ഉയര്‍ന്ന മാര്‍ക്കോടെ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ സ്ത്രീകളോട് കടുത്ത ലിംഗവിവേചനം കാട്ടി പടിക്ക് പുറത്തു നിര്‍ത്തി. കോര്‍പറേഷനു വേണ്ടി പിഎസ്സി തയ്യാറാക്കിയ റാങ്ക് ലിസ്റ്റുകളില്‍ നിന്നാണ് പുരുഷന്മാരെ മാത്രം നിയമിക്കുന്നത്. കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളില്‍ കഠിനമായ ജോലിചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്ന ന്യായമാണ് അധികൃതര്‍ ഉന്നയിക്കുന്നത്. എന്നാല്‍, നിയമനം സംബന്ധിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഒരിടത്തും സ്ത്രീകളുടെ നിയമനം സംബന്ധിച്ച് പ്രത്യേക നിബന്ധനകളൊന്നുമില്ല. ഔട്ട്ലെറ്റുകളിലെ ജോലി അധികൃതര്‍ പറയുന്നതുപോലെ കഠിനവുമല്ല.
അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, എല്‍ഡിസി ക്ലര്‍ക്ക്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളിലേക്കാണ് പിഎസ്സി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. ഇതില്‍ അസിസ്റ്റന്റ് ഗ്രേഡ് റാങ്ക്ലിസ്റ്റില്‍ മെയിന്‍ ലിസ്റ്റിലെ പുരുഷന്മാര്‍ക്കെല്ലാം രണ്ട് വര്‍ഷത്തിനകം നിയമനം നല്‍കി. റാങ്ക്ലിസ്റ്റിലെ 1081-ാം നമ്പരുകാരനായ പുരുഷനെവരെ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ സ്ത്രീകളില്‍ 385-ാം റാങ്കുകാരിയെവരെ മാത്രമാണ് നിയമിച്ചത്. റാങ്ക് ലിസ്റ്റില്‍ 267 സ്ത്രീകള്‍ ജോലി കിട്ടാതെ അവശേഷിക്കുമ്പോഴാണ് പുരുഷനായ അവസാന റാങ്കുകാരനും ജോലിയില്‍ കയറിയത്. എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍ 1604 റാങ്ക് വരെയുള്ള പുരുഷന്മാരെ നിയമിച്ചു. എന്നാല്‍, 162-ാം റാങ്കുകാരിയായ സ്ത്രീക്ക് വരെയേ നിയമനം കിട്ടിയുള്ളൂ. 2012 ഒക്ടോബര്‍ 18നാണ് റാങ്ക് പട്ടിക നിലവില്‍ വന്നത്. നിയമനിലയനുസരിച്ച് ഈ പട്ടികയിലെ പുരുഷന്മാരെല്ലാം നിയമിക്കപ്പെടുമ്പോഴും സ്ത്രീകള്‍ പടിക്കു പുറത്തായിരിക്കും. സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ജോലിചെയ്യാന്‍ കഴിയുന്ന ലാസ്റ്റ് ഗ്രേഡ്് തസ്തികയിലും വിവേചനം തുടരും. കെഎസ്ആര്‍ടിസി കണ്ടക്ടര്‍, വനിത പൊലീസ് ജോലികള്‍ പൊതുവേ ബുദ്ധിമുട്ടുള്ളതാണ്. ഇതുപോലും വനിതകള്‍ ചെയ്യുമ്പോള്‍ ഔട്ട്ലെറ്റുകളില്‍ ജോലിചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ ബിവറേജസ് മടിക്കുന്നതെന്തിനാണെന്ന ചോദ്യമാണ് വനിതകള്‍ ഉയര്‍ത്തുന്നത്.
ഷംസുദീന്‍ കുട്ടോത്ത് deshabhimani
No comments:
Post a Comment