Monday, August 6, 2012

കണ്ണില്‍നിന്ന് മായുന്നില്ല, ആ കനല്‍ക്കാഴ്ചകള്‍


നാലാം വയസ്സില്‍ കണ്ട ആണവദുരന്തത്തിന്റെ ഭീകരത കണ്ണില്‍നിന്ന് മായുന്നില്ല. പിറന്ന നാട് ഒറ്റ നിമിഷംകൊണ്ട് ഇല്ലാതായി. എങ്ങും നിലവിളികളും മൃതദേഹങ്ങളും മാത്രം. അമേരിക്ക വര്‍ഷിച്ച അണുബോംബിന്റെ ദൂഷ്യം തലമുറകളിലേക്ക് വ്യാപിക്കുകയാണെന്ന് ഹിരോഷിമദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി ഹീരോ ഈസോ. ഇനിയൊരു ആണവദുരന്തം ഒഴിവാക്കാന്‍ എല്ലാ രാജ്യങ്ങളും അണുവായുധം ഉപേക്ഷിക്കണമെന്നും ഈ എഴുപത്തൊന്നുകാരന്‍ പറഞ്ഞു.

"ഹിരോഷിമയില്‍ അണുബോംബിട്ട സ്ഥലത്തിന്റെ 2.5 കിലോമീറ്റര്‍ അകലെയായിരുന്നു വീട്. മൂത്ത സഹോദരി ഫാക്ടറിയില്‍ ജോലിക്കു പോയിരുന്നു. അച്ഛനും ഫാക്ടറിയിലായിരുന്നു. ഒരു വയസ്സുള്ള അനുജന്‍ മയക്കത്തിലും. ബോംബ് വര്‍ഷിച്ച ഉടനെ അമ്മ ഞങ്ങളെ എടുത്ത് ഓടി ഷെല്‍ട്ടറിനടിയില്‍ ഒളിപ്പിച്ചു. ചൂട് കൊണ്ട് പൊള്ളിയ ഞാന്‍ അനുജനെ മാറോടണച്ചു പിടിച്ചു"- ഹീരോ ഈസോ പറഞ്ഞു.

വീടും നാടും നശിച്ചതിനാല്‍ അച്ഛന്റെ നാട്ടിലേക്ക് കുടുംബസഹിതം മാറി. അമ്മയ്ക്ക് വയറ്റില്‍ ക്യാന്‍സര്‍ ബാധിച്ചു പത്ത് വര്‍ഷം മുമ്പ് മരിച്ചു. താന്‍ ഇപ്പോഴും രോഗപീഡ അനുഭവിക്കുകയാണ്. ശരീരത്തിന് ആവശ്യമായ തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. അതിനാല്‍ ആറു മാസം കൂടുമ്പോള്‍ കരള്‍രോഗം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയും നാല് പെണ്‍മക്കളും അടങ്ങുന്ന കുടുംബമാണ് ഹീരോയുടേത്.

ഹിരോഷിമയിലെയും നാഗസാക്കിയിലെയും ജനങ്ങള്‍ ഏറ്റവുമധികം ദുഃഖം അനുഭവിക്കുകയാണ്. തങ്ങളുടെ മക്കളും പേരമക്കളും ജനിതകവൈകല്യം, ക്യാന്‍സര്‍ മുതലായ രോഗങ്ങള്‍ ബാധിച്ച് കഷ്ടപ്പെടുകയാണ്. എന്നിട്ടും ആണവായുധങ്ങള്‍ നിര്‍മിക്കുന്നതില്‍ രാജ്യങ്ങള്‍ മത്സരിക്കുന്നു. ഒരു നിമിഷംകൊണ്ട് ലോകത്തെ ഇല്ലാതാക്കാനുള്ള ആണവായുധങ്ങള്‍ രാജ്യങ്ങളുടെ കൈയിലുണ്ട്. ഇതെല്ലാം നിര്‍വീര്യമാക്കാനാണ് ഹീരോ ആവശ്യപ്പെടുന്നത്. ആണവദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ച "യെസ്, അബോളിഷന്‍ ഓഫ് ന്യൂക്ലിയര്‍ വെപ്പണ്‍സ്" ക്യാമ്പയിന്റെ ഭാഗമായി ലോകം മുഴുവന്‍ സഞ്ചരിക്കുന്ന ഹീരോ ഈസോആദ്യമായാണ് കേരളത്തിലെത്തിയത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് വൈഎംസിഎ സംഘടിപ്പിച്ച സമാധാനവാരാചരണവും ഫോട്ടോ പ്രദള്‍ശനവും ഉദ്ഘാടനംചെയ്തു. വൈഎംസിഎ സംസ്ഥാന ചെയര്‍മാന്‍ ലെബി ഫിലിപ് മാത്യൂ അധ്യക്ഷനായി.

deshabhimani 060812

1 comment:

  1. നാലാം വയസ്സില്‍ കണ്ട ആണവദുരന്തത്തിന്റെ ഭീകരത കണ്ണില്‍നിന്ന് മായുന്നില്ല. പിറന്ന നാട് ഒറ്റ നിമിഷംകൊണ്ട് ഇല്ലാതായി. എങ്ങും നിലവിളികളും മൃതദേഹങ്ങളും മാത്രം. അമേരിക്ക വര്‍ഷിച്ച അണുബോംബിന്റെ ദൂഷ്യം തലമുറകളിലേക്ക് വ്യാപിക്കുകയാണെന്ന് ഹിരോഷിമദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി ഹീരോ ഈസോ. ഇനിയൊരു ആണവദുരന്തം ഒഴിവാക്കാന്‍ എല്ലാ രാജ്യങ്ങളും അണുവായുധം ഉപേക്ഷിക്കണമെന്നും ഈ എഴുപത്തൊന്നുകാരന്‍ പറഞ്ഞു.

    ReplyDelete