Thursday, February 27, 2014

സുധീരന്റെ മുന്നറിയിപ്പ് തള്ളി; സ്വയം പ്രഖ്യാപിച്ച് സ്ഥാനാര്‍ഥികള്‍

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് ചര്‍ച്ച ഒന്നിന് പുനരാരംഭിക്കാനിരിക്കെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ മുന്നറിയിപ്പിന് പുല്ലുവില കല്‍പിച്ച് സ്വയം സ്ഥാനാര്‍ഥിപ്രഖ്യാപനം തുടരുന്നു. വിജഭന ചര്‍ച്ച പൂര്‍ത്തിയാക്കി അതാത് കക്ഷികള്‍ ഔപചാരികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസുകാരും യുഡിഎഫിലെ മറ്റ് ഘടകകക്ഷി നേതാക്കളും സ്വയം സ്ഥാനാര്‍ഥികളായി രംഗത്ത് വരരുതെന്നായിരുന്നു സുധീരന്റെ മുന്നറിയിപ്പ്.

എന്നാല്‍ തിരുവനന്തപുരം, വടകര ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ "സ്ഥാനാര്‍ഥികള്‍" സ്വന്തം അണികളെ രംഗത്തിറക്കി പ്രചാരണവും തുടങ്ങി. ഘടകകക്ഷികള്‍ സീറ്റിനായി പിടിമുറുക്കുകയും ചെയ്തതോടെ വിഭജനം കീറാമുട്ടിയായി. തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി ശശി തരൂര്‍ പത്രങ്ങളില്‍ പെയ്ഡ് ന്യൂസ് മാതൃകയില്‍ മുഴുവന്‍പേജ് വര്‍ണചിത്ര പരസ്യങ്ങള്‍ നല്‍കി. എറണാകുളത്ത് സ്വയം സ്ഥാനാര്‍ഥിയായ കേന്ദ്രമന്ത്രി കെ വി തോമസ് നല്‍കിയ പെയ്ഡ് ന്യൂസ് മാതൃകയിലാണ് ശശി തരൂരിന്റെ പരസ്യവും.

മണ്ഡലത്തിന്റെ പലഭാഗങ്ങളിലും വോട്ടഭ്യര്‍ഥിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് ചുമര്‍ പരസ്യങ്ങളും ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചു. കൂടാതെ ചില പരസ്യ ഏജന്‍സികള്‍ക്ക് കരാറും നല്‍കി. ദിവസക്കൂലി അടിസ്ഥാനത്തില്‍ ഏതാനും "പ്രവര്‍ത്തകരെയും" പ്രചാരണത്തിനായി നിയോഗിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ താന്‍തന്നെയാണ് വടകരയില്‍ സ്ഥാനാര്‍ഥിയെന്ന് കാലേക്കൂട്ടി പ്രഖ്യാപിച്ചിരുന്നു. സീറ്റ് കിട്ടില്ലെന്ന് ഭയക്കുന്ന മുല്ലപ്പള്ളി കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ കൊണ്ടുവന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

ഇടുക്കിയില്‍ പി ടി തോമസ് നേരത്തേതന്നെ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പ്രവര്‍ത്തനവും നടത്തുന്നു. മലപ്പുറം ജില്ലയിലെ രണ്ട് സീറ്റിലും ലീഗ് സ്വന്തം അണികളില്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലെ മറ്റ് സിറ്റിങ് എംപിമാരും സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിക്കുപ്പായം അണിഞ്ഞു. കോട്ടയത്ത് ജോസ് കെ മാണിയും സ്ഥാനാര്‍ഥിയായിക്കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റ സീറ്റുകളില്‍മാത്രമേ ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ടതുള്ളു. മാര്‍ച്ച് ഒന്നിന് കോഴിക്കോട്ട് മുസ്ലീംലീഗ്, വീരേന്ദ്രകുമാറിന്റെ ജനതാദള്‍ എന്നീ കക്ഷികളുമായാണ് കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച.

വടകര സീറ്റിന് പകരം അടുത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് വീരനെ ഒതുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നു. എന്നാല്‍ അടുത്ത് വരുന്ന ഒഴിവ് എ കെ ആന്റണിയുടേതാണ്. ആ സീറ്റ് ആന്റണിക്കല്ലാതെ മറ്റാര്‍ക്കും കൊടുക്കാനാകില്ല. പിന്നീട് വരുന്ന ഒഴിവ് വളരെ വൈകിയായിരിക്കും. കോണ്‍ഗ്രസിന്റെ ഈ തന്ത്രത്തില്‍ വീരന്‍ മുട്ടുമടക്കുമോ എന്നാണ് അറിയാനുള്ളത്. കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് കൊടുക്കുകയാണെങ്കില്‍ മൂന്ന് സീറ്റ് വേണമെന്ന് ലീഗ് വാശിപിടിക്കും.

കുഞ്ഞാലിക്കുട്ടി രണ്ട് സീറ്റ് മതിയെന്ന് പറയുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ സമ്മതിക്കുന്നില്ല. കേരളത്തിന് പുറത്തായാലും ഒരു സീറ്റ് കിട്ടിയാല്‍ മതിയെന്നാണ് ലീഗ് നിലപാട്. കേരള കോണ്‍ഗ്രസ് ആകട്ടെ ഇടുക്കി സീറ്റില്‍ ഉറച്ചുനില്‍ക്കുകയാണ്. കേരള കോണ്‍ഗ്രസുമായി മാര്‍ച്ച് മൂന്നിനാണ് ചര്‍ച്ച.

deshabhimani

No comments:

Post a Comment