Monday, August 6, 2012

ഇസ്രയേല്‍ ഇടങ്കോലിട്ടു; നാമിന്റെ പലസ്തീന്‍ സമിതി യോഗം റദ്ദാക്കി


റമല്ല: പലസ്തീന്‍ പ്രദേശമായ വെസ്റ്റ്ബാങ്കിലെ റമല്ലയില്‍ ചേരാനിരുന്ന 120 രാഷ്ട്ര ചേരിചേരാ പ്രസ്ഥാന(നാം)ത്തിന്റെ പലസ്തീന്‍സമിതിയുടെ ദ്വിദിന യോഗത്തിന് അഞ്ചു രാജ്യത്തിന്റെ പ്രതിനിധികള്‍ക്ക് ഇസ്രയേല്‍ പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് യോഗം റദ്ദാക്കിയതായി പലസ്തീന്‍ അറിയിച്ചു.

ഇന്ത്യയടക്കം 13 രാഷ്ട്രത്തിന്റെ പ്രതിനിധികളാണ് സമിതിയിലുള്ളത്. സെപ്തംബറില്‍ ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തില്‍ യുഎന്നില്‍ തങ്ങളുടെ പദവി ഉയര്‍ത്തിക്കിട്ടുന്നതിന് ശ്രമിക്കുന്ന പലസ്തീന് നാമിന്റെ പൂര്‍ണപിന്തുണ കിട്ടുന്നത് ഭയന്നാണ് ഇസ്രയേല്‍ നടപടി. ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത ക്യൂബ, മലേഷ്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നിവയുടെ വിദേശമന്ത്രിമാര്‍ക്കാണ് വെസ്റ്റ്ബാങ്കില്‍ പ്രവേശനാനുമതി നിഷേധിച്ചത്. സമിതിയില്‍ ഇസ്രയേലുമായി ബന്ധമില്ലാത്ത മറ്റൊരു അംഗമായ അല്‍ജീരിയ ഇത് മുന്‍കൂട്ടി കണ്ട് യോഗത്തിന് അസാന്നിധ്യം അറിയിച്ചിരുന്നു. ഇന്ത്യക്ക് പുറമേ ഈജിപ്ത്, ജോര്‍ദാന്‍, ദക്ഷിണാഫ്രിക്ക, സിംബാബ്വെ, സാംബിയ, സെനഗല്‍, കൊളംബിയ എന്നിവയാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

സമിതി യോഗം അംഗീകരിക്കുന്ന റമല്ല പ്രഖ്യാപനം ഈ മാസം ഇറാനില്‍ ചേരുന്ന നാം ഉച്ചകോടിയില്‍ അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് ചേരിരചേരാ രാജ്യങ്ങളുടെ പൂര്‍ണ പിന്തുണയോടെ സെപ്തംബറിലെ യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ ആവശ്യം അവതരിപ്പിക്കാനായിരുന്നു പലസ്തീനിന്റെ പരിപാടി. ഇതിന് യുഎന്നില്‍ വന്‍പിന്തുണയുണ്ട് എന്നറിയുന്ന ഇസ്രയേല്‍ പലസ്തീന്‍ യുഎന്നിലെ പദവി മെച്ചപ്പെടുത്തുന്നതിനെതിരെ ഭീഷണികള്‍ ഉയര്‍ത്തിയിട്ടുണ്ട്. 193 അംഗ യുഎന്‍ പൊതുസഭയില്‍ പലസ്തീന് ഉറപ്പായ ഭൂരിപക്ഷമുണ്ടെന്ന് യുഎന്നിലെ ഇസ്രയേലി സ്ഥാനപതി റോണ്‍ പ്രോസര്‍ സമ്മതിച്ചു. എന്നാല്‍, ഇത് അവരെ രാഷ്ട്രപദവിയോട് അടുപ്പിക്കില്ലെന്നാണ് ഇസ്രയേലിന്റെ ഭീഷണി. രാഷ്ട്രപദവി അംഗീകരിക്കേണ്ട യുഎന്‍ രക്ഷാസമിതിയില്‍ വിഷയം വന്നാല്‍ വീറ്റോ ചെയ്യുമെന്നാണ് അമേരിക്കയുടെ നിലപാട്. നിലവില്‍ യുഎന്നില്‍ നിരീക്ഷക പദവിയുള്ള പലസ്തീന്‍ പൂര്‍ണ അംഗത്വത്തിന് മുന്നോടിയായി ഇത് വോട്ടവകാശമില്ലാത്ത അംഗത്വമായി ഉയര്‍ത്തുന്നതിനാണ് ശ്രമിക്കുന്നത്. എന്നാല്‍, പലസ്തീനെ പൂര്‍ണമായി വിഴുങ്ങാന്‍ ഭൂമി കൈയേറ്റം തുടര്‍ന്നുവരുന്ന ഇസ്രയേല്‍ ഇതുപോലും അംഗീകരിക്കില്ലെന്ന നിലപാടിലാണ്.

deshabhimani 060812

No comments:

Post a Comment