Monday, February 24, 2014

സുവ ഒഴിവാക്കിയത് രാജ്യതാല്‍പര്യത്തിനെതിര്: പിണറായി

തളിപ്പറമ്പ്: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ ചുമത്തേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാജ്യത്തിന്റെയും ജനതയുടെയും അഭിമാനം അടിയറവെക്കുന്ന നടപടിയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.രാജ്യത്തിന്റെ പരമാധികാരത്തിന് ചേരാത്ത നിലപാടാണിത്. പാവപ്പെട്ടവരുടെ ജീവന് ഒരു വിലയും സര്‍ക്കാര്‍ കല്‍പ്പിക്കുന്നില്ല- പിണറായി പറഞ്ഞു.

കേരള രക്ഷാമാര്‍ച്ചിന്റെ ഭാഗമായി തളിപ്പറമ്പിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

കടല്‍ക്കൊല കേസില്‍ ഇത്തരമൊരു നില ഉയര്‍ന്നുവരാന്‍ വഴിവിട്ടതാല്‍പര്യം ആര്‍ക്കാണ് എന്ന സംശയം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കാണ് ഈ താല്‍പര്യമെന്നാണ് പൊതുവിലുള്ള ധാരണ. കാര്യങ്ങള്‍ ആകെ പരിശോധിച്ചാല്‍ ഇത് തെറ്റായ അഭിപ്രായമായി കാണാനാകില്ല. സാധാരണ എല്ലാകാര്യത്തിലും അഭിപ്രായം പറയുന്ന കെപിസിസി പ്രസിഡണ്ടിന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ ഇറ്റലി സര്‍ക്കാരും ഇന്ത്യാഗവര്‍മെണ്ടുമായി നേരത്തേ ധാരണയിലെത്തിയിരുന്നു. തടവ്ശിക്ഷ വിധിച്ചാലും അത് ഇറ്റലിയില്‍ അനുഭവിച്ചാല്‍ മതി എന്നാണ് ധാരണ. മീന്‍പിടിക്കാന്‍ പോയ മത്സ്യതൊഴിലാളികളെയാണ് വെടിവെച്ച് കൊന്നത്. തൊഴിലാളികള്‍ഒരു അക്രമത്തിനും മുതിര്‍ന്നിട്ടില്ല. തീര്‍ത്തും ഒരു ക്രിമിനല്‍കുറ്റം. ഈ കേസിലാണ് കേന്ദ്രസര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നത്. സംസ്ഥാനസര്‍ക്കാരും ചിലഘട്ടങ്ങളില്‍ കള്ളക്കളി നടത്തി.

ക്രിസ്ത്മസ് ആഘോഷിക്കാന്‍ പ്രതികളെ നാട്ടിലയച്ചത് ഈ കള്ളക്കളിയുടെ ഫലമായിരുന്നു. തിരിച്ചുവരില്ലെന്ന് പ്രതികളും ഇറ്റലിയും നിലപാടെടുത്തു. കൊലക്കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് സാധാരണ ലഭിക്കുന്ന സൗകര്യമല്ല സര്‍ക്കാര്‍ അവര്‍ക്ക് ഒരുക്കികൊടുത്തത്. സുപ്രീംകോടതി ശക്തമായ നിലപാടെടുത്തതുകൊണ്ടാണ് അവര്‍ തിരിച്ചുവന്നത്. ഇനി കോടതിയാണ് ശിക്ഷ തീരുമാനിക്കേണ്ടത്. എന്നാല്‍ കൊലക്കുറ്റം ബാധകമാക്കില്ലെന്ന്.സര്‍ക്കാര്‍ മുന്‍കൂട്ടി പറയുകയാണ്. അതാണ് പ്രശ്നമാകുന്നത്.

1988ല്‍ റോമില്‍ ഇന്ത്യകൂടി ഒപ്പുവെച്ച അന്താരാഷ്ട്ര കരാറനുസരിച്ചാണ് സുവ നിയമം വന്നത്. കടലില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ശിക്ഷ നല്‍കാനുള്ളതാണ് നിയമം. അതനുസരിച്ചാണ് എന്‍ഐഎ കേസ് അന്വേഷിച്ചതും കേരളത്തിലെ കേസ് എന്‍ഐഎയ്ക്ക് മാറ്റിയതും. ഇപ്പോള്‍ സുവപ്രകാരമുള്ള വശിക്ഷ ബാധകമായ കുറ്റമില്ലെന്നും 10 കൊല്ലം തടവ് കിട്ടാവുന്ന കുറ്റമേ ഉള്ളൂ എന്നും എന്‍ഐഎ കോടതിയില്‍ പറയുന്നു. ഇതാണ് കള്ളക്കളി- പിണറായി പറഞ്ഞു.

കടല്‍ക്കൊല: സുവ ഒഴിവാക്കി

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ ചുമത്തിയ സുവ നിയമം ഒഴിവാക്കിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. രണ്ട് ഇന്ത്യക്കാരെ വെടിവച്ചുകൊന്ന കേസിലെ പ്രതികളെ സുവ (സപ്രഷന്‍ ഓഫ് അണ്‍ ലോഫുള്‍ ആക്ട്സ് എഗെയിന്‍സ്റ്റ് ദി മാരിടൈം നാവിഗേഷന്‍ ആക്ട്) നിയമപ്രകാരം വിചാരണ ചെയ്യേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്

ഇറ്റലിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ്. ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ നിലനില്‍ക്കുന്ന കേസ് ഇതോടെ ദുര്‍ബലമായി. സുവ ഒഴിവാക്കിയ സാഹചര്യത്തില്‍ കേസ് എന്‍ഐഎയ്ക്ക് ഇനി അന്വേഷിക്കാനാകില്ലെന്ന് ഇറ്റലി സുപ്രീംകോടതിയില്‍ വാദിച്ചു. കേസ് രണ്ടാഴ്ചക്കകം കോടതി വീണ്ടും പരിഗണിക്കും. സുവ ഒഴിവാക്കുന്നതിരെ കേരളം കോടതിയില്‍ എതിര്‍ത്തു.

കേരളതീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ 2012 ഫെബ്രുവരി 15നാണ് ജലസ്റ്റിന്‍ വലന്റൈന്‍, അജീഷ് പിങ്കി എന്നിവര്‍ ഇറ്റാലിയന്‍ യുദ്ധക്കപ്പലായ എന്‍റിക്ക ലെക്സിയില്‍നിന്ന് വെടിയേറ്റ് മരിച്ചത്. സാല്‍വത്തോറെ ജിറോണ്‍, മാസിമിലാനോ ലാത്തോറെ എന്നിവരാണ് പ്രതികള്‍. ഇവരെ കേസില്‍നിന്ന് രക്ഷിക്കാന്‍ തുടക്കംമുതല്‍ ഇറ്റലി സമ്മര്‍ദം ചുമത്തിയിരുന്നു. എന്‍ഐഎ ഏറ്റെടുത്ത കേസില്‍ സുവ ചുമത്തുകയായിരുന്നു.

എന്നാല്‍, ഇത് തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുനേരെ ചുമത്തുന്നതാണെന്നും സൈനികര്‍ക്കുനേരെ പാടില്ലെന്നും ഇറ്റലി വാദിച്ചു. സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോള്‍ ഇറ്റലിക്കുവേണ്ടി ഹാജരായ അഭിഭാഷകരുടെ പ്രധാന വാദം ഇതായിരുന്നു. സൈനികര്‍ക്ക് വധശിക്ഷ ഉണ്ടാകില്ലെന്ന് വിദേശമന്ത്രാലയം ഇറ്റലിക്ക് ഉറപ്പ് കൊടുത്തിരുന്നു. ഈ നിര്‍ദേശം അംഗീകരിക്കാന്‍ ആദ്യം തയ്യാറായില്ലെങ്കിലും ഒടുവില്‍ ആഭ്യന്തരവകുപ്പും ഇറ്റലിയുടെ സമ്മര്‍ദത്തിന് കീഴടങ്ങി. സുവ നിയമത്തില്‍ വധശിക്ഷ ഉറപ്പാക്കുന്ന മൂന്ന് (ജി) വകുപ്പ് ഒഴിവാക്കി പത്ത് വര്‍ഷം തടവ് മാത്രം ലഭിക്കുന്ന മൂന്ന് (എ) വകുപ്പ് ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിനും ഇറ്റലി വഴങ്ങിയില്ല. സുവപൂര്‍ണമായും നീക്കണമെന്നാണ് ഇറ്റലി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്രസര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. മറുപടിയായി തയ്യാറാക്കിയ സത്യവാങ്മൂലത്തിലാണ് സുവ പൂര്‍ണമായും ഒഴിവാക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം വിശദീകരിച്ചത്.

ഭീകരവിരുദ്ധ നിയമമായ സുവ ചുമത്താതെ കടല്‍ക്കൊലക്കേസ് അന്വേഷിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടും. എന്നാല്‍, സുവ നിയമം ഒഴിവാക്കുന്നതോടെ എന്‍ഐഎക്ക് കേസുമായി മുന്നോട്ടുപോകുക പ്രയാസമാകും. സുവ ഒഴിവാക്കുന്നതോടെ നിലനില്‍ക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങളാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302ാം വകുപ്പ് പ്രകാരം കൊലപാതകത്തിനും ബോട്ട് തകര്‍ത്തതിന് മറ്റ് വകുപ്പുകള്‍ പ്രകാരവുമാണ് വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഭീകരവിരുദ്ധ അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്ക് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങള്‍ അന്വേഷിക്കാന്‍ സാധിക്കില്ല. സുവ ചുമത്തരുതെന്ന് ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ട ഇറ്റലി അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയന്റെയടക്കം നിരന്തരമായ ഇടപെടലാണ് സൈനികര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

deshabhimani

No comments:

Post a Comment