Wednesday, February 26, 2014

സഹകരണ സ്ഥാപനങ്ങള്‍ സുപ്രീംകോടതിയിലേക്ക്

ആദായ നികുതി വകുപ്പിന്റെ കടന്നുകയറ്റത്തിനെതിരെ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കും. സംഘങ്ങളില്‍ കടന്നുകയറി പരിശോധന നടത്തുമെന്ന് നോട്ടീസ് നല്‍കിയ ആദായ നികുതി വകുപ്പിന്റെ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം. ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപനത്തില്‍ കടന്നുകയറാന്‍ അമിതാധികാരം നല്‍കുന്ന ആദായ നികുതി നിയമത്തിലെ വ്യവസ്ഥയെ കോടതിയില്‍ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. കേരള കോ-ഓപ്പറേറ്റീവ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് നിയമ നടപടികള്‍ സ്വീകരിക്കുക. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ സേവനം തേടാനും തീരുമാനിച്ചിട്ടുണ്ട്.

അഞ്ചു ലക്ഷം രൂപമുതല്‍ നിക്ഷേപിച്ചിട്ടുള്ളവരുടെയും മാസം 10,000 രൂപ പലിശ വാങ്ങുന്നവരുടെയും പട്ടിക സഹകരണ സ്ഥാപനങ്ങള്‍ നല്‍കണമെന്നാണ് ആദായനികുതി വകുപ്പിന്റെ ആവശ്യം.നല്‍കിയില്ലെങ്കില്‍ ദിവസം 100 രൂപവീതം പിഴ ചുമത്തുമെന്നും സ്ഥാപന ഓഫീസില്‍ കയറി വിവരം എടുക്കുമെന്നും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നു. ദേശസാല്‍കൃത ബാങ്കുകള്‍ക്ക് നല്‍കിയിട്ടുള്ള ഇളവ് സഹകരണ സംഘങ്ങള്‍ക്കും അനുവദിക്കണമെന്നു കാട്ടി കേന്ദ്ര ധനമന്ത്രിക്ക് സംസ്ഥാന സര്‍ക്കാരും നിവേദനം നല്‍കി. പ്രതിരോധമന്ത്രി എ കെ ആന്റണിക്കും മുഖ്യമന്ത്രിയും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമാരും ചേര്‍ന്ന് നിവേദനം നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് കടുത്ത നടപടിയുമായി ആദായ നികുതി അധികൃതര്‍ മുന്നോട്ടുപോകുന്നത്. സ്വകാര്യ ചിട്ടിക്കമ്പനികള്‍ അടക്കമുള്ള പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കാനാണ് ആദായനികുതി വകുപ്പിന്റെ നീക്കം. ആദായനികുതി നിയമത്തിലെ വകുപ്പ് 80 (പി) പ്രകാരം ദേശസാല്‍കൃത ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് നല്‍കിയിരുന്ന ഇളവ് സഹകരണ മേഖലയ്ക്കും ലഭിച്ചിരുന്നു. ഇത് ഇല്ലാതാക്കുകയാണ്. ആദായ നികുതി നിയമത്തിലെ വകുപ്പ് 133 (6) പ്രകാരം ആദായനികുതി ഉദ്യോഗസ്ഥന്റെ മുന്നില്‍ നിലനില്‍ക്കുന്ന അന്വേഷണത്തിനോ നടപടികള്‍ക്കോ ഉപകാരപ്രദമെന്ന് തോന്നുന്ന വിവരങ്ങള്‍ നോട്ടീസിലൂടെ ആവശ്യപ്പെടാം. ഉദ്യോഗസ്ഥര്‍ക്കുള്ള ഈ അമിതാധികാരം പലപ്പോഴും ദുരുപയോഗംചെയ്യപ്പെടുന്നു. ഇതിന്റെ നിയമസാധുതയാണ് ചോദ്യംചെയ്യപ്പെടുക.

deshabhimani

No comments:

Post a Comment