Friday, July 20, 2012

മനേസറില്‍ നൂറോളം തൊഴിലാളികള്‍ അറസ്റ്റില്‍;സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം: സിഐടിയു


മനേസറിലെ മാരുതി സുസുക്കി പ്ലാന്റില്‍ തൊഴില്‍ സംഘര്‍ഷത്തിനിടെ കമ്പനി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് നൂറോളം തൊഴിലാളികളെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വന്‍ തെരച്ചിലാണ് പൊലീസ് നടത്തിയത്. കമ്പനി മാനേജ്മെന്റും തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് ഹ്യൂമന്‍ റിസോഴ്സ് ജനറല്‍ മാനേജര്‍ അവനീഷ്കുമാര്‍ദേവ് ആണെന്ന് തിരിച്ചറിഞ്ഞു. അക്രമസംഭവങ്ങളില്‍ അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊലപാതകം, കൊലപാതകശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് തൊഴിലാളികളെ അറസ്റ്റ് ചെയ്തതതെന്ന് ഹരിയാന വ്യവസായമന്ത്രി രണ്‍ദീപ്സിങ് സുര്‍ജേവാല അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗുഡ്ഗാവ് അസിസ്റ്റന്റ് പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് 1200 പൊലീസുകാരെ നിയോഗിച്ചതായി ഡിസിപി മഹേശ്വര്‍ ദയാല്‍ പറഞ്ഞു.

ഒരു തൊഴിലാളിയെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് തൊഴിലാളികളും മാനേജ്മെന്റുമായി നടന്ന ചര്‍ച്ചയാണ് ബുധനാഴ്ച വൈകിട്ട് സംഘര്‍ഷത്തില്‍ കലാശിച്ചത്. മാനേജ്മെന്റ് തങ്ങള്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടതായി തൊഴിലാളികള്‍ പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് കുറ്റക്കാരെ ശിക്ഷിക്കണമെന്നും അതുവരെ ജോലിയില്‍ പ്രവേശിക്കില്ലെന്നുമാണ് തൊഴിലാളികളുടെ നിലപാട്. എന്നാല്‍, സൂപ്പര്‍വൈസറെ തൊഴിലാളി അടിച്ചെന്ന് മാനേജ്മെന്റ് ആരോപിച്ചു. കമ്പനി അടച്ചുപൂട്ടിയതതായും ഉല്‍പ്പാദനം നടത്തില്ലെന്നും മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) അധികൃതര്‍ അറിയിച്ചു.

മനേസറിലുണ്ടായ സംഭവത്തില്‍ സിഐടിയു നടുക്കവും ആശങ്കയും പ്രകടിപ്പിച്ചു. അക്രമസംഭവങ്ങളെക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. തൊഴിലാളികളെ വിവേചനപരമായി അറസ്റ്റ് ചെയ്യുന്നതും തൊഴിലാളികളുടെ കോളനികള്‍ നശിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. തൊഴിലാളികളെയും യൂണിയനുകളെയും അപകീര്‍ത്തിപ്പെടുത്താന്‍ ഏജന്റുമാരെ നിയോഗിച്ചിട്ടുണ്ടെന്ന് തൊഴിലാളി യൂണിയന്‍ ആവര്‍ത്തിച്ച് പരാതിപ്പെട്ടിരുന്നു. മാനേജ്മെന്റുമായി ചര്‍ച്ച നടത്തുന്നതിനിടെ തൊഴിലാളികളെയും നേതാക്കളെയും നേരിടാന്‍ ഗുണ്ടകളെ നിയോഗിച്ചതായും യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെ മര്‍ക്കടമുഷ്ടിയെയും അടിച്ചമര്‍ത്തലിനെയും നേരിട്ട് മുന്‍കാലത്ത് തൊഴിലാളികള്‍ നടത്തിയ സമരം ഒരിക്കലും അക്രമത്തിലേക്ക് തിരിഞ്ഞിട്ടില്ല. ആറുമാസം നീണ്ടുനിന്ന സമരത്തിനിടെ ആയിരക്കണക്കിനു തൊഴിലാളികള്‍ ഒരു മാസത്തിലേറെ രാവും പകലും പ്ലാന്റിനകത്ത് ചെലവഴിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെയും അവരുടെ വാടക ഗുണ്ടകളുടെയും പ്രകോപനം ഉണ്ടായിട്ടും അന്നൊന്നും തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഒരൊറ്റ അക്രമസംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. അതിനാല്‍, കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുടെ കാരണക്കാരായി തൊഴിലാളികളെ മുദ്ര കുത്തരുതെന്നും അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും സിഐടിയു ആവശ്യപ്പെട്ടു.
(പി വി അഭിജിത്ത്)

deshabhimani 200712

No comments:

Post a Comment