Thursday, April 24, 2014

നാറാത്ത് കേസ് മരവിപ്പിക്കല്‍: കെ സുധാകരന്റെ പേരില്‍ കേസെടുക്കണം-പി ജയരാജന്‍

കരിവെള്ളൂര്‍: നാറാത്തെ മുസ്ലിം മതതീവ്രവാദികളുടെ ആയുധപരിശീലന ക്യാമ്പ് സംബന്ധിച്ച കേസ് മരവിപ്പിച്ചതിന് കെ സുധാകരന്റെ പേരില്‍ പൊലീസ് കേസെടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന്‍ സുധാകരനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. പെരളം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം പുത്തൂര്‍ അമ്പലമൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 22 പേരാണ് തീവ്രവാദ ക്യാമ്പിലുണ്ടായിരുന്നത്. എന്നാല്‍ 21 പേരെ മാത്രമെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞുള്ളു. അന്ന് രക്ഷപ്പെട്ട ഒരു തീവ്രവാദിയെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. രാമകൃഷ്ണന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇതിനെ കൂറിച്ച് സമഗ്രാന്വേഷണം വേണം. മണല്‍മാഫിയയുമായിട്ടുള്ള സുധാകരന്റെ ബന്ധവും രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ ചെന്ന് എസ്ഐയെ ഭീക്ഷണിപ്പെടുത്തിയ സുധാകരന്റെ മണല്‍-മാഫിയ ബന്ധം നേരത്തെ പുറത്തായതാണ്.

സുധാകരന്‍ രാഷ്ട്രീയക്കാരനല്ലെന്നും രാഷ്ട്രീയ തട്ടിപ്പുക്കാരനാണെന്നും പറഞ്ഞ പി രാമകൃഷ്ണന് ഷോക്കേസ് നോട്ടീസ് നല്‍കിയതാണോ വി എം സുധീരന്റെ ആദര്‍ശ ധീരത. സരിതയുമായുള്ള കെ സി വേണുഗോപലിന്റെ ബന്ധം അന്വേഷിക്കണമെന്ന് പറഞ്ഞ ഷാനിമോള്‍ക്ക് താക്കീത് നല്‍കിയ കെപിസിസി പ്രസിഡന്റിന് ആദര്‍ശത്തെകുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ല. കേരളത്തില്‍ കോണ്‍ഗ്രസ് നില്‍ക്കുന്നത് ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും ചുമലില്‍ കയറിയാണ്. സ്വന്തംകാലില്‍ നില്‍ക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുഫലം വരുന്നതോടെ ഒന്നുമല്ലാതാകും. പണം കൊടുത്ത് വോട്ടുവാങ്ങുക എന്ന കോണ്‍ഗ്രസ് നയമാണ് ഓരോ മണ്ഡലത്തിലും നടന്നത്. രണ്ടരക്കോടി രൂപയാണ് ഓരോ മണ്ഡലത്തിലും നല്‍കിയത്. വന്‍കിട കോര്‍പ്പറേറ്റുകളുടെ സഹായത്തോടെ ഇന്ത്യയിലെ ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് ജയരാജന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment