Friday, July 20, 2012

കോടികളുടെ ഭൂമി തട്ടിയെടുക്കാനുള്ള മന്ത്രിപ്പടയുടെ പദ്ധതി പൊളിഞ്ഞു


അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം കോടിക്കണക്കിനു രൂപ വിലവരുന്ന സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള തൊഴില്‍മന്ത്രി ഷിബുബേബി ജോണിന്റെ രഹസ്യനീക്കങ്ങള്‍ പൊളിഞ്ഞു.

തന്റെ പിതാവും മുന്‍മന്ത്രിയുമായ അന്തരിച്ച ബേബി ജോണിന്റെ പേരില്‍ ബേബിജോണ്‍ ഫൗണ്ടേഷന്‍ എന്ന കടലാസു സംഘടന രൂപീകരിച്ചാണ് നിര്‍ധന വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചാക്ക ഗവണ്‍മെന്റ് എല്‍ പി എസിന്റെ 20 സെന്റ് ഭൂമി അടിച്ചെടുക്കാനുള്ള തന്ത്രമാണ് റവന്യൂ വകുപ്പ് പൊളിച്ചത്.

ബേബിജോണ്‍ ഫൗണ്ടേഷനില്‍ ഒരു മന്ത്രിപ്പടയെത്തന്നെ കുത്തിനിറയ്ക്കാനും മന്ത്രിഷിബു ബേബിജോണ്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് ഫൗണ്ടേഷന്‍ സംബന്ധിച്ച രേഖകള്‍ വ്യക്തമാക്കുന്നു. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്, വനം മന്ത്രി ഗണേഷ്‌കുമാര്‍, പഞ്ചായത്ത്-സാമൂഹ്യക്ഷേമ മന്ത്രി എം കെ മുനീര്‍ എന്നിവര്‍ അംഗങ്ങളായ ഫൗണ്ടേഷന്റെ ഭൂമിതട്ടിപ്പു സംബന്ധിച്ച ഫയലുകള്‍ അതീവ രഹസ്യാമായാണ് നീങ്ങിയത്.

ഫൗണ്ടേഷനുവേണ്ടി ഭൂമിദാനത്തിനുള്ള അപേക്ഷ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനു സമര്‍പ്പിച്ചത് വനംമന്ത്രി ഗണേഷ്‌കുമാറായിരുന്നു. ഈ അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മീപത്തെത്തിയതോടെ ഭൂമി അടിച്ചു മാറ്റുന്നതിനുള്ള ഗൂഢാലോചനയ്‌ക്കെതിരെ കുരുക്കുവീണു.

സ്‌കൂളിന് ആകെയുള്ള 1.36 ഏക്കര്‍ ഭൂമിയില്‍ മനുഷ്യവിഭവശേഷി കേന്ദ്രത്തിന് അരയേക്കര്‍ ഭൂമിനല്‍കിയെന്നും ശേഷിക്കുന്ന ഭൂമി സ്‌കൂളിന് അപര്യാപ്തമാണെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ തടസ്സവാദം ഉന്നയിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങളനുസരിച്ച് ഒരു പ്രൈമറി സ്‌കൂളിന് ഒരേക്കര്‍ ഭൂമിയെങ്കിലും ഉണ്ടായിരിക്കണം.

ഇതില്‍ 50 സെന്റ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മനുഷ്യവിഭവശേഷി വികസന ഇന്‍സ്റ്റിറ്റിയൂട്ടിന് അരയേക്കര്‍ നല്‍കിയശേഷമുള്ള ഭൂമി ഒരേക്കര്‍ തികച്ചില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ വിദ്യാഭ്യാസ ചട്ടങ്ങള്‍ ലംഘിച്ചു ഭൂമിദാനം നടത്തിയാല്‍ അതുവിവാദമാകുമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ രേഖകളില്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു. ഇക്കാര്യം അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയെ നേരിട്ടുകണ്ട് അറിയിച്ചിരുന്നുവെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് വൃത്തങ്ങളില്‍ നിന്ന് അറിവായി.

എന്നാല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ തടസവാദങ്ങള്‍ അവഗണിച്ച് ജൂണ്‍ അവസാനം ചേര്‍ന്ന മന്ത്രിസഭായോഗം മന്ത്രിപ്പടയുടെ ഫൗണ്ടേഷന് ഭൂമി സൗജന്യമായി ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഈ മന്ത്രിസഭായോഗത്തില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പങ്കെടുത്തിരുന്നില്ലെന്നാണ് അറിവ്. എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടുള്ളതായിരുന്നു മന്ത്രിസഭാ തീരുമാനം. സര്‍ക്കാര്‍ ഭൂമി ഒരു വകുപ്പിനും റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് ബന്ധപ്പെട്ട ചട്ടങ്ങള്‍ വ്യവസ്ഥചെയ്തിട്ടുണ്ട്.

എല്ലാ രഹസ്യ നീക്കങ്ങള്‍ക്കും ഒടുവിലാണ് കോടികളുടെ ഈ ഭൂമിതട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരം റവന്യൂ വകുപ്പ് അറിയുന്നത്. നിയമവിരുദ്ധമായ ഈ ഭൂമിദാനം റദ്ദാക്കാനുള്ള നടപടികള്‍ ഇതോടെ റവന്യൂവകുപ്പ് ആരംഭിച്ചുകഴിഞ്ഞു. മന്ത്രിപ്പടയുടെ ഫൗണ്ടേഷന് ഭൂമിദാനം ചെയ്ത ഉത്തരവ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റദ്ദാക്കുമെന്നും റവന്യൂവകുപ്പ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ റവന്യൂ വകുപ്പിന്റെ ഈ നീക്കങ്ങള്‍ക്കെതിരേ 'ഫൗണ്ടേഷന്‍ മന്ത്രിമാര്‍' അടുത്ത മന്ത്രിസഭായോഗത്തില്‍ എതിര്‍നീക്കങ്ങള്‍ നടത്താനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. എന്നാല്‍ ഇത്തരമൊരു വന്‍ ഭൂമിവിവാദത്തില്‍ തലയിട്ട് കുടുക്കിലാകാന്‍ താന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് റവന്യൂ മന്ത്രിയെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

പുസ്തക വിതരണം: അഴിമതിക്ക് സര്‍ക്കാര്‍ ഒത്താശ

കാസര്‍കോട്: നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ പാഠപുസ്തകമെന്ന ആനുകൂല്യം നിഷേധിച്ച് സ്വകാര്യ പുസ്തക കമ്പനികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ കച്ചവടത്തിന് വഴിയൊരുക്കി സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ഒന്നുമറിയില്ലെന്ന ഭാവത്തില്‍ വിദ്യാഭ്യാസ മന്ത്രിയും.  പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ  സംസ്ഥാനത്തെ  ഗവണ്‍മെന്റ്, എയ്ഡഡ് വിദ്യാലയങ്ങളില്‍ രണ്ട് ഡിവിഷന്‍ മലയാളം മീഡിയം നിലവിലുണ്ടെങ്കില്‍  ഒരു ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുവാന്‍ സര്‍ക്കാര്‍ നേരത്തേ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളിലേക്കുള്ള പുസ്തക വിതരണത്തിനാണ്  സ്വകാര്യ പുസ്തക കമ്പനികള്‍ക്ക് സര്‍ക്കാര്‍ മൗനാനുവാദത്തോടെ  അവസരമൊരുക്കിയത്.

 സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകളില്‍ സംസ്ഥാനത്ത് പൊതുവായി ഒരു പാഠ്യപദ്ധതി മാത്രമേ നിലവിലുള്ളു. അതുകൊണ്ടുതന്നെ  ഇംഗ്ലീഷ് മീഡിയം സമാന്തര ഡിവിഷനുകളില്‍ അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലേക്ക് വിദ്യാഭ്യാസ വകുപ്പിന്റെ മലയാള പാഠപുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്താണ് ഉപയോഗിക്കുന്നത്. ഈ പുസ്തകങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് എട്ടാംക്ലാസ് വരെ സൗജന്യമായി നല്‍കുന്നുണ്ട്. എന്നാല്‍ ഇംഗ്ലീഷ് മീഡിയത്തിലുള്ള ലോവര്‍ പ്രൈമറി ക്ലാസുകളിലേക്ക്  വിദ്യാഭ്യാസ വകുപ്പ് സ്വന്തമായി പുസ്തകം അച്ചടിച്ചു നല്‍കുന്നില്ല.  അതാത് സ്‌കൂളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ള സ്വകാര്യ പുസ്തക കമ്പനികളായ പി സി എം, ഹോളിഫെയിത്ത്, ന്യൂ ജ്യോതി തുടങ്ങിയവയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ കുട്ടികളെ നിര്‍ബന്ധിക്കുകയാണ്.  ഇതോടെ  സ്‌കൂളുകള്‍ക്ക് കമ്മിഷന്‍ നല്‍കി പുസ്തകം വിതരണം ചെയ്യാന്‍ പല കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്.

സ്വകാര്യ കമ്പനികളുടെ പുസ്തകങ്ങള്‍ 300 രൂപ മുതല്‍ 600 രൂപ വരെ ചെലവാക്കിയാണ് ഓരോ വിദ്യാര്‍ഥിയും  വാങ്ങേണ്ടത്. ഈ  പുസ്തകങ്ങള്‍ക്ക് 40 ശതമാനം വരെ സ്‌കൂളുകള്‍ക്ക് കമ്മിഷന്‍ നല്‍കുന്നതായും  ഇതിന് ചില അധ്യാപകര്‍ കൂട്ടുനില്‍ക്കുന്നതായും പറയപ്പെടുന്നു. ഇതിലൂടെ സ്വകാര്യ പുസ്തക കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ കച്ചവടത്തിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍.  പല സ്‌കൂളുകളിലും വ്യത്യസ്ത കമ്പനികളുടെ പുസ്തകങ്ങളാണ് പഠിപ്പിക്കുകയെന്നതാണ് മറ്റൊരു വസ്തുത.

സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള രക്ഷിതാക്കള്‍ അധ്യയന വര്‍ഷത്തിനിടെ സ്ഥലംമാറി പോകേണ്ടി വന്നാല്‍ കുട്ടികളെ മറ്റു സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ പുസ്തകങ്ങള്‍ മാറ്റി വാങ്ങേണ്ട അവസ്ഥയുമുണ്ട്.സ്വകാര്യ കമ്പനികളുടെ പാഠപുസ്തകങ്ങള്‍ വാങ്ങുവാന്‍ നിര്‍ബന്ധിതരാകുന്ന കുട്ടികള്‍ക്ക് പ്രൈമറി തലത്തിലെ മറ്റു കുട്ടികള്‍ക്ക് ലഭിക്കുന്ന സൗജന്യ പാഠപുസ്തകം എന്ന ആനുകൂല്യം നിഷേധിക്കപ്പെടുന്നുവെന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്ന കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരന്റെ ചോദ്യത്തിന് ശ്രദ്ധയില്‍പെട്ടിട്ടില്ല എന്ന മറുപടിയാണ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ് കഴിഞ്ഞ ദിവസം നിയമസഭയില്‍ നല്‍കിയത്. ഇത് പരിഹരിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ എന്ന എം എല്‍ എയുടെ ചോദ്യത്തിന് ബാധകമല്ലെന്നുമായിരുന്നു  മന്ത്രിയുടെ  വിശദീകരണം. ഇതിലൂടെ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും സ്വകാര്യ പുസ്തക കമ്പനികള്‍ക്ക് കച്ചവടത്തിന് സാഹചര്യമൊരുക്കുകയാണെന്ന് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്.

janayugom news

1 comment:

  1. അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം കോടിക്കണക്കിനു രൂപ വിലവരുന്ന സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള തൊഴില്‍മന്ത്രി ഷിബുബേബി ജോണിന്റെ രഹസ്യനീക്കങ്ങള്‍ പൊളിഞ്ഞു.

    ReplyDelete