Friday, July 20, 2012

1000 ലീഗുകാര്‍ക്ക് ഉദ്യോഗദാനം


ഭൂമിദാനവും കോളജ്ദാനവും സ്‌കൂള്‍ദാനവും മാര്‍ക്ക്ദാനവും കൊണ്ട് കേരളത്തില്‍ കറുത്ത  ഭരണചരിത്രമെഴുതിയ മുസ്ലിംലീഗ് ആയിരം ലീഗുകാര്‍ക്ക് ഉദ്യോഗദാനവും നല്‍കുന്നു. ഇതിനുപറമേ സംസ്ഥാനത്തെ മുസ്ലിംപള്ളികള്‍ക്ക് ന്യൂനപക്ഷാവകാശങ്ങളേയും ആനുകൂല്യങ്ങളേയും കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ പ്രതിവര്‍ഷം അയ്യായിരം രൂപവീതം നല്‍കും.

ഖജനാവില്‍ നിന്ന് കോടികള്‍ മുസ്ലിംലീഗുകാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് സംബന്ധിച്ച ഉത്തരവ് പൊതുഭരണ (ന്യൂനപക്ഷ ക്ഷേമവകുപ്പ് പുറപ്പെടുവിച്ചുകഴിഞ്ഞു. സ.ഉ.(സാധാ)) നമ്പര്‍ 5001/2012 പൊതുഭരണ വകുപ്പ് എന്ന നമ്പരിലെ ഉത്തരവ് ഇക്കഴിഞ്ഞ ജൂണ്‍ 16 ന് ആണ് പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
മുസ്ലിംലീഗ് ഭരിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറില്‍ നിന്നും ഇക്കഴിഞ്ഞ നവംബര്‍ നാലിനും മെയ് 23 നും രണ്ട് കത്തുകള്‍ വാങ്ങിയശേഷമാണ് അതിന്മേല്‍ ലീഗ് ഭരിക്കുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പിനുവേണ്ടി പൊതുഭരണവകുപ്പ് ഈ ഉത്തരവിറക്കിയതെന്നും ഉത്തരവില്‍ നിന്നുതന്നെ വ്യക്തമാണ്.

ഇതനുസരിച്ച് ആയിരം പേരെയാണ് പ്രതിമാസം 4000 രൂപ വീതം ശമ്പളം നല്‍കി നിയമിക്കുക. എന്നാല്‍ ഉത്തരവില്‍ ശമ്പളം എന്നതിനുപകരം ഹോണറേറിയം എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. 40 ലക്ഷം രൂപയാണ് ഈയിനത്തില്‍ ഖജനാവില്‍ നിന്നും പ്രതിമാസം ചോര്‍ത്തിക്കൊടുക്കുന്നത്. ന്യൂനപക്ഷ ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് 5000 രൂപ വീതം 1000 മഹല്ല് ജമാഅത്തുകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും പ്രതിവര്‍ഷം 50 ലക്ഷം രൂപയാണ് ഈ ഉത്തരവിലൂടെ നല്‍കുക.

സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കളിലെത്താതെ പോകുന്നതിനാലാണ് 1000 പേരെ നിയമിക്കുന്നതും മഹല്ല്ജമാഅത്തുകള്‍ക്ക് ധനസഹായം നല്‍കുന്നതെന്നും ഉത്തരവില്‍ വിശദീകരിക്കുന്നു. ഉദ്യോഗദാനത്തിനും ജമാഅത്തുകള്‍ക്കുള്ള ധനസഹായത്തിനും ആവശ്യമായ തുക പദ്ധതി അടങ്കലുകളില്‍ നിന്നും വകമാറ്റി ചെലവുചെയ്യുമെന്ന സൂചനയും ഉത്തരവിലുണ്ട്.

ബോധവല്‍ക്കരണത്തിനു നിയമിക്കുന്ന പ്രൊമോട്ടര്‍മാരുടെ വിദ്യാഭ്യാസയോഗ്യത എസ് എസ് എല്‍ സിയാണ്. ഇവരെ ജനസംഖ്യാനുപാതികമായിരിക്കും പ്രവര്‍ത്തനപരിധി നിര്‍ണ്ണയിച്ച് നിയമിക്കുക. പ്രൊമോട്ടര്‍മാരായി നിയമിക്കപ്പെടുന്നവര്‍ ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളുടെ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക എന്നും ഉത്തരവില്‍ പറയുന്നു.
പത്രപരസ്യം നല്‍കി അപേക്ഷ ക്ഷണിച്ച് ടെസ്റ്റോ ഇന്റര്‍വ്യൂവോ നടത്തിയായിരിക്കും പ്രൊമോട്ടര്‍മാരെ നിയമിക്കുക. എന്നാല്‍ നിയമനത്തിന് മുസ്ലിംലീഗ് നേതൃത്വം ഇതിനകം പാര്‍ട്ടി പ്രവര്‍ത്തകരുടെ പട്ടികതന്നെ തയ്യാറാക്കിക്കഴിഞ്ഞുവെന്നും അറിയുന്നു. അതിനാല്‍ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റില്‍ നടത്തുന്ന എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും വെറും പ്രഹസനമാകുമെന്ന് ഇപ്പോള്‍ത്തന്നെ ഉറപ്പായിക്കഴിഞ്ഞു.

ഉദ്യോഗം നല്‍കുന്ന മുസ്ലിംലീഗുകാരുടെ ശമ്പളം വര്‍ഷംതോറും വര്‍ധിപ്പിക്കാനും ക്രമേണ അവരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥരാക്കാനുമുള്ള തിരക്കഥയും ഉത്തരവിനൊപ്പം തയ്യാറായിക്കഴിഞ്ഞുവെന്നും സൂചനയുണ്ട്. ന്യൂനപക്ഷങ്ങളെന്നാല്‍ മുസ്ലിംലീഗുകാര്‍ മാത്രമാണ് എന്നും ലീഗുകാരല്ലാതെ മറ്റൊരു മതന്യൂനപക്ഷവും കേരളത്തിലില്ലെന്നും ധ്വനിപ്പിക്കുന്ന ഈ ഉത്തരവ് വരുംനാളുകളില്‍ വന്‍വിവാദ കൊടുങ്കാറ്റായി വളരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
 (കെ രംഗനാഥ്)

മലപ്പുറത്ത് രണ്ട് സര്‍ക്കാര്‍ കോളജുകള്‍ മുസ്‌ലിം ലീഗ് സ്വന്തമാക്കി

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ നിരവധി സ്വകാര്യകോളജുകള്‍ തട്ടിയെടുത്തതിനു പുറമേ ബജറ്റില്‍ മലപ്പുറം ജില്ലക്കനുവദിച്ച  സര്‍ക്കാര്‍ കോളജുകളും മുസ്‌ലിം ലീഗ് വിഴുങ്ങുന്നു.

ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങാനിരുന്ന കോളജുകള്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ ഭാരവാഹികളായ  സ്വകാര്യട്രസ്റ്റുകളുടെ കീഴില്‍ എയ്ഡഡ് കോളജുകളാക്കാനാണ് കൊണ്ടു പിടിച്ച ശ്രമം നടക്കുന്നത്.  വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയിലും അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ മണ്ഡലമായ താനൂരിലുമാണ് പുതിയ സര്‍ക്കാര്‍ കോളജുകള്‍ തുടങ്ങാന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടായത്.

വേങ്ങരയിലെ കോളജ് യു ഡി എഫ് സര്‍ക്കാറിന്റെ പുതിയ ബജറ്റിലും താനൂരിലേത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഒടുവിലെ ബജറ്റിലുമാണ് പ്രഖ്യാപിച്ചത്.  ഈ രണ്ടിടങ്ങളിലും സ്വകാര്യവ്യക്തികള്‍ തട്ടിക്കൂട്ടിയ ട്രസ്റ്റുകളാണ് ഇപ്പോള്‍ കോളജ് തുടങ്ങാന്‍ ഓടിനടക്കുന്നത്. സര്‍ക്കാര്‍ കോളജുകള്‍ക്കു പകരം സര്‍ക്കാര്‍ എയ്ഡഡ് കോളജുകള്‍ തുടങ്ങാനാണ് പുതിയ നീക്കം. രണ്ടിടത്തും സ്വകാര്യട്രസ്റ്റുകള്‍ കോളജ് തുടങ്ങാനുള്ള കടലാസുജോലികളില്‍ വ്യാപൃതരാണ്. രണ്ടിടത്തും സര്‍ക്കാര്‍ മേഖലയില്‍  കോളജ് തുടങ്ങാന്‍ ഭൂമി ലഭ്യമല്ലെന്നാണ്  വിശദീകരണം. സര്‍ക്കാര്‍ മനസുവെച്ചാല്‍ നിരവധി ഏക്കര്‍ ഭൂമി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വേങ്ങര മണ്ഡലത്തിലെ ഊരകത്തും സമീപത്തുമായി കോളജിന്നായി ഏറ്റെടുക്കാന്‍ കഴിയും. താനൂരിലാകട്ടെ കാട്ടിലങ്ങാടിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ ഭൂമി ഉള്ളതായാണ് വിവരം. വേങ്ങരയില്‍ ലീഗ് പ്രാദേശിക നേതാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച  മലബാര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് കോളജിനു വേണ്ടി നീക്കം നടത്തുന്നത്.

യൂത്ത്‌ലീഗ് ഊരകം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മന്‍സൂര്‍കോയ തങ്ങള്‍, വേങ്ങര മണ്ഡലം കമ്മറ്റി പ്രസിഡന്റ് എം എം കുട്ടിമൗലവി എന്നിവരാണ് ഈ ട്രസ്റ്റിന്റെ ഭാരവാഹികള്‍.  കോളജ് പണിയാന്‍ ഊരകത്ത് 13 ഏക്കര്‍ ഭൂമിയും ട്രസ്റ്റ് തരപ്പെടുത്തിയതായി അറിയുന്നു. ലീഗ്-യൂത്ത് ലീഗ് നേതാക്കള്‍ക്കു പുറമേ മേഖലയിലെ പ്രമുഖ വ്യാപാരി വ്യവസായികളും ട്രസ്റ്റിലുണ്ട്. വേങ്ങരക്കനുവദിച്ച സര്‍ക്കാര്‍ കോളജിനെ സ്വകാര്യകോളജാക്കി മാറ്റുന്നതിനെതിരെ മുസ്‌ലിംലീഗില്‍ തന്നെ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയ ചിലരെ പിന്നീട് മലബാര്‍ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തി വായ അടപ്പിച്ചതായും പറയുന്നു. വേങ്ങരയിലെ കോളജ് സ്വകാര്യമേഖലയിലായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് ട്രസ്റ്റ് ഭാരവാഹികളുടെ പ്രകടനങ്ങള്‍. കാര്യങ്ങള്‍ ഇത്രയൊന്നും പുരോഗമിച്ചില്ലെങ്കിലും താനൂരിലെ സര്‍ക്കാര്‍  കോളജും റാഞ്ചാനാണ് ലീഗ് ശ്രമം നടത്തുന്നത്. എയ്ഡഡ് കോളജ് തുടങ്ങാന്‍ മണ്ഡലത്തിലെ ഒഴൂര്‍ കേന്ദ്രീകരിച്ച് സ്വകാര്യട്രസ്റ്റ് രൂപീകരിക്കുകയും കടലാസുജോലികള്‍ തുടങ്ങുകയും ചെയ്തിരുന്നു. എം ഇ എസും താനൂരില്‍ കോളജാരംഭിക്കാന്‍ സന്നദ്ധത വ്യക്തമാക്കിയതോടെ ട്രസ്റ്റ് ഭാരവാഹികള്‍ ഉള്‍വലിഞ്ഞ് രാഷ്ട്രീയസമ്മര്‍ദ്ദം ചെലുത്തി അനുമതി നേടിയെടുക്കാനുളള അണിയറ നീക്കങ്ങളില്‍ മുഴുകിയിരിക്കയാണ്.   കോളജുകള്‍ മുസ്‌ലിംലീഗ് വരുതിയിലാക്കുന്നതിനെതിരെ കെ എസ് യു ശക്തമായി പ്രതികരിച്ചു.

സര്‍ക്കാര്‍ കോളജുകള്‍ സര്‍ക്കാര്‍ മേഖലയില്‍ തന്നെ തുടങ്ങണമെന്നും അത് സ്വകാര്യമേഖയിലേക്ക് മാറ്റുന്നത് അനുവദിക്കില്ലെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്് അഡ്വ എം എം രോഹിത് ജനയുഗത്തോട് പറഞ്ഞു. മലപ്പുറം ജില്ലയില്‍ സ്‌കൂളുകളും കോളജുകളും വന്‍തോതില്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കാനും ഭരണം ഉപയോഗിച്ച് വിദ്യാഭ്യാസകച്ചവടം പച്ചപിടിപ്പിക്കാനും പഴുതുകള്‍ തിരയുകയാണ് മുസ്‌ലിംലീഗിലെ സമ്മര്‍ദ്ദലോബി.

കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനം, കോളേജ് ദാനം, മലപ്പുറം ജില്ലയിലെ നിരവധി സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കല്‍, വിദ്യാഭ്യാസവകുപ്പിലെ തന്ത്രപ്രധാന സ്ഥാനങ്ങളിലെല്ലാം സ്വന്തക്കാരെ കുടിയിരുത്തല്‍ തുടങ്ങി മുസ്‌ലിംലീഗിന്റെയും സില്‍ബന്തികളുടേയും ലാഭക്കൊതി മൂത്തുള്ള നടപടികളുടെ തുടര്‍ച്ചയാണ് ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ കോളജുകള്‍ തട്ടിയെടുക്കാനുള്ള ഗൂഢ നീക്കം.
(സുരേഷ് എടപ്പാള്‍)

janayugom 200712

1 comment:

  1. ഭൂമിദാനവും കോളജ്ദാനവും സ്‌കൂള്‍ദാനവും മാര്‍ക്ക്ദാനവും കൊണ്ട് കേരളത്തില്‍ കറുത്ത ഭരണചരിത്രമെഴുതിയ മുസ്ലിംലീഗ് ആയിരം ലീഗുകാര്‍ക്ക് ഉദ്യോഗദാനവും നല്‍കുന്നു. ഇതിനുപറമേ സംസ്ഥാനത്തെ മുസ്ലിംപള്ളികള്‍ക്ക് ന്യൂനപക്ഷാവകാശങ്ങളേയും ആനുകൂല്യങ്ങളേയും കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ പ്രതിവര്‍ഷം അയ്യായിരം രൂപവീതം നല്‍കും.

    ReplyDelete