Thursday, February 27, 2014

തരൂരിന്റെ ശ്രീലങ്കന്‍ കോണ്‍സല്‍ നിയമനവും വിവാദത്തില്‍

മലയാളിയായ ശ്രീലങ്കന്‍ വ്യവസായി, കേന്ദ്രമന്ത്രി ശശി തരൂരിന്റെ നോമിനിയായി ശ്രീലങ്കന്‍ കേണ്‍സല്‍ ആയി നിയമിക്കപ്പെട്ടതും വിവാദത്തില്‍. തലസ്ഥാനത്തെ എംപിയെന്ന നിലയില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഭരണ നേട്ടമായി കൊട്ടിഘോഷിച്ച് ബുധനാഴ്ച നടത്തിയ കോണ്‍സല്‍ ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ബഹിഷ്കരിച്ചതോടെയാണ് ശശി തരൂരുമായി ബന്ധപ്പെട്ട പുതിയ വിവാദം പുറത്ത് വന്നത്.

കോണ്‍സല്‍ ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് ഇന്റലിജന്‍റ്സ് റിപ്പോര്‍ട്ടുണ്ടെന്ന് പറഞ്ഞാണ് തലസ്ഥാനത്ത് താജ് വിവാന്റയില്‍ നടന്ന ചടങ്ങ് രണ്ട് പേരും ബഹിഷ്കരിച്ചത്. തെരഞ്ഞെടുപ്പില്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഉദ്ഘാടനം മാമാങ്കങ്ങള്‍ തട്ടിക്കൂട്ടുന്നതിനിടയില്‍ ബഹി്ഷകരണവും വിവാദവും ശശി തരൂരിന് വീണ്ടും തിരിച്ചടിയായി. ഡെല്‍ഹിയിലെ ശ്രീലങ്കന്‍ ഹൈക്കമീഷനില്‍ നിന്ന് പോലും പ്രതിനിധികളാരും ചടങ്ങിന് എത്തിയതുമില്ല. ഒടുവില്‍ ശശി തരൂര്‍ തന്നെ നാണം കെട്ട് ഉദ്ഘാടനം ചെയ്തു.

എറണാകുളം അങ്കമാലി സ്വദേശി ജോമോന്‍ ജോസഫിനെയാണ് തരൂര്‍ ഇടപെട്ട് വിദേശ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ശ്രീലങ്കന്‍ ഓണററി കോണ്‍സലായി നിയമിച്ചത്. ഇത് ഓണററി പോസ്റ്റ് ആണെങ്കിലും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ നിര്‍ദ്ദേശിക്കാന്‍ പാടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ പോലും തരൂര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ബഹിഷ്കരണവും. ഉദ്ഘാടനം നടക്കുന്നതിന്റെ തൊട്ട് മുമ്പ് മാത്രമാണ് ഇവര്‍ പിന്‍മാറിയതെന്നതും ഗൗരവതരമാണ്. വിവാദമാകുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ മുന്നറിയിപ്പ് നല്‍കിയതുകൊണ്ടാണ് പിന്മാറിയത്. അങ്കമാലിയിലെ പ്രാദേശിക കോണ്‍ഗ്രസുകാരാണ് പരാതിക്കാരെന്ന പ്രത്യേകതയുമുണ്ട്.

നയതന്ത്ര പരിരക്ഷയുള്ള പദവിയില്‍ നിയമനം നടത്തുമ്പോള്‍കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടേയും മറ്റ്സുരക്ഷാ വിഭാഗങ്ങളുടേയും അനുകൂല റിപ്പോര്‍ട്ട് വേണം. എന്നാല്‍ അബ്കാരിയും ക്രഷര്‍ യൂണിറ്റ് ഉടമയും നിരവധി കേസുകളിലെ പ്രതിയുമാണെന്ന് പ്രാദേശിക കോണ്‍ഗ്രസുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന ജോമോന്റെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല. എന്നാല്‍ തനിക്കെതിരെ ക്രിമിനല്‍കേസില്ലെന്നാണ് ജോമോന്‍ അവകാശപ്പെടുന്നത്. കാലടി പോലീസ് എടുത്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തുവെന്നും ജോമോന്‍ പറഞ്ഞു.

ശ്രീലങ്കയില്‍ വ്യവസായി കൂടിയായ ഇയാള്‍ക്ക് എറണാകുളം ജില്ലയില്‍ ക്വാറികളുണ്ട്. ക്വാറിക്കെതിരെ പ്രതിഷേധിച്ച മലയാറ്റൂര്‍ നീലീശ്വരം ഗ്രാമപഞ്ചായത്ത് അംഗത്തിനെ വീട്ടില്‍ കയറി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്്. ഈ കേസില്‍ ജോമോനെ അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ടു. വധഭീഷണി ഉള്‍പ്പെടെ മറ്റുചില കേസുകളും ജോമോനെതിരെയുണ്ടെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

ക്രിമിനല്‍ പശ്ചാത്തലം അറിയില്ലെന്ന വാദം പച്ചക്കള്ളം

കൊച്ചി: തിരുവനന്തപുരത്തെ ശ്രീലങ്കന്‍ കോണ്‍സലേറ്റില്‍ ഹോണററി കോണ്‍സലായി നിയമിച്ച കാലടി മലയാറ്റൂര്‍ എടത്തലവീട്ടില്‍ ജോമോന്‍ ജോസഫിന്റെ ക്രിമിനല്‍ പശ്ചാത്തലം അറിയില്ലെന്ന മന്ത്രിമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും വാദം പച്ചക്കള്ളം. പഞ്ചായത്ത് അംഗവും വിരമിച്ച സ്കൂള്‍ പ്രിന്‍സിപ്പലുമായ കോണ്‍ഗ്രസ് നേതാവിനെ ജോമോന്‍ ആക്രമിച്ച സംഭവത്തില്‍ പഞ്ചായത്തും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയും പാസാക്കിയ പ്രമേയങ്ങള്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തന്നെ ഇടപെട്ട് അറസ്റ്റ്ചെയ്യിച്ച ജോമോന്‍ ജോസഫിനെ കോണ്‍ഗ്രസ് നേതാക്കളുടെതന്നെ സമ്മര്‍ദത്തെത്തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. ഇയാളുടെ നിയമനവിവരം അറിഞ്ഞ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ജോമോനെതിരെയുള്ള കേസുകളുടെ വിവരങ്ങളും പഞ്ചായത്തും പാര്‍ടിയും പാസാക്കിയ പ്രമേയങ്ങളും സഹിതം നിയമനം പിന്‍വലിക്കാന്‍ ഫെബ്രുവരി ഏഴിന് മുഖ്യമന്ത്രിക്ക് പരാതി അയക്കുകയും ചെയ്തിരുന്നു.

2013 ജൂലൈ 30നാണ് മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ പോളിനെ ജോമോന്‍ വീട്ടില്‍ക്കയറി ആക്രമിച്ചത്. പാറമട-ക്രഷര്‍ ഉടമയായ ജോമോനെതിരെ പാറമടയിലേക്ക് വഴിതെളിക്കാന്‍ കാട്വെട്ടിയതിനും സ്ഫോടകവസ്തുക്കള്‍ കൈവശംവച്ചതിനുമുള്‍പ്പെടെ കാലടി പ്രദേശത്തുമാത്രം ആറുകേസ് നിലവിലുണ്ട്. പോളിനെ ആക്രമിച്ച സംഭവത്തില്‍ 2013 ആഗസ്ത് എട്ടിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് പാങ്ങോല മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ ജോമോന്റെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്നു. ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ക്ക് രാഷ്ട്രപതി നിയമനം നല്‍കിയത് ദുരൂഹമാണ്. ജോമോന്റെ നിയമനം സംബന്ധിച്ച വാര്‍ത്തകള്‍ വന്നശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എറണാകുളത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വിഷയം ഉന്നയിച്ചെങ്കിലും സംഭവം ഇപ്പോള്‍ മാത്രമാണ് തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നായിരുന്നു മറുപടി.

deshabhimani

No comments:

Post a Comment