സംസ്ഥാനത്ത് നെല്ലുല്‍പ്പാദനവും കൃഷിയിടങ്ങളും കുത്തനെ ഇടിയുന്നു. 60,694 ടണ്‍ നെല്ലുല്‍പ്പാദനമാണ് ഒരു വര്‍ഷനത്തിനകം ഇടിഞ്ഞത്. 10,886 ഹെക്ടര്‍ നെല്‍പ്പാടങ്ങളും ഇല്ലാതായി. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ കണക്കുകളാണിത്. നെല്ലുല്‍പ്പാദനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന കുട്ടനാട്, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഉല്‍പ്പാദനം കുത്തനെ കുറഞ്ഞു. കഴിഞ്ഞവര്‍ഷങ്ങളില്‍ നെല്‍കൃഷി വന്‍തകര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും പരിഹാരനടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകാത്തതാണ് കാര്‍ഷികമേഖലയില്‍ വന്‍പ്രതിസന്ധി സൃഷ്ടിച്ചത്. ജൂലൈ-ഒക്ടോബര്‍ കാലയളവിലെ ഒന്നാംവിള(വിരുപ്പ്), നവംബര്‍-ഫെബ്രുവരി കാലയളവിലെ രണ്ടാംവിള(മുണ്ടകന്‍), മാര്‍ച്ച്-ജൂണ്‍ കാലയളവിലെ മൂന്നാംവിള(പുഞ്ച)എന്നിങ്ങനെ മൂന്നു സീസണുകളിലായാണ് കേരളത്തിലെ നെല്‍കൃഷി.
റിപ്പോര്‍ട്ട് പ്രകാരം 2009-10ല്‍ കേരളത്തില്‍ കൃഷിയിറക്കിയത് 2,34,013 ഹെക്ടറിലാണ്. 2010-11ല്‍ ഇതു 2,13,187ഹെക്ടറായി. 2011-12ല്‍ 2,08,160 ആയും 2012-13ല്‍ 1,97,274 ഹെക്ടറായും ചുരുങ്ങി. മൂന്നുവര്‍ഷത്തിനുള്ളില്‍ 36,739 ഹെക്ടറും ഒരു വര്‍ഷത്തിനുള്ളില്‍ 60,694 ഹെക്ടറും കൃഷിഭൂമി ഇല്ലാതായി. ഇതുമൂലം നെല്ലുല്‍പ്പാദനവും ഇടിഞ്ഞു. മൂന്നു സീസണുകളിലുംകൂടി 2009-10ല്‍ 5,98,337 ടണ്ണാണ് ഉല്‍പ്പാദിപ്പിച്ചത്. 2011-12 ആയപ്പോള്‍ 5,68,993 ടണ്ണായും 2012-13ല്‍ 5,08,299 ടണ്ണായും കുറഞ്ഞു. മൂന്നുവര്‍ഷത്തിനകം ഉല്‍പ്പാദനം 90,038 ടണ്‍ ഇടിഞ്ഞു. 2011-12നെ അപേക്ഷിച്ച് 2012-13ല്‍ 60,694 ടണ്ണിന്റെയും കുറവുണ്ടായി.
പാലക്കാട് ജില്ലയില്‍ 2009-10ല്‍ 1,00,522 ഹെക്ടറിലായിരുന്നു കൃഷി. 2010-11ല്‍ 87,511, 2011-12ല്‍ 83,998, 2012-13ല്‍ 79,201 ഹെക്ടറിലായി താഴ്ന്നു. ഉല്‍പ്പാദനവും പിന്നോട്ടുപോയി. 2009-10ല്‍ 2,66,231 ടണ്‍ നെല്ല് ഉല്‍പ്പാദിപ്പിച്ചത് 2011-12ല്‍ 2,24,413 ടണ്ണായും 2012-13ല്‍ 1,89,229 ടണ്ണായും കുറഞ്ഞു. നെല്ലുല്‍പ്പാദനത്തില്‍ മൂന്നാംസ്ഥാനമുള്ള തൃശൂര്‍ ജില്ലയില്‍ 2009-10ല്‍ 25,439 ഹെക്ടറിലായിരുന്നു നെല്‍കൃഷി. 2012-13ല്‍ 23,098 ഹെക്ടറായി മാറി. 63,854 ടണ്‍ നെല്ല് 2009-10ല്‍ ഉല്‍പ്പാദിപ്പിച്ചത് 2011-12ല്‍ 62,316 ടണ്ണായി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലും നെല്ലുല്‍പ്പാദനത്തില്‍ വന്‍ ഇടിവുണ്ടായി. 2011-12ല്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്ലുല്‍പ്പാദനം(ടണ്‍ കണക്കില്‍) -1,11,980, 63,579, 8989. 2012-13ല്‍ ആലപ്പുഴ-1,04,593, കോട്ടയം-51,019, പത്തനംതിട്ട-6041 ടണ്ണായി മാറി. കൃഷിയിടത്തും ഇതോടൊപ്പം കുറവുണ്ടായി. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് തുടങ്ങി മറ്റു ജില്ലകളിലെല്ലാം നെല്‍കൃഷി ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.
ടി വി വിനോദ് deshabhimani
No comments:
Post a Comment