Saturday, July 21, 2012

കൂരയില്ലാതെ ലക്ഷങ്ങള്‍; പത്രക്കാര്‍ക്ക് സമ്മാനമായി ലക്ഷങ്ങളുടെ ഫ്ളാറ്റ്


തല ചായ്ക്കാനിടമില്ലാതെ ലക്ഷങ്ങള്‍ അലയുമ്പോള്‍ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സമ്മാനമായി നല്‍കിയത് ഫ്ളാറ്റ്. പേരൂര്‍ക്കടയില്‍ എന്‍സിസി നഗറില്‍ വര്‍ഷങ്ങളായി ഒറ്റ ഗഡുപോലും അടയ്ക്കാതെ ഫ്ളാറ്റ് കൈക്കലാക്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യാഴാഴ്ചത്തെ ഒത്തുതീര്‍പ്പ് കരാര്‍ ലോട്ടറിയായി. ഫ്ളാറ്റ് കൈവശമുള്ള 45 പേരില്‍നിന്നായി ഭവന നിര്‍മാണ ബോര്‍ഡിന് 19.37 കോടി രൂപ പിരിഞ്ഞുകിട്ടാനിരിക്കെ 5.68 കോടി രൂപ നല്‍കി പ്രശ്നം അവസാനിപ്പിക്കാനാണ് ധനമന്ത്രി കെ എം മാണിയുടെ സാന്നിധ്യത്തിലുണ്ടാക്കിയ കരാര്‍. ഫ്ളാറ്റിന് 2005ലെ യുഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ച വിലയും എട്ടു ശതമാനം പലിശയും ചേര്‍ത്തുള്ള തുകയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. മൂന്നു മാസത്തിനകം മാധ്യമ പ്രവര്‍ത്തകള്‍ ഒറ്റ ഗഡുവായി തുക അടയ്ക്കുന്നതോടെ എല്ലാം ശുഭമാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഇതിനായി 13 കോടി ചെലവിടുന്നത് എന്തിനെന്ന ചോദ്യം ബാക്കി. പിഴപ്പലിശയും കൂട്ടുപലിശയും അടക്കം നിയമാനുസൃതമുള്ള തുക നല്‍കിയാല്‍പ്പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നഷ്ടം വരില്ല. നഗരത്തിന്റെ കണ്ണായ സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ ഫ്ളാറ്റിന് അതിലും ഏറെ വില വരുമെന്നാണ് കാരണം.

ഒന്നേകാല്‍ ലക്ഷം രൂപ നല്‍കി സ്വന്തമാക്കിയ ഫ്ളാറ്റിന് പീന്നീട് ഒറ്റ ഗഡുപോലും അടയ്ക്കാത്തവരാണ് 49 പേര്‍. മലയാള മനോരമയില്‍നിന്നുള്ള 11 പേരും ഇതില്‍പ്പെടുന്നു. ഏതാനും ഗഡു അടച്ചവരെ കുംഭകോണലോബി പിന്തിരിപ്പിക്കുകയും ചെയ്തു. തുക അടയ്ക്കാത്തതിനെത്തുടര്‍ന്ന് ഭവന നിര്‍മാണബോര്‍ഡ് നല്‍കിയ 13 നോട്ടീസും കൈപ്പറ്റാതെ മടക്കി. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കി വിരട്ടി. ഇത്രയുമെല്ലാം നിയമലംഘനം നടത്തിയവര്‍ക്കാണ് സര്‍ക്കാര്‍ കൂറ്റന്‍ ഇളവുകള്‍ നല്‍കിയത്. കാര്‍ഷിക വായ്പയുടെ ഗഡു അടയ്ക്കാന്‍ കഴിയാതെ കര്‍ഷകര്‍ ജീവനൊടുക്കുമ്പോള്‍ കാഴ്ചക്കാരാകുന്ന സര്‍ക്കാരാണ് രണ്ടും മൂന്നും വീടുള്ള ഈ "പാവങ്ങളോട്" ഔദാര്യം കാണിച്ചത്.

സംസ്ഥാനത്ത് 14 ലക്ഷം വീട് നിര്‍മിച്ചു നല്‍കുമൊന്നാണ് കെ എം മാണി ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പറഞ്ഞിരുന്നത്. തലചായ്ക്കാന്‍ കൂരയില്ലാത്തവര്‍ 12 ലക്ഷമുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന കൂരയില്‍ കഴിയുന്നവര്‍ എട്ടുലക്ഷമുണ്ടെന്നുമായിരുന്നു മാണി പറഞ്ഞ കണക്ക്. സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇതില്‍ എത്രപേര്‍ക്ക് വീട് നല്‍കിയെന്ന് മന്ത്രി പറയുന്നില്ല. സ്വന്തമായി കൂരയില്ലാത്ത 20 ലക്ഷത്തെ വഞ്ചിക്കുന്നതാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്ന് വിമര്‍ശമുയരുന്നു. അട്ടപ്പാടി ആദിവാസിമേഖലയില്‍ മൂന്നില്‍ രണ്ട് ഊരുകളില്‍പ്പോലും കൂര നിര്‍മിക്കാന്‍ സഹായമെത്തിയിട്ടില്ല.

deshabhimani 210712

1 comment:

  1. തല ചായ്ക്കാനിടമില്ലാതെ ലക്ഷങ്ങള്‍ അലയുമ്പോള്‍ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സമ്മാനമായി നല്‍കിയത് ഫ്ളാറ്റ്. പേരൂര്‍ക്കടയില്‍ എന്‍സിസി നഗറില്‍ വര്‍ഷങ്ങളായി ഒറ്റ ഗഡുപോലും അടയ്ക്കാതെ ഫ്ളാറ്റ് കൈക്കലാക്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യാഴാഴ്ചത്തെ ഒത്തുതീര്‍പ്പ് കരാര്‍ ലോട്ടറിയായി. ഫ്ളാറ്റ് കൈവശമുള്ള 45 പേരില്‍നിന്നായി ഭവന നിര്‍മാണ ബോര്‍ഡിന് 19.37 കോടി രൂപ പിരിഞ്ഞുകിട്ടാനിരിക്കെ 5.68 കോടി രൂപ നല്‍കി പ്രശ്നം അവസാനിപ്പിക്കാനാണ് ധനമന്ത്രി കെ എം മാണിയുടെ സാന്നിധ്യത്തിലുണ്ടാക്കിയ കരാര്‍.

    ReplyDelete