Thursday, February 27, 2014

കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ച: കാരാട്ട്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ തകര്‍ച്ചയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അഴിമതിയും നവ ഉദാരവല്‍ക്കരണ നയങ്ങളും കാരണം ജനങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് തൂത്തെറിയപ്പെടും. യുപിഎ സര്‍ക്കാരിന് കീഴില്‍ കോണ്‍ഗ്രസ് നടത്തിയ റെക്കോഡ് അഴിമതിക്കും ജനദ്രോഹത്തിനും അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരോട് അവര്‍ മറുപടി പറയേണ്ടിവരും.

അഭൂതപൂര്‍വമായ ജനമുന്നേറ്റമായി മാറിയ കേരളരക്ഷാ മാര്‍ച്ചിന്റെ സമാപനംകുറിച്ച് കോഴിക്കോട് കടപ്പുറത്ത് ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ കക്ഷിയായ ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന അവകാശവാദം അസംബന്ധമാണെന്ന് കാരാട്ട് പറഞ്ഞു. രാജ്യത്താകെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അപകടത്തിലാണ്. ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ഇടതുപക്ഷ-ജനാധിപത്യ-മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മക്കു മാത്രമേ കഴിയൂ. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനും ആര്‍എസ്എസ് നിയന്ത്രിക്കുന്ന വര്‍ഗീയ പ്രസ്ഥാനമായ ബിജെപിക്കുമെതിരെ ജനാധിപത്യ-മതനിരപേക്ഷ പാര്‍ടികളുടെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സിപിഐ എമ്മും മറ്റ് ഇടതുപക്ഷ പാര്‍ടികളും ശ്രമിക്കുന്നത്.

ഡല്‍ഹിയില്‍ ഫെബ്രുവരി 25ന് ചേര്‍ന്ന 11 പാര്‍ടികളുടെ യോഗം ഇതിന്റെ ഭാഗമാണ്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുക, വര്‍ഗീയ കക്ഷികള്‍ അധികാരത്തില്‍ വരുന്നത് തടയുന്നതിന് രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറ സുദൃഢമാക്കുക, ജനങ്ങള്‍ക്ക് അനുകൂലമായ വികസന നയം നടപ്പാക്കുക, രാജ്യത്തിന്റെ ഫെഡറല്‍ ചട്ടക്കൂട് സംരക്ഷിക്കുക എന്നീ നാല് സുപ്രധാന ലക്ഷ്യങ്ങള്‍ക്ക് വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കാന്‍ 11 കക്ഷികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിനെയും ബിജെപിയെയും തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന് ശക്തിയുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ വലിയ ജനപിന്തുണയുള്ള കക്ഷികളാണ് കൂടെയുള്ളത്.

തമിഴ്നാട്ടിലും യുപിയിലും ബിഹാറിലും ഒഡിഷയിലും ഭരണപക്ഷത്താണ് ഇതിലെ നാലു പാര്‍ടികള്‍. കേരളത്തിലെ മതനിരപേക്ഷ ജനവിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ-ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കണമെന്ന് കാരാട്ട് അഭ്യര്‍ഥിച്ചു. കാരണം, ഇടതുപക്ഷ ശക്തികള്‍ക്കേ ബിജെപിക്കെതിരെ ഉറച്ചുനിന്ന് പോരാടാന്‍ കഴിയൂ. ഏതാനും സീറ്റിനും സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി എന്തു ചെയ്യാനും മടിയില്ലാത്ത പാര്‍ടിയായി കോണ്‍ഗ്രസ് അധഃപതിച്ചു. തെലങ്കാന മേഖലയില്‍ ഏതാനും സീറ്റ് മോഹിച്ചാണ് കോണ്‍ഗ്രസ് ആന്ധ്രപ്രദേശിനെ വെട്ടിമുറിച്ചത്.

യുപിഎ നേതൃത്വത്തില്‍ കഴിഞ്ഞ പത്തു വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് വന്‍കിട കുത്തകകള്‍ക്കും വിദേശ കമ്പനികള്‍ക്കും വേണ്ടിയാണ് നിലകൊണ്ടത്. 2009-2013 കാലത്ത് 21 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകളും നികുതിബാധ്യത ഒഴിവാക്കലുമാണ് വന്‍കിട കുത്തകകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നടത്തിയത്. അതേസമയം സാധാരണക്കാരുടെ മേല്‍ കോണ്‍ഗ്രസ് വലിയ ഭാരം അടിച്ചേല്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും ഭീകരമായ വിലക്കയറ്റം മുമ്പുണ്ടായിട്ടില്ല. 2004-ല്‍ ലിറ്ററിന് 20 രൂപയുണ്ടായിരുന്ന ഡീസലിന് 60 രൂപയായി. ഭക്ഷ്യസാധനങ്ങളുടെയും വളത്തിന്റെയും എണ്ണയുടെയും സബ്സിഡി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 78,000 കോടി രൂപ വെട്ടിക്കുറച്ചതായി കാരാട്ട് പറഞ്ഞു.

5 വര്‍ഷം കോണ്‍ഗ്രസ് ഉറങ്ങുകയായിരുന്നോ: കാരാട്ട്

കോഴിക്കോട്: ലോക്സഭ പിരിഞ്ഞശേഷം അഴിമതി തടയാനെന്ന പേരില്‍ അഞ്ച് ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് തീരുമാനം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും പരിഹാസ്യവുമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. നിയമം നിര്‍മിക്കാനുള്ള അവകാശം പാര്‍ലമെന്റിനാണ്. തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന പുതിയ പാര്‍ലമെന്റ് അക്കാര്യം ചര്‍ച്ചചെയ്യട്ടെ. ജനങ്ങളെ കബളിപ്പിക്കുന്ന ഈ ഓര്‍ഡിനന്‍സ്രാജിനെ സിപിഐ എം ശക്തിയായി എതിര്‍ക്കുമെന്ന് കാരാട്ട് വ്യക്തമാക്കി. കേരളരക്ഷാ മാര്‍ച്ചിന്റെ സമാപന സമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തോല്‍വി ഉറപ്പായ പരിഭ്രാന്തിയിലാണ് ഇത്തരം വേലകളുമായി കോണ്‍ഗ്രസ് ഇറങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ ഉപദേശപ്രകാരമാണത്രെ ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷവും കോണ്‍ഗ്രസ് ഉറങ്ങുകയായിരുന്നു. ആത്മാര്‍ഥതയുണ്ടായിരുന്നുവെങ്കില്‍ ലോക്സഭ പിരിയുന്നതിന് മുമ്പ് ബില്ലുകള്‍ പരിഗണിക്കാമായിരുന്നില്ലേ. സമയം പോരെങ്കില്‍ നാലോ അഞ്ചോ ദിവസം സമ്മേളനം നീട്ടാമായിരുന്നു.

കോണ്‍ഗ്രസിന്റെ ഭരണത്തിലാണ് രാജ്യത്ത് ഏറ്റവും വലിയ അഴിമതിയുണ്ടായത്. 2ജി അഴിമതിയില്‍ സിഎജി കണക്കാക്കിയ നഷ്ടം 1.76 ലക്ഷം കോടി രൂപയാണ്. കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ 1.86 ലക്ഷം കോടി രൂപ നഷ്ടമായി. കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതകത്തിന്റെ വിലനിര്‍ണയത്തില്‍ റിലയന്‍സിനെ സഹായിച്ചപ്പോള്‍ രാജ്യത്തിന് നഷ്ടപ്പെട്ടത് ഒരു ലക്ഷം കോടി രൂപയാണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചെലവഴിക്കേണ്ട ഭീമമായ തുകയാണ് കൊള്ളയടിച്ചത്. അഴിമതി സ്ഥാപനവല്‍ക്കരിച്ച കോണ്‍ഗ്രസാണ് അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സുമായി ഇറങ്ങുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ മാറ്റാതെ അഴിമതി തടയാന്‍ കഴിയില്ല. നവലിബറല്‍ നയങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കു ബദലായ നയങ്ങള്‍ മുന്നോട്ട്വെക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് വിരുദ്ധ ജനവികാരം മുതലെടുത്ത് അധികാരത്തില്‍ വരാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. സാമ്പത്തിക നയത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ടുപുറങ്ങളാണ്. കോണ്‍ഗ്രസിന് ബദലാണെന്ന് അവകാശപ്പെടുന്ന ബിജെപി നഗ്നമായി വലതുപക്ഷനയം നടപ്പാക്കുന്ന പാര്‍ടിയാണ്. അവര്‍ ഭരിച്ചപ്പോള്‍ വന്‍കിട മുതലാളിമാരെയും കച്ചവടക്കാരെയുമാണ് സഹായിച്ചത്. പൊതുമേഖലയെ അവസാനിപ്പിക്കാനാണ് എന്‍ഡിഎ ഭരണത്തില്‍ അവര്‍ ശ്രമിച്ചത്. 2ജി അഴിമതിയുടെയും കല്‍ക്കരിപ്പാടം അഴിമതിയുടെയും തുടക്കം ബിജെപി നയിച്ച എന്‍ഡിഎ ഭരണകാലത്താണ്. ബിജെപിയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസാണെന്നും നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയത് അവരാണെന്നും എല്ലാവര്‍ക്കും അറിയാം. താനൊരു ഹിന്ദുരാഷ്ട്രവാദിയാണെന്ന് മോഡി ഊറ്റംകൊള്ളുന്നുണ്ട്. ഈ മോഡിയുടെ കാര്‍മികത്വത്തിലാണ് ഗുജറാത്തില്‍ മുസ്ലിങ്ങളെ 2002-ല്‍ കൂട്ടക്കശാപ്പ് നടത്തിയത്. വന്‍കിട മുതലാളിമാരുടെ മേച്ചില്‍പ്പുറമാക്കി ഗുജറാത്തിനെ മോഡി മാറ്റി. രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും ആ മാതൃക പകര്‍ത്താനാണ് ബിജെപി ആഗ്രഹിക്കുന്നത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ പദ്ധതികള്‍ ജനങ്ങള്‍ പരാജയപ്പെടുത്തും.

deshabhimani

No comments:

Post a Comment