘകാല അന്താരാഷ്ട്ര കരാറുകളുണ്ടാക്കുന്നതില്‍ പെട്രോനെറ്റ് പരാജയപ്പെട്ടത് എന്നിവ മൂലമുണ്ടായ നഷ്ടമാണ് വാടകയ്ക്കു നല്‍കുന്നതില്‍ എത്തിനില്‍ക്കുന്നത്. പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ വിതരണശേഷിയുള്ള ടെര്‍മിനലിന്റെ 6-7 ശതമാനം മാത്രമാണ് തുടക്കത്തില്‍ ഉപയോഗിച്ചിരുന്നത്. ഫാക്ടും ബിപിസിഎലും മാത്രമാണ് പ്രകൃതിവാതകം എടുത്തിരുന്നത്. 40 ശതമാനത്തോളം വാതകം ബിപിസിഎലാണ് സ്വീകരിച്ചിരുന്നത്. 14-15 ശതമാനത്തോളം ഫാക്ടും. ഇപ്പോള്‍ അതുമില്ല. കൊച്ചിയിലെ പ്രധാനപ്പെട്ട വ്യവസായശാലകള്‍ക്ക് ആവശ്യമായ പ്രകൃതിവാതകം എത്തിക്കാനുള്ള ശ്രമത്തില്‍ ആദ്യഘട്ടത്തിലുള്ള 43 കിലോമീറ്റര്‍ പൈപ്പിടല്‍ മാത്രമാണ് ഗെയില്‍ പൂര്‍ത്തിയാക്കിയത്. രണ്ടാംഘട്ടത്തില്‍ 53 കിലോമീറ്റര്‍ ദൂരം പൈപ്പുകളുടെ വെല്‍ഡിങ് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിനിടെ കേരളത്തില്‍ പൈപ്പ്ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ സ്ഥല ഉടമകളുടെ എതിര്‍പ്പുമൂലം പൈപ്പിടല്‍ പൂര്‍ണമായും സ്തംഭിച്ച മട്ടാണ്. സ്ഥല ഉടമകളുടെ ആശങ്കകള്‍ പരിഹരിക്കാനോ ഗെയിലിനാവശ്യമായ ഭൂമി ഏറ്റെടുത്തുകൊടുക്കാനോ ഉള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നുമില്ല.

കര്‍ണാടകം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലായി ആകെ 879 കിലോമീറ്ററാണ് പൈപ്പിടേണ്ടത്. അതില്‍ 510 കിലോമീറ്ററും കേരളത്തിലാണ്. 4600 കോടി രൂപ മുതല്‍മുടക്കി സ്ഥാപിച്ച ടെര്‍മിനലിന് പ്രതിവര്‍ഷം 400 കോടി രൂപയുടെ പ്രവര്‍ത്തനച്ചെലവ് വേണ്ടിവരും. ടെര്‍മിനല്‍ മുഴുവന്‍ ശേഷിയോടെ വിനിയോഗിച്ചാല്‍ 640 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാമെന്നായിരുന്നു പ്രതീക്ഷ. ഉയര്‍ന്ന വിലയും പൈപ്പിടലിലെ അനിശ്ചിതത്വവുംമൂലം ഉപയോക്താക്കള്‍ ഓരോന്നായി എല്‍എന്‍ജിയെ തഴഞ്ഞതോടെ കമ്പനി നഷ്ടത്തിലേക്കു കാലൂന്നി. പ്രതിദിനം 88 ലക്ഷം രൂപയാണ് പെട്രോനെറ്റിന് നഷ്ടം. ഈ സ്ഥിതി തുടര്‍ന്നാല്‍ പ്രതിവര്‍ഷം 300 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.

മഞ്ജു കുട്ടികൃഷ്ണന്‍ deshabhimani

No comments:

Post a Comment