സര്‍വകലാശാലാനിയമങ്ങള്‍ (ഭേദഗതി) ബില്ലും സഹകരണ സംഘം ഭേദഗതി ബില്ലും നിയമസഭ പാസാക്കി. സര്‍വകലാശാലകളുടെ ജനാധിപത്യം കവരുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയശേഷമാണ് നിയമഭേദഗതി പാസാക്കിയത്. സര്‍വകലാശാല സിന്‍ഡിക്കറ്റുകള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ഇറക്കിയ ഓര്‍ഡിനന്‍സുകള്‍ക്കുപകരമായാണ് ബില്‍ പാസാക്കിയത്.
കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കറ്റില്‍ വിദ്യാര്‍ഥി പ്രതിനിധിയെ ഉള്‍പ്പെടുത്തല്‍, കോര്‍പറേറ്റ് മാനേജുമെന്റുകള്‍ക്ക് കീഴിലെ കോളേജ് അധ്യാപകരുടെ അന്തര്‍സര്‍വകലാശാലാ സ്ഥലംമാറ്റത്തിനുള്ള വ്യവസ്ഥ, കേരള, കണ്ണൂര്‍, എംജി, ശങ്കരാചാര്യ സര്‍വകലാശാലകളിലെ സിന്‍ഡിക്കറ്റിലേക്ക് ഉന്നത വിദ്യാഭ്യാസമേഖലയുടെ പ്രാതിനിധ്യം, ശങ്കരാചാര്യ സിന്‍ഡിക്കറ്റിലും നിലവിലുണ്ടായിരുന്ന വിദ്യാര്‍ഥി പ്രതിനിധിക്കുപകരം ബിരുദാനന്തരബിരുദവിദ്യാര്‍ഥിയെ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ നിര്‍ദേശങ്ങളാണ് നിയമത്തിലുള്ളത്.
സര്‍വകലാശാലകളെ കച്ചവടകേന്ദ്രങ്ങളാക്കിമാറ്റാനുള്ള നീക്കമാണ് നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ നടത്തുന്നതെന്ന് ബില്ലിന്മേല്‍ വിയോജനം രേഖപ്പെടുത്തി ടി വി രാജേഷ് പറഞ്ഞു. ജനാധിപത്യം തകര്‍ത്ത് സര്‍വകലാശാലകളെ സര്‍ക്കാര്‍ വകുപ്പാക്കിമാറ്റാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും രാജേഷ് പറഞ്ഞു. ബില്‍ പൊതുജനസമക്ഷം ചര്‍ച്ചയ്ക്ക് വയ്ക്കണമെന്ന് പി ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലകളുടെ സിന്‍ഡിക്കറ്റിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ നേതൃത്വത്തില്‍ കൂട്ടുകച്ചവടമാണ് നടക്കുന്നത്. സിന്‍ഡിക്കറ്റ് അംഗങ്ങളുടെ കുടുംബ ട്രസ്റ്റുകള്‍ക്കുപോലും കോളേജ് അനുവദിക്കുന്നു. സെനറ്റും സിന്‍ഡിക്കറ്റും ഇല്ലാതാക്കി സര്‍വകലാശാലകളെ ആജ്ഞാനുവര്‍ത്തികളാക്കാനാണ് ശ്രമമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ജനാധിപത്യമാര്‍ഗത്തിലൂടെ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്മാരെപോലും ഒഴിവാക്കുന്ന സര്‍ക്കാരിന്റെ ജനാധിപത്യധ്വംസനം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ഇറങ്ങിപ്പോകുംമുമ്പ് സി ദിവാകരന്‍ പറഞ്ഞു. ജില്ലാ സഹകരണബാങ്കുകളുടെ ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫ് തയ്യാറാക്കിയ സഹകരണ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് പാസാക്കിയത്. പ്രതിപക്ഷം ശക്തമായി എതിര്‍ത്തിട്ടും സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണപക്ഷം ബില്‍ പാസാക്കുകയായിരുന്നു. കടലാസ് സംഘങ്ങളടക്കം എല്ലാ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും ജില്ലാ ബാങ്കില്‍ വോട്ടവകാശം നല്‍കുന്ന ഭരണഘടനാഭേദഗതിക്കാണ് അംഗീകാരം നല്‍കിയത്. സഹകരണപ്രസ്ഥാനത്തിന്റെ ജനാധിപത്യപരമായ ഉള്ളടക്കം തകര്‍ക്കുന്നതാണ് ഭേദഗതിയെന്ന് ബില്ലിന്മേല്‍ വിയോജനം രേഖപ്പെടുത്തി കെ കെ നാരായണന്‍ പറഞ്ഞു. നാമമാത്ര സംഘങ്ങളെ ഉള്‍പ്പെടുത്തി ജില്ലാ സഹകരണ ബാങ്കുകളുടെ ജനാധിപത്യം ഇല്ലാതാക്കുന്നു. 40 വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ സംഘങ്ങളെപ്പോലും പുനരുജ്ജീവിപ്പിച്ച് ജില്ലാ ബാങ്കുകള്‍ പിടിച്ചെടുത്ത കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അതേ നയമാണ് ഇപ്പോഴും നടപ്പാക്കുന്നതെന്ന് നാരായണന്‍ പറഞ്ഞു.
deshabhimani 200712
No comments:
Post a Comment