Sunday, February 23, 2014

ഉക്രയ്നില്‍ യുഎസ് അട്ടിമറി

കീവ്: അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും പിന്തുണയോടെ ഉക്രയ്നില്‍ നടക്കുന്ന പ്രതിപക്ഷകലാപം സര്‍ക്കാരിനെ അട്ടിമറിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങി. തലസ്ഥാനമായ കീവിന്റെ നിയന്ത്രണം സ്വന്തമാക്കിയ പ്രതിപക്ഷം, പാര്‍ലമെന്റടക്കമുള്ള സുപ്രധാന സര്‍ക്കാര്‍മന്ദിരങ്ങളും മന്ത്രാലയങ്ങളും പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, അക്രമികള്‍ക്ക് മുന്നില്‍ കീഴടങ്ങി രാജിവയ്ക്കില്ലെന്ന് കിഴക്കന്‍ നഗരമായ ഖാര്‍കിവിലെത്തിയ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച് പ്രാദേശിക ടിവി ചാനലില്‍ പറഞ്ഞു. പ്രതിപക്ഷമല്ല, കൊള്ളക്കാരാണ് നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട തന്റെ ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമാസമായി തുടരുന്ന കലാപം അവസാനിപ്പിക്കാന്‍ വെള്ളിയാഴ്ച പ്രതിപക്ഷനേതാക്കളുമായി പ്രസിഡന്റ് ഉടമ്പടിയില്‍ എത്തിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താനും ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനും സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. ഈ സമാധാന കരാറിനുശേഷം നാടകീയമായാണ് പ്രതിപക്ഷത്തിന്റെ അട്ടിമറിനീക്കം. പാര്‍ലമെന്റ് പിടിച്ചെടുത്ത പ്രതിപക്ഷ അംഗങ്ങള്‍ തടവിലുള്ള മുന്‍ പ്രധാനമന്ത്രി യൂലിയ തൈമോഷെങ്കോയെ മോചിപ്പിക്കണമെന്ന് പ്രമേയം പാസാക്കി.

അധികാരം ദുരുപയോഗിച്ചതിന് ഏഴുവര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് അവര്‍. തൈമോഷെങ്കോയുടെ കൂട്ടാളിയായ ആഴ്സന്‍ അവാകോവിനെ ആഭ്യന്തരമന്ത്രിയായി പ്രതിപക്ഷം പ്രഖ്യാപിച്ചു. പൊലീസ് സംരക്ഷണം ഇല്ലാതായ പ്രസിഡന്റിന്റെ ഓഫീസ് വളപ്പിലടക്കം സൈനികവേഷം ധരിച്ച പ്രതിപക്ഷപ്രവര്‍ത്തകര്‍ തോക്കുമായി നടക്കുന്ന ദൃശ്യം ചാനലുകള്‍ സംപ്രേഷണംചെയ്തു. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ ഉക്രയ്നിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക നടത്തിയ ഇടപെടലുകള്‍ നേരത്തെതന്നെ പുറത്തുവന്നിരുന്നു.

കലാപമുണ്ടാക്കാന്‍ ചുമതലപ്പെട്ട യുഎസ് അസിസ്റ്റന്റ് സെക്രട്ടറി വിക്ടോറിയ നൂലാന്‍ഡും അമേരിക്കന്‍ സ്ഥാനപതി ജിയോഫ്രപാറ്റും തമ്മില്‍ നടന്ന ഫോണ്‍സംഭാഷണമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിനെ പുറത്താക്കാന്‍ ഇടപെടുമെന്ന് യുഎസ് വിദേശ സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭരണപക്ഷത്തെ പാര്‍ലമെന്റ് അംഗങ്ങളെയും സൈന്യത്തിലെയും പൊലീസിലെയും ഉദ്യോഗസ്ഥരെയും വിലയ്ക്കെടുത്താണ് അമേരിക്കയും കൂട്ടാളികളും ഇയു അനുകൂല പ്രതിപക്ഷസമരത്തെ അട്ടിമറിയിലേക്ക് നയിച്ചത്.

deshabhimani

No comments:

Post a Comment