Tuesday, February 25, 2014

കോടികള്‍ പൊടിച്ച് സര്‍ക്കാരിന്റെ പ്രചാരണമാമാങ്കം

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഖജനാവില്‍നിന്ന് കോടികള്‍ പൊടിച്ച് പ്രചാരണമാമാങ്കവുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. സംസ്ഥാനം രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴാണ് എല്ലാ മാനദണ്ഡവും ലംഘിച്ച് ഖജനാവിന്റെ ദുരുപയോഗം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി പ്രഖ്യാപനങ്ങളും തറക്കല്ലിടലുമായി മന്ത്രിമാര്‍ ഊരുചുറ്റുകയാണ്. മന്ത്രിമാര്‍ക്ക് ഉദ്ഘാടനങ്ങള്‍ക്കും തറക്കല്ലിടലിനും നാടമുറിക്കലിനുമായി പരിപാടികള്‍ സംഘടിപ്പിക്കാന്‍ വകുപ്പ് അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും നെട്ടോട്ടമോടുന്നു. പരിപാടികള്‍ കണ്ടെത്തി അറിയിക്കാന്‍ മന്ത്രി ഓഫീസുകളില്‍നിന്ന് കര്‍ശന നിര്‍ദേശവുമുണ്ട്. ചടങ്ങുകള്‍ കൊഴുപ്പിക്കുന്നതിനും ആളെ കൂട്ടാനും പണവും ഒഴുക്കുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളടങ്ങിയ നൂറുകണക്കിന് ഫ്ളക്സ് ബോര്‍ഡുകളാണ് സര്‍ക്കാര്‍ ചെലവില്‍ സ്ഥാപിച്ചത്. ആലപ്പുഴയില്‍ നടക്കുന്ന പരിപാടിക്ക് ഒരു മന്ത്രി തന്റെ ചിത്രത്തോടുകൂടിയ ഫ്ളക്സ് ബോര്‍ഡ് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുണ്ട്. സെമിനാറുകളെന്നപേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ വേറെ. സര്‍ക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം മറികടക്കാനാണ് പ്രചാരണ കോലാഹലം. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സര്‍ക്കാര്‍ നേട്ടങ്ങള്‍ എന്ന പേരില്‍ ലഘുലേഖകളും ബഹുവര്‍ണ പോസ്റ്ററുകളും സര്‍ക്കാര്‍ ചെലവില്‍ ഒരുങ്ങുകയാണ്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ് വകുപ്പ് വഴിയാണിത്. വീഡിയോ ചിത്രങ്ങളും തയ്യാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവ കോണ്‍ഗ്രസ് ഓഫീസുകളിലേക്ക് എത്തിക്കാനാണത്രെ തീരുമാനം. പ്രചാരണത്തിനായി പുറത്തുനിന്നുള്ള ഏജന്‍സികളെയും ഉപയോഗപ്പെടുത്തുന്നുണ്ട്.

നടപ്പാക്കാനാകാത്ത പദ്ധതികള്‍വരെ മന്ത്രിമാരുടെ പ്രഖ്യാപനങ്ങളായി വരുന്നു. ടെന്‍ഡര്‍നടപടികള്‍ പോലുമാകാത്തതും നിര്‍മാണം എപ്പോള്‍ തുടങ്ങുമെന്ന് വ്യക്തതയില്ലാത്തതുമായ പദ്ധതികളുടെ തറക്കല്ലിടലുകളും നടക്കുന്നുണ്ട്. പൂര്‍ത്തിയാകാത്ത പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നേരിട്ട് നടത്തിയതിനും സംസ്ഥാനം സാക്ഷിയായി. തിരുവനന്തപുരത്ത് തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍മാണം പൂര്‍ത്തിയാകുന്നതിനുമുമ്പാണ് നടത്തിയത്. നിര്‍മാണം പൂര്‍ത്തിയാക്കി ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ടെര്‍മിനല്‍ നിര്‍മാണം തുടങ്ങിയത്.

മുമ്പ് തറക്കല്ലിട്ട പദ്ധതികള്‍ക്ക് വീണ്ടും ശിലാസ്ഥാപനം നടത്തുന്ന പരിഹാസ്യമായ സംഭവങ്ങളുമുണ്ട്. തലസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശിലയിട്ട ലീഗല്‍ മെട്രോളജി വകുപ്പ് ആസ്ഥാനമന്ദിരത്തിന് തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഘോഷപൂര്‍വം വീണ്ടും ശിലയിട്ടത് കൗതുകം പകര്‍ന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന് രണ്ടരവര്‍ഷത്തിനിടെ പ്രചാരണത്തിനുവേണ്ടി മാത്രം വിവിധ വകുപ്പുകള്‍ പൊടിച്ചത് 81.70 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ പരസ്യത്തിനും ചെലവുകള്‍ക്കുമായി ചെലവിട്ട കോടികള്‍ വേറെയും. മന്ത്രിസഭ ആയിരംദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായുള്ള പ്രചാരണത്തിനും ലക്ഷങ്ങള്‍ പൊടിച്ചു.

deshabhimani

No comments:

Post a Comment