Wednesday, April 23, 2014

പണിപ്പുരയില്‍നിന്ന് പിടിച്ചത് 86 കിലോ സ്വര്‍ണക്കട്ടി

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണപ്പണിക്കാരന്റെ പണിപ്പുരയില്‍നിന്ന് അമിക്കസ്ക്യൂറി പിടിച്ചെടുത്തത് 86 കിലോയിലധികം വരുന്ന സ്വര്‍ണക്കട്ടികള്‍. ഇത്രയും സ്വര്‍ണം പണിപ്പുരയില്‍ സൂക്ഷിച്ചത് എന്തിനെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ക്ഷേത്രം അധികൃതര്‍ക്ക് കഴിഞ്ഞില്ല. 1610ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന കോടികള്‍ വിലമതിക്കുന്ന ഇരവികുലശേഖരന്റെ തങ്കപ്രതിമ മുറിച്ചുമാറ്റിയതായും കണ്ടെത്തി. പ്രതിമയിരുന്ന അറയിലെ കോടികള്‍ വിലമതിക്കുന്ന മറ്റ് സ്വര്‍ണാഭരണങ്ങളും കാണാതായി.

ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള പണിപ്പുരയില്‍നിന്നാണ് അഞ്ചടി നീളവും മൂന്നടി വീതിയും വരുന്ന ഷീറ്റുരൂപത്തിലുള്ള സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തത്. സ്വര്‍ണപ്പണിക്ക് ആവശ്യമായ 25 ലക്ഷം രൂപ വിലമതിക്കുന്ന ജര്‍മന്‍ നിര്‍മിത യന്ത്രവും മുറിയിലുണ്ടായിരുന്നു. അമിക്കസ്ക്യൂറി പണിപ്പുര തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തുറക്കാന്‍ താക്കോലില്ലെന്നാണ് ക്ഷേത്രം അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് പൊലീസിനെ വിളിച്ച് മുറി പൊളിച്ച് കയറിയപ്പോഴാണ് സ്വര്‍ണക്കട്ടികള്‍ കണ്ടത്. ഈ മുറി വര്‍ഷങ്ങളായി തുറക്കാറില്ലെന്നാണ് ക്ഷേത്രം അധികൃതര്‍ അമിക്കസ്ക്യൂറിയോട് പറഞ്ഞത്. എന്നാല്‍, രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ രണ്ടുദിവസംമുമ്പ് സ്വര്‍ണപ്പണിക്കാരന്‍ മുറിയില്‍ കയറി പണി നടത്തിയതായി അറിഞ്ഞു. സ്വര്‍ണക്കട്ടികള്‍ അമിക്കസ്ക്യൂറി പിടിച്ചെടുത്ത് സീല്‍ ചെയ്തിട്ടുണ്ട്.

ഇരവികുലശേഖരന്റെ ഒരടിനീളമുള്ള തങ്കപ്രതിമയുടെ പീഠഭാഗമാണ് മുറിച്ചുമാറ്റിയത്. ക്ഷേത്രത്തിലെ നിത്യോപയോഗത്തിനുള്ള സാധനങ്ങളും ഭക്തര്‍ നല്‍കുന്ന സ്വര്‍ണമടക്കമുള്ള സംഭാവനകളുംസൂക്ഷിക്കുന്ന അറയിലാണ് തങ്കപ്രതിമ ഉണ്ടായിരുന്നത്. സ്വര്‍ണപ്പണിക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത് മുറിച്ചുമാറ്റാനാകില്ല. മുപ്പതുകൊല്ലത്തിനുള്ളില്‍ 500 കിലോയിലേറെ സ്വര്‍ണം ഈ അറയില്‍ കൊണ്ടുവന്നതായാണ് രജിസ്റ്ററിലുള്ളത്. എന്നാല്‍, രജിസ്റ്റര്‍ പ്രകാരമുള്ള സ്വര്‍ണാഭരണങ്ങള്‍ പലതും മുറിയില്‍ കണ്ടില്ല. ഇത് എന്തുചെയ്തു എന്ന ചോദ്യത്തിന് ക്ഷേത്രം അധികൃതര്‍ മറുപടിയും നല്‍കിയില്ല. പണിപ്പുരയിലും അറയിലുമുണ്ടായിരുന്ന സ്വര്‍ണശേഖരത്തിന്റെ വിവരം മൂല്യനിര്‍ണയസമയത്ത് മറച്ചുവച്ചതിനെ അമിക്കസ്ക്യൂറി വിമര്‍ശിച്ചിട്ടുണ്ട്.

deshabhimani

No comments:

Post a Comment