Monday, February 24, 2014

കുത്തകകള്‍ക്ക് ലാഭമുണ്ടാക്കാന്‍ നഗരവികസന സംഗമം

കോര്‍പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും വികസന, നിക്ഷേപ പദ്ധതികളില്‍നിന്ന് സര്‍ക്കാരിന്റെ പിന്മാറ്റം പൂര്‍ണമാക്കുന്ന പാര്‍ട്ണര്‍ കേരള നഗരവികസന സംഗമം തിങ്കളാഴ്ച തുടങ്ങും. സംസ്ഥാനത്തെ അഞ്ച് കോര്‍പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും ഉടമസ്ഥതയിലുള്ള കണ്ണായ സ്ഥലങ്ങളില്‍ സ്വകാര്യമുതലാളിമാര്‍ക്ക് നിക്ഷേപം ഇറക്കി നേട്ടംകൊയ്യാനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്. എറണാകുളം താജ് ഗേറ്റ്വേ ഹോട്ടലില്‍ നടക്കുന്ന സംഗമം ചൊവ്വാഴ്ച സമാപിക്കും. 84 പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിലൂടെ 6315 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി മഞ്ഞളാംകുഴി അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കേണ്ട വികസനപദ്ധതികളാണ് സ്വകാര്യ വ്യക്തികളുടെ പണംകൊണ്ട് പൂര്‍ത്തിയാക്കുന്നത്. ജനങ്ങളില്‍നിന്ന് വന്‍തുക ഫീസായും ടോള്‍ ആയും ഇവര്‍ക്ക് ഈടാക്കാം. മന്ത്രിയുടെ അടുപ്പക്കാരായ പ്രവാസികള്‍ക്ക് നേട്ടമൊരുക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ആക്ഷേപമുണ്ട്. നഗരത്തിലെ കണ്ണായ സ്ഥലങ്ങളില്‍ ഷോപ്പിങ് കോംപ്ലക്സുകള്‍ പണിയാനാണ് ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാനാകുമെന്നിരിക്കെ പൊതുജനങ്ങളെ പിഴിഞ്ഞ് നടത്തിപ്പുകാര്‍ക്ക് നേട്ടമൊരുക്കാനാണ് സംഗമം ലക്ഷ്യമിടുന്നത്. സര്‍ക്കാരിന് ഇടനിലക്കാരന്റെ റോളാണ് പദ്ധതിയില്‍ ഉണ്ടാവുക എന്ന് മന്ത്രി പറഞ്ഞു.

സംഗമത്തിന്റെ നടത്തിപ്പിനും പ്രചാരണത്തിനുമായി രണ്ടുകോടി രൂപ ചെലവാകും. സംഗമത്തില്‍ ടെന്‍ഡര്‍ വിളിച്ചാകും പദ്ധതി നടപ്പാക്കുക എന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ബിഒടി പദ്ധതിയായ മട്ടാഞ്ചേരി പാലത്തിന്റെ കരാറുകാര്‍ നടത്തുന്ന കൊള്ള ഇനിയും അവസാനിച്ചിട്ടില്ല. സര്‍ക്കാരിന് കമ്പനി സമര്‍പ്പിക്കുന്ന കണക്കുകള്‍ തട്ടിപ്പാണെന്ന പരാതി വ്യാപകമാണ്. ഇത്തരം പിരിവ്പദ്ധതികള്‍ വ്യാപകമാക്കുകയാണ് പാര്‍ട്ണര്‍ കേരള സംഗമവും ലക്ഷ്യമിടുന്നത്. സംഗമത്തിന് തിങ്കളാഴ്ച രാവിലെ കേന്ദ്രമന്ത്രി വയലാര്‍ രവി തിരിതെളിക്കും. മഞ്ഞളാംകുഴി അലി അധ്യക്ഷനാകും. ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിക്ഷേപകരുമായി സംവദിക്കും. 500 പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഷ്റഫ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment