Monday, August 6, 2012

മനോജിനെ തള്ളിവീഴ്ത്തി നെഞ്ചില്‍ ചവിട്ടി


കൊലയാളി സംഘം വന്നത് 5 ബൈക്കില്‍;

കാസര്‍കോട്: ഉറ്റസുഹൃത്ത് മനോജിനെ ലീഗുകാര്‍ ചവിട്ടിക്കൊന്നതിന്റെ നടുക്കത്തില്‍നിന്ന് ശിവപ്രസാദ് ഇനിയും മോചിതനായിട്ടില്ല. മനോജിനൊപ്പം അക്രമത്തിനിരയായി കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ എ വി ശിവപ്രസാദ്. ലീഗ് ക്രിമിനലുകള്‍ മനോജിനെ ചവിട്ടിക്കൊന്ന ക്രൂരത വിവരിക്കുമ്പോള്‍ ആരും ഞെട്ടും.

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിന്റെ ഭാഗമായി വ്യാഴാഴ്ച പകല്‍ 11.30ന് സിപിഐ എം തച്ചങ്ങാട് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ തച്ചങ്ങാട് ജങ്ഷനില്‍ പ്രകടനം നടന്നു. പ്രകടനത്തിനെത്തിയവര്‍ പിന്നീട് പിരിഞ്ഞുപോയി. ശിവപ്രസാദും ഡിവൈഎഫ്ഐ അമ്പങ്ങാട് യൂണിറ്റ് സെക്രട്ടറി എ വി പ്രിയേഷും പ്രസിഡന്റ് കെ സുഭാഷും കീക്കാനം യൂണിറ്റ് പ്രസിഡന്റ് ടി മനോജും മറ്റും അമ്പങ്ങാടേക്ക് മടങ്ങി. തുടര്‍ന്നാണ് ആലിങ്കാലില്‍ സിപിഐ എം തച്ചങ്ങാട് ലോക്കല്‍ സെക്രട്ടറി എം കരുണാകരനെ ലീഗുകാര്‍ ആക്രമിച്ച വിവരമറിഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് ഇവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പ്രവര്‍ത്തകര്‍ അമ്പങ്ങാടുനിന്ന് തച്ചങ്ങാട് ജങ്ഷനിലേക്ക് പകല്‍ ഒന്നോടെ പ്രകടനം നടത്തി. സമാധാനപരമായി നടത്തിയ പ്രകടനത്തിനുശേഷം എല്ലാവരും പിരിഞ്ഞുപോയി.

ശിവപ്രസാദ്, മനോജ്, പ്രിയേഷ്, സുഭാഷ്, നവി, രതീഷ് എന്നിവര്‍ തച്ചങ്ങാട് ജങ്ഷനില്‍നിന്ന് മടങ്ങവെയാണ് ആലിങ്കാല്‍ റോഡില്‍നിന്ന് അഞ്ച് ബൈക്കുകളില്‍ പതിനഞ്ചോളം വരുന്ന ലീഗുകാര്‍ ആക്രോശിച്ചെത്തിയത്. ഇരുമ്പ്വടി, പൈപ്പ്, റീപ്പ് എന്നിവ കൈവശമുണ്ടായിരുന്നു. ആലിങ്കാലില്‍നിന്ന് എം കരുണാകരനെ ആക്രമിച്ചാണ് സംഘമെത്തിയതെന്ന് പിന്നീട് അറിഞ്ഞു. ബൈക്ക് നിര്‍ത്തി താഴെയിറങ്ങിയ സംഘം കൊല്ലെടാ അവരെ എന്നാക്രോശിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു. മനോജിന്റെ കഴുത്തില്‍ പിടിച്ചുതള്ളിയ സംഘം തുടര്‍ന്ന് നിലത്തിട്ട് ചവിട്ടി. നെഞ്ചില്‍ കയറിയും തുടരെ ചവിട്ടി. തടയാന്‍ ചെന്ന ശിവപ്രസാദിനെയും പ്രിയേഷിനെയും വളഞ്ഞിട്ട് തല്ലി. അക്രമം സഹിക്കാനാകാതെ മറ്റുള്ളവര്‍ നാലുപാടും ചിതറിയോടി. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് ലീഗ് അക്രമികള്‍ പിന്തിരിഞ്ഞത്. ഇവരെത്തിയ ഒരു ബൈക്ക് ഉപേക്ഷിച്ച് മറ്റു നാലു ബൈക്കുകളിലായി മൗവ്വല്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടു. അക്രമികളില്‍ മൂന്നുപേര്‍ ഓടിയാണ് രക്ഷപ്പെട്ടത്.

റോഡില്‍ ശ്വാസം കിട്ടാതെ പിടയുകയായിരുന്നു ഈ സമയം മനോജ്. സ്ഥലത്തെ ജോത്സ്യനെ കാണാനെത്തിയ കര്‍ണാടക സ്വദേശികളുടെ കാറിലാണ് മനോജിനെ ഉദുമ നേഴ്സിങ് ഹോമിലെത്തിച്ചത്. തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മനോജിന്റെ ജീവന്‍ നിലച്ചിരുന്നു. തൊട്ടുപിന്നാലെ ശിവപ്രസാദിനെയും ഇതേ ആശുപത്രിയിലെത്തിച്ചു.

deshabhimani 060812

1 comment:

  1. ഉറ്റസുഹൃത്ത് മനോജിനെ ലീഗുകാര്‍ ചവിട്ടിക്കൊന്നതിന്റെ നടുക്കത്തില്‍നിന്ന് ശിവപ്രസാദ് ഇനിയും മോചിതനായിട്ടില്ല. മനോജിനൊപ്പം അക്രമത്തിനിരയായി കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ എ വി ശിവപ്രസാദ്. ലീഗ് ക്രിമിനലുകള്‍ മനോജിനെ ചവിട്ടിക്കൊന്ന ക്രൂരത വിവരിക്കുമ്പോള്‍ ആരും ഞെട്ടും.

    ReplyDelete