Friday, July 20, 2012

ഇന്നത്തെ ഷവര്‍മ നാളത്തെ കട്‌ലറ്റ്


പെരിന്തല്‍മണ്ണ: പഴകിയ ഷവര്‍മയാണ് കടലറ്റ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നതെന്ന ആക്ഷേപം ശക്തം. ഒരു ദിവസംമാത്രമേ ഷവര്‍മ ഉപയോഗിക്കാനാകൂ. ഇത് പിറ്റെദിവസം കട്ലറ്റ് ആയി രൂപാന്തരപ്പെടുന്നതായി പരക്കെ ആക്ഷേപമുണ്ട്. എല്ലുകള്‍ കളഞ്ഞ കോഴിയാണ് ഷവര്‍മക്ക് ഉപയോഗിക്കുന്നത്. അധികസംഖ്യ നല്‍കേണ്ടിവരുന്നതും കുറച്ചുഭാഗം മാത്രം ഷവര്‍മക്ക് ഉപയോഗിക്കാന്‍ പറ്റുന്നതുമായ മാംസം ഉപേക്ഷിക്കാന്‍ കടക്കാര്‍ തയ്യാറാകുന്നില്ല. പഴകിയ മാംസവും വില്‍പ്പനച്ചരക്കാക്കാനുള്ള മാര്‍ഗമായാണ് പിറ്റേദിവസം ഇത് കട്ലറ്റായി മാറുന്നത്.

ഹോട്ടലുകളിലും കടകളിലും റെയ്ഡ്: വില്‍പ്പനയ്ക്ക് പഴകിയ അരി; കഴിക്കാന്‍ ഈച്ചയാര്‍ക്കുന്ന തന്തൂരി

മലപ്പുറം: സംസ്ഥാനത്തെങ്ങുമുള്ള റെയ്ഡിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും കൂള്‍ബാറുകളിലും ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പലയിടത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകംചെയ്യുന്നതെന്ന് തെളിഞ്ഞു. ഷവര്‍മ അടുപ്പുകള്‍ക്ക് ചില്ലുകൂട് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യധാന്യസംഭരണശാലകളിലും റെയ്ഡ് നടത്തി. അരീക്കോട്ട് അരി മൊത്ത-ചില്ലറ വില്‍പ്പനശാലയില്‍നിന്ന് ആറുചാക്ക് പഴകിയ അരി പിടിച്ചെടുത്ത് നശിപ്പിച്ചു. പഴകിയ അരി വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കടയുടമക്ക് നോട്ടീസ് നല്‍കും.

കൊണ്ടോട്ടി, എടവണ്ണപ്പാറ, മോങ്ങം, വള്ളുവമ്പ്രം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും റെയ്ഡ് നടത്തി. കൊണ്ടോട്ടിയിലെ "എ വണ്‍" ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി നശിപ്പിച്ചു. കിലോക്കണക്കിന് തന്തൂരി ഇറച്ചി പാചകത്തിനായി ഇവിടെ സൂക്ഷിച്ചുവച്ചിരുന്നു. അറപ്പുളവാക്കുന്ന രീതിയില്‍, ഈച്ചകള്‍ നിറഞ്ഞ് വൃത്തിഹീനമായ അന്തരീക്ഷമായിരുന്നു അടുക്കളയിലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹോട്ടലുടമക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. കൊണ്ടോട്ടി ബസ്സ്റ്റാന്‍ഡിനടുത്തുള്ള "വിറ്റാമിന്‍ ബേക്കറി"യില്‍ ചില്ലുകൂടില്ലാതെ ഷവര്‍മ പാചകംചെയ്യുന്നത് സംഘം പിടികൂടി. എടവണ്ണപ്പാറയിലെ ഫാരിസ്, മമത ഹോട്ടലുകളിലും പരിശോധന നടത്തി. ഹോട്ടലുകളുടെ പിന്‍വശം മലിനമാണ്. വെള്ളിയാഴ്ച സ്ഥലം വൃത്തിയാക്കാമെന്ന് ഉടമകള്‍ ഉറപ്പുനല്‍കി. പരപ്പനങ്ങാടി സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ കെ എസ് ജനാര്‍ദനന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മലപ്പുറം നഗരസഭയില്‍ ടൗണിലും വഴിയോരത്തും ഗുണനിലവാരമില്ലാത്തതും വൃത്തിഹീനവുമായ ചുറ്റുപാടില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ വില്‍പ്പന നടത്തുന്നത് നിരോധിച്ചതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. ലൈസന്‍സില്ലാതെ കച്ചവടം നടത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി കൈക്കൊള്ളുമെന്നും സെക്രട്ടറി അറിയിച്ചു.

അടുക്കളകള്‍ വൃത്തിഹീനം; 6 ഹോട്ടലിന് നോട്ടീസ്

തൃശൂര്‍: മാറാലപിടിച്ച്, അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന പാചകപ്പുര, പഴകിയ ഭക്ഷണം, പഴകിയ എണ്ണ... ജില്ലയില്‍ പല ഹോട്ടലുകളിലെയും ഭക്ഷണശാലകളുടെയും അവസ്ഥയാണിത്. നിരധി ഹോട്ടലുകള്‍ അങ്ങേയറം വൃത്തിഹീനമായ ചുറ്റുപാടിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നക്ഷത്രപദവിയുള്ള ഹോട്ടലുകളും ബേക്കറികളും ഫ്രൂട്ട്സ്റ്റാളുകളും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. ഫുഡ്സേഫ്റ്റി വിഭാഗവും കോര്‍പറേഷന്‍ ആരോഗ്യവിഭാഗവും വ്യാഴാഴ്ച ജില്ലയില്‍ നടത്തിയ റെയ്ഡിലാണ് ഇക്കാര്യം ബോധ്യമായത്. തൃശൂര്‍ നഗരത്തില്‍ അപാകം കണ്ടതിനെത്തുടര്‍ന്ന് ആറു ഹോട്ടലിന് നോട്ടീസ് നല്‍കി. അപകടകരമെന്ന് കണ്ടെത്തിയ ഷെവര്‍മ തൃശൂരില്‍ പലയിടത്തും ഇപ്പോഴും നല്‍കുന്നുണ്ട്. ജില്ലയില്‍ കഴിഞ്ഞമാസവും വ്യാപകറെയ്ഡ് നടന്നിരുന്നു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നപ്പോഴായിരുന്നു റെയ്ഡുകള്‍. സ്റ്റാര്‍ ഹോട്ടലുകളില്‍ ഉള്‍പ്പെടെ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. റെയ്ഡ് നടന്നിട്ടും ശുചിത്വസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ പല ഹോട്ടലുകളും തയ്യാറായില്ല. പല ഹോട്ടലുകളിലും മലിനജലവും മാലിന്യവും സംസ്കരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.

നഗരത്തില്‍ എം ജി റോഡിലെ ശിവാനന്ദ, സൂര്യ, ചന്ദ്ര, ഹോട്ടല്‍ ചിക്സിറ്റി, പൂത്തോള്‍ റോഡിലെ ജയ എന്നീ ഹോട്ടലുകളും മാംഗോ ബേക്കറിയും നിയമം തെറ്റിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം കണ്ടെത്തി. ശിവാനന്ദ, സൂര്യ, ചന്ദ്ര, ജയ എന്നീ ഹോട്ടലുകളില്‍ അടുക്കള വൃത്തിഹീനമെന്ന് കണ്ടെത്തി. ഹോട്ടല്‍ സൂര്യയില്‍നിന്ന് പഴകിയ പൊറോട്ടയും ചപ്പാത്തിയും പിടിച്ചെടുത്തു. ഹോട്ടല്‍ ചിക്സിറ്റിയില്‍നിന്ന് പഴകിയ എണ്ണ പിടിച്ചെടുത്തു. ഈ എണ്ണ ഉപയോഗിച്ചാണ് ചിക്കന്‍ വറുത്ത് കൊടുത്തിരുന്നത്. ഹോട്ടലില്‍നിന്നുള്ള മലിനജലം പൊതുകാനയിലേക്ക് ഒഴുക്കിവിടുന്നതായും കണ്ടെത്തി. പൂത്തോള്‍ റോഡിലെ ജയയില്‍ നിന്ന് പഴകിയ ചപ്പാത്തിയും കണ്ടെത്തി. മാംഗോ ബേക്കറി ഹെല്‍ത്ത്കാര്‍ഡ് ഹാജരാക്കിയിട്ടില്ല. കൊടുങ്ങല്ലൂര്‍ നഗരത്തില്‍ അഞ്ചുഹോട്ടലില്‍ ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ ബി ജയചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ അടുക്കള വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തി. ഒരു മാസം മുമ്പ് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ 345 സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിരുന്നു. പലയിടത്തും ശുചിത്വമില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കിയിരുന്നതെന്ന് അന്നും കണ്ടെത്തിയിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല.

പഴകിയ ഭക്ഷണം: നടപടിയെടുക്കണംഡിവൈഎഫ്ഐ

തൃശൂര്‍: പല ഹോട്ടലുകളിലും പഴകിയതും വൃത്തിഹീനവുമായ ഭക്ഷണപദാര്‍ഥം വലിയ വിലയ്ക്ക് നല്‍കിവരുന്നത് പതിവായിരിക്കുകയാണ്. ഗുരുവായൂരില്‍ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണംകഴിച്ച യുവാവിന് ഭക്ഷ്യ വിഷബാധയുണ്ടായി. ജില്ലയില്‍ നിയമവിരുദ്ധമായും വൃത്തിഹീനമായും ഗുണനിലവാരമില്ലാത്തതുമായ ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിലെ അധികൃതരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. തൃശൂര്‍ നഗരകേന്ദ്രങ്ങളില്‍ മാലിന്യ പ്രശ്നവും നഗരത്തിലെ ചില ഹോട്ടലുകളിലെ വൃത്തിഹീനമായ അന്തരീക്ഷവും മാരകമായ രോഗങ്ങള്‍ക്കും വിഷബാധക്കുംകാരണമാകുന്നുണ്ട്. ജനജീവിതത്തെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന ഗൗരവകരമായ ഈ പ്രശ്നം പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ഇ സി ബിജുവും സെക്രട്ടറി സി സുമേഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

38 ഹോട്ടലുകള്‍ പൂട്ടി

കൊച്ചി: ജില്ലയില്‍ ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി അധികൃതരും നടത്തിയ പരിശോധനയെത്തുടര്‍ന്ന് 38 ഹോട്ടലുകള്‍ അടച്ചുപൂട്ടി. ആരോഗ്യവകുപ്പ് 36 ഹോട്ടലുകളും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ രണ്ടു ഹോട്ടലുകളുമാണ് പൂട്ടിച്ചത്. ഇരുവിഭാഗവും ചേര്‍ന്ന് 252 ഹോട്ടലുകള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. വ്യാഴാഴ്ച 20 സ്ക്വാഡായി 516 ഹോട്ടലുകളാണ് ആരോഗ്യവകുപ്പ് പരിശോധിച്ചത്. മാലിന്യസംസ്കരണസംവിധാനമില്ലാത്തതും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലാത്തതും മറ്റ് അടിസ്ഥാനസൗകര്യങ്ങളില്ലാത്തതുമായ ഹോട്ടലുകള്‍ക്കാണ് നോട്ടീസ് നല്‍കിയതെന്ന് ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ (റൂറല്‍) പി എന്‍ ശ്രീനിവാസന്‍ പറഞ്ഞു.

ജില്ലാ സ്ക്വാഡിന് ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ (റൂറല്‍) പി എന്‍ ശ്രീനിവാസന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സ്റ്റാലിന്‍, സക്കീര്‍, ജോസഫ് ബിനു എന്നിവര്‍ നേതൃത്വംനല്‍കി. 19 ബ്ലോക്കിലും ഹെല്‍ത്ത് ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അങ്കമാലി, നെടുമ്പാശേരി മേഖലകളിലായിരുന്നു ഫുഡ് സേഫ്റ്റി അധികൃതരുടെ പരിശോധന. ഒട്ടാകെ ഒമ്പതു ഹോട്ടലുകളാണ് സംഘം പരിശോധിച്ചത്. ഇതില്‍ രണ്ടെണ്ണം പൂട്ടാന്‍ നിര്‍ദേശിച്ചു. ശേഷിക്കുന്ന ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. റെയ്ഡ് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജില്ലാ ഫുഡ് ആന്‍ഡ് സേഫ്റ്റി ഡെസിഗ്നേറ്റഡ് ഓഫീസര്‍ അജിത്കുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ അബ്ദുള്‍ ജലീല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പലയിടത്തുനിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. മല്‍സ്യ- മാംസ വ്യാപാര്യ കേന്ദ്രങ്ങളിലും പരിശോധിച്ചു. ബുധനാഴ്ച സംഘം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള കൊച്ചിന്‍ ടൂറിസ്റ്റ് കോര്‍പറേഷന്‍ (നളന്ദ) ഉള്‍പ്പെടെ നാലു ഹോട്ടലുകള്‍ പൂട്ടിച്ചിരുന്നു. കൊച്ചിന്‍ ടൂറിസ്റ്റ് കോര്‍പറേഷന്‍ എന്നതിനുപകരം കൊച്ചിന്‍ ടൂറിസ്റ്റ് ഹോം എന്ന് വ്യാഴാഴ്ച ദേശാഭിമാനിയില്‍ വാര്‍ത്ത വന്നത് പിശകാണ്.

പഴകിയ ചിക്കന്‍ പിടിച്ചു; ചങ്ങനാശേരി കെഎസ്ആര്‍ടിസി കാന്റീന്‍ പൂട്ടി

കോട്ടയം: കോട്ടയം നഗരത്തിലെ കടകള്‍ക്കു മുന്നില്‍ ഷവര്‍മ്മയ്ക്കു വേണ്ടിയുള്ള ആള്‍ക്കാരുടെ കാത്തുനില്‍പ് അവസാനിച്ചു. ഷവര്‍മ്മയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന വാര്‍ത്ത പരന്നതോടെയാണ് ആവശ്യക്കാര്‍ ഭയംമൂലം വിട്ടകന്നത്. ഇതോടെ ഷവര്‍മ്മ അടുപ്പുകള്‍ക്കും വിശ്രമമായി. നഗരത്തില്‍ ഷവര്‍മ്മ ലഭിച്ചിരുന്ന ബേക്കറികളും ഹോട്ടലുകളും ഇതുണ്ടാക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ജില്ലയില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വ്യാഴാഴ്ചയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ചങ്ങനാശേരിയിലും രാമപുരത്തുമായിരുന്നു പരിശോധന. ചങ്ങനാശേരി കെഎസ്ആര്‍ടിസി കാന്റീനിന്റെ പ്രവര്‍ത്തനം മോശമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പൂട്ടി. ഇതിനു പുറമെ നമ്പര്‍ വണ്‍ സ്വകാര്യബസ്സ്റ്റാന്റിന് സമീപത്തെ പയസ് ഹോട്ടല്‍, ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ സ്വകാര്യഹോട്ടല്‍ എന്നിവയും അടച്ചുപൂട്ടി. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവ പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെ ഈ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.

പഴകിയ ചിക്കന്‍, അച്ചാര്‍, ചോറ്, ചപ്പാത്തി, വിവിധ പലഹാരങ്ങള്‍ എന്നിവ ചെത്തിപ്പുഴയിലെ ഹോട്ടലില്‍ നിന്നും പിടിച്ചെടുത്തു. ഇവ നഗരസഭാ കോംപൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഇ എന്‍ ഷൈന്‍, പി വിദ്യാധരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം ആര്‍ സാനു, ഷംസുദീന്‍ എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. രാമപുരത്തെ പ്രിയം ഫാമിലി റസ്റ്റോറന്റില്‍ നിന്നും പഴകിയ ചപ്പാത്തി, പൊറോട്ട, ഗ്രേവി എന്നിവ പിടിച്ചെടുത്തു. ഈ ഹോട്ടലും അടപ്പിച്ചു. രാമപുരത്തെ അഞ്ചു ഹോട്ടലുകള്‍ക്ക് നോട്ടീസും നല്‍കി. വരുംദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡേവിഡ് ജോണ്‍ അറിയിച്ചു.

ഹോട്ടലുകളില്‍ വ്യാപക പരിശോധന; രണ്ടെണ്ണം പൂട്ടി

കൊല്ലം: നഗരത്തിലും പരിസരത്തുമുള്ള ഹോട്ടലുകളില്‍ ജില്ലാ ഫുഡ് ഇന്‍സ്പെക്ടറുടെയും കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച റെയ്ഡ് അരമണിക്കൂര്‍ നീണ്ടു. മിക്കയിടത്തുനിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. കോര്‍പറേഷന്‍ ഹെല്‍ത്ത് സ്ക്വാഡ് 20 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 14 ഇടങ്ങളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഇതില്‍ നാലെണ്ണം നഗരത്തിലെ മുന്തിയ ഹോട്ടലുകളാണ്. എട്ടിടങ്ങളില്‍ നോട്ടീസ് നല്‍കി. പിടികൂടിയ പഴകിയ ആഹാരസാധനങ്ങള്‍ അധികൃതര്‍ കോര്‍പറേഷന്‍ ഓഫീസില്‍ എത്തിച്ചു നശിപ്പിച്ചു. റെയ്ഡ് വരുംദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകംചെയ്യുന്ന തട്ടുകടകള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കി. ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ എ കെ മിനിയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ കൊല്ലം കെഎസ്ആര്‍ടിസി ക്യാന്റീനില്‍നിന്ന് പരിശോധന ആരംഭിച്ചു. സമീപത്തെ ചില ഹോട്ടലുകളുടെ അന്തരീക്ഷം തീരെ വൃത്തിഹീനമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. പഴംപൊരി ഉണ്ടാക്കാനായി സൂക്ഷിച്ചിരുന്ന നിറം കലര്‍ത്തിയ മൈദ മാവ് ഒരു ഹോട്ടലില്‍നിന്ന് പിടികൂടി. ഈ ഹോട്ടലില്‍നിന്ന് വൃത്തിഹീനമായി സൂക്ഷിച്ചിരുന്ന ഭക്ഷണപദാര്‍ഥങ്ങളും പിടികൂടി. രണ്ട് ഹോട്ടലുകള്‍ പൂട്ടി സീല്‍ചെയ്തു. ഇവിടെ ശുചീകരിക്കാന്‍ നാലുദിവസത്തെ സാവകാശം നല്‍കി. ചിന്നക്കടയിലെയും മെയിന്‍ റോഡിലെയും വെജിറ്റേറിയന്‍ ഹോട്ടലുകളിലും പരിശോധന നടത്തി. ഭക്ഷണം വിളമ്പുന്ന സ്ഥലവും അടുക്കളയും വൃത്തിഹീനമായിരുന്നു.

ബീച്ച്റോഡിലെ ഹോട്ടലില്‍ ബിരിയാണി അടക്കം തയ്യാറാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി. പിന്നീട് ഫുഡ് ഇന്‍സ്പെക്ടറും സംഘവും കരുനാഗപ്പള്ളി, ശാസ്താംകോട്ട മേഖലകളിലും പരിശോധന നടത്തി. മിക്ക ഹോട്ടലില്‍നിന്നും പഴകിയ ഇറച്ചിയും അഴുകിയ പച്ചക്കറികളും പിടികൂടി. നോട്ടീസ് നല്‍കിയ ഹോട്ടലുകള്‍ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ സീല്‍ചെയ്യുക മാത്രമല്ല പിഴയും ഈടാക്കുമെന്ന് ഫുഡ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഹോട്ടലുകളില്‍ അടുക്കള മുന്‍വശത്ത് സ്ഥാപിക്കുക, പാചകത്തൊഴിലാളികള്‍ക്കും വിളമ്പുകാര്‍ക്കും യൂണിഫോമും കൈയുറയും നിര്‍ബന്ധമാക്കുക എന്നീ നിര്‍ദേശങ്ങളും ഹോട്ടലുകള്‍ക്കു നല്‍കി.

ഷവര്‍മ: സാല്‍വ കഫേ ഉടമ റിമാന്‍ഡില്‍

തിരു: ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ വഴുതക്കാട്ടെ സാല്‍വ കഫേ ഉടമ കാസര്‍കോട് സ്വദേശി അബ്ദുള്‍ഖാദറിനെ കോടതി റിമാന്‍ഡ് ചെയ്തു. ഏഴുവര്‍ഷംവരെ തടവ് കിട്ടാവുന്ന ഐപിസി 328-ാം വകുപ്പുപ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. എന്നാല്‍,ഇയാളെ രക്ഷപ്പെടുത്താന്‍ എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ ശ്രമം നടത്തിയെന്ന ആരോപണവും ഉയര്‍ന്നു. കഫേയിലെ തൊഴിലാളികളായ നാലുപേരെയും കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡ്ചെയ്തിട്ടുണ്ട്. സാല്‍വ കഫേ ഹോട്ടലിനോടൊപ്പം ഉടമയുടെ വെള്ളയമ്പലത്തുള്ള സാല്‍വ ഡൈന്‍ എന്ന ഹോട്ടലും അടച്ചുപൂട്ടിയിരുന്നു. രണ്ടു ഹോട്ടലും തുറപ്പിക്കാനും കേസില്‍നിന്ന് രക്ഷപ്പെടുത്താനുമാണ് അബ്ദുള്ളക്കുട്ടിയെ സമീപിച്ചതെന്നാണ് വാര്‍ത്ത. ഇതനുസരിച്ച് പൊലീസുമായും ഭക്ഷ്യസുരക്ഷാ കമീഷണറേറ്റുമായും എംഎല്‍എ ബന്ധപ്പെട്ടതായി ആരോപണമുണ്ട്.

സംസ്ഥാനമെമ്പാടും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ റെയ്ഡ് നടത്തുന്നുണ്ടെങ്കിലും കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. വ്യാഴാഴ്ചത്തെ പരിശോധനയില്‍ 13 ഹോട്ടല്‍ മാത്രമാണ് അടച്ചുപൂട്ടിയത്. 240 ഹോട്ടലിലാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. മിക്ക ഹോട്ടലും പരിശോധന നടത്താനെത്തും മുമ്പ് ഉടമകള്‍ക്ക് വിവരം കിട്ടുന്നു. പലയിടത്തും നോട്ടീസ് കൊടുക്കലെന്ന ചടങ്ങില്‍ കാര്യംകഴിക്കുന്നു. ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ വെള്ളിയാഴ്ച ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്നാണ് ഭക്ഷ്യ സുരക്ഷാ കമീഷണര്‍ ബിജു പ്രഭാകര്‍ അറിയിച്ചത്.

deshabhimani 200712

4 comments:

  1. പഴകിയ ഷവര്‍മയാണ് കടലറ്റ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നതെന്ന ആക്ഷേപം ശക്തം. ഒരു ദിവസംമാത്രമേ ഷവര്‍മ ഉപയോഗിക്കാനാകൂ. ഇത് പിറ്റെദിവസം കട്ലറ്റ് ആയി രൂപാന്തരപ്പെടുന്നതായി പരക്കെ ആക്ഷേപമുണ്ട്. എല്ലുകള്‍ കളഞ്ഞ കോഴിയാണ് ഷവര്‍മക്ക് ഉപയോഗിക്കുന്നത്. അധികസംഖ്യ നല്‍കേണ്ടിവരുന്നതും കുറച്ചുഭാഗം മാത്രം ഷവര്‍മക്ക് ഉപയോഗിക്കാന്‍ പറ്റുന്നതുമായ മാംസം ഉപേക്ഷിക്കാന്‍ കടക്കാര്‍ തയ്യാറാകുന്നില്ല. പഴകിയ മാംസവും വില്‍പ്പനച്ചരക്കാക്കാനുള്ള മാര്‍ഗമായാണ് പിറ്റേദിവസം ഇത് കട്ലറ്റായി മാറുന്നത്.

    ReplyDelete
  2. ഷവര്‍മ്മ നടത്തുന്നത് കൂടുതലും ഉത്തര ഭാരതത്തില്‍ നിന്നുള്ളവര്‍ ആണ്..
    പൊതുവേ അക്ഷരാഭ്യാസം ഇല്ലാത്തവര്‍
    അവര്‍ ഹോട്ടെലില്‍ തങ്ങളുടെ ഷവര്‍മ്മ അടുപ്പ് സ്ഥാപിക്കാന്‍ അനുവാദം ചോദിക്കും..
    ഹോട്ടേ ലുടമകള്‍ അത് നല്‍കും..
    പൊതുവേ ഹോട്ടേലിന് പുറത്താണ് ഇവ സ്ഥാപിക്കുക പതിവ് ..
    എറണാകുളത്തെ മൊത്തം ഷ വര്‍മ്മകളും ഒരാളുടെതാണ് എന്നായിരുന്നു ഒരിക്കല്‍ കേട്ടിരുന്നത്
    അവര്‍ അന്നത്തെ ഇറച്ചി അന്നന്ന് തന്നെ മാറ്റാന്‍ കൂട്ടാക്കുന്നില്ലത്രേ ..
    അത് കിടന്നു ചീഞ്ഞു ആണ് വിഷമായത് എന്നാണ് കേള്‍വി
    എന്തിന്റെ പേരില്‍ ആയാലും എറണാകുളത്തെ ഹോട്ടലുകളില്‍
    ചിലതില്‍ എങ്കിലും ആരോഗ്യ വകുപ്പ് ,കോര്‍പറേഷന്‍കാര്‍ ഒക്കെ കയറിയല്ലോ..
    ഹോട്ടെലുകളില്‍ നിന്നും മാമൂല്‍ കൈപ്പറ്റി ഇവര്‍ എല്ലാം കണ്ണടക്കുകയാണ് പതിവ് ..
    ചീഞ്ഞ ഇറച്ചി കിട്ടിയിട്ട് ഒരിക്കല്‍ പരാതി പെട്ടിട്ടു അവര്‍ തിരിഞ്ഞു പോലും നോക്കിയില്ല..
    എന്റെ സ്വന്ത അനുഭവം ആണ് ഇത് ..
    നിങ്ങള്‍ക്ക് വേണമെങ്കില്‍ കഴിച്ചിട്ട് പോകൂ..
    അല്ലെങ്കില്‍ അവിടെ വച്ചേക്കുക എന്നാ ധിക്കാരവും
    ഇപ്പോള്‍ പിടിച്ച കൂട്ടത്തില്‍ ആ ഹോട്ടേ ലുകാരും ഉണ്ട് ..

    ReplyDelete
  3. തിരുവനന്തപുരത്ത് ഹോട്ടലില്‍നിന്ന് ഷവര്‍മ കഴിച്ച വിദ്യാര്‍ഥി മരിച്ച സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ ഭക്ഷണശാലകളില്‍ അധികൃതര്‍ നടത്തിയ റെയഡ് രണ്ടാം ദിവസം തണുത്തു. മുഖംനോക്കാതെ നഗരത്തിലെ വന്‍കിട ഹോട്ടലുകളില്‍ ഉള്‍പ്പെടെ വ്യാഴാഴ്ച പരിശോധന നടത്തി വന്‍തോതില്‍ പഴകിയ ഭക്ഷണം പിടികൂടി. എന്നാല്‍, വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ കാര്യക്ഷമമമായി രംഗത്തിറങ്ങിയില്ല. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച പരിശോധന പ്രഹസനമായി. റെയ്ഡ് വ്യാപകമായപ്പോള്‍ ഉന്നതതല ഇടപെടല്‍ ഉണ്ടായതായാണ് സൂചന

    ReplyDelete
  4. ക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലുകള്‍ അനാവശ്യമായി പൂട്ടിക്കുകയാണെന്നാരോപിച്ച് ഹോട്ടലുടമകള്‍ ഫുഡ്സേഫ്റ്റി കമീഷണര്‍ ബിജു പ്രഭാകരനെ പ്രകോപിപ്പിച്ച് വേദിയില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചു. വിളിച്ചുവരുത്തി അപമാനിച്ചതില്‍ പ്രതിഷേധിച്ച് കമീഷണര്‍ വേദി ബഹിഷ്കരിക്കാന്‍ തുനിഞ്ഞു. ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്‍ഡ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യവിഷബാധയെപ്പറ്റി വെള്ളിയാഴ്ച വൈകിട്ട് തൈക്കാട് മെഡിക്കല്‍ സര്‍വീസസ് ഹാളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സിലാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ക്ലാസെടുക്കാനെത്തിയ ഫുഡ് സേഫ്റ്റി കമീഷണര്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരുവിഭാഗം വ്യാപാരികള്‍ ആക്രോശിച്ച് ഹാളിലെത്തുകയായിരുന്നു. ഇവിടെ വന്ന് സംസാരിക്കാന്‍ തനിക്കു വലിയ നിര്‍ബന്ധമില്ല എന്ന് കമീഷണര്‍ മറുപടി നല്‍കിയപ്പോള്‍ എങ്കില്‍ ഇറങ്ങിപ്പോ എന്ന് ഹോട്ടലുടമകള്‍ ഒച്ചവച്ചു. ഉടന്‍ കമീഷണര്‍ വേദിവിടാന്‍ തുടങ്ങിയെങ്കിലും ഒരുവിഭാഗം ഹോട്ടലുടമകള്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. വികാരപ്രകടനംകൊണ്ട് കാര്യമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും ക്ലാസ്സിനിടെ കമീഷണര്‍ ഹോട്ടലുടമകളെ ഓര്‍മിപ്പിച്ചു. മുല്ലപ്പെരിയാറും ചന്ദ്രശേഖരന്‍ വധവും കഴിഞ്ഞ് മാധ്യമങ്ങള്‍ ഇപ്പോള്‍ ഭക്ഷ്യവിഷബാധ മരണം ആഘോഷമാക്കിയിരിക്കുകയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. പുതിയ ഫുഡ്സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ടിലെ മാനദണ്ഡപ്രകാരം ആഗസ്ത് അഞ്ചിനകം ഹോട്ടലുടമകള്‍ ലൈസന്‍സ് എടുത്തില്ലെങ്കില്‍ മൂന്നുമാസം ഫൈനോടുകൂടിയ സമയപരിധി നല്‍കുമെന്നും എന്നിട്ടും എടുത്തില്ലെങ്കില്‍ നിയമനടപടികളിലേക്കുപോകുമെന്നും കമീഷണര്‍ വ്യക്തമാക്കി. പുതിയ നിയമം കേരളത്തില്‍ 2011 ആഗസ്തുമുതല്‍ നടപ്പില്‍ വന്നതാണെന്നും ബോധവല്‍ക്കരണത്തിനുള്ള സമയം നല്‍കിയതുകൊണ്ട് മാധ്യമങ്ങള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഇപ്പോള്‍ കുറ്റക്കാരായി കാണുകയാണെന്നും കമീഷണര്‍ പറഞ്ഞു.

    ReplyDelete