Tuesday, February 25, 2014

വര്‍ധിത സ്വീകാര്യതയുടെ വിളംബരം

കണ്ണൂര്‍: സംഘശക്തിയുടെ മഹാപ്രവാഹമായി അണിമുറിയാതെ ജനസഹസ്രങ്ങള്‍. ചെങ്കൊടികള്‍ വാനോളമുയര്‍ത്തിയ പടപ്പുറപ്പാടിനൊപ്പം നാടും നഗരവും ഒന്നുചേര്‍ന്നതോടെ കേരള രക്ഷാമാര്‍ച്ചിന്റെ കണ്ണൂര്‍ ജില്ലയിലെ സ്വീകരണങ്ങള്‍ പുതിയ ചരിത്രംകുറിച്ചു. രണധീരര്‍ ചുവപ്പിച്ച വിപ്ലവമണ്ണിന് പുളകമേകി, നവകേരളപ്പിറവിയുടെ സന്ദേശവുമായി ജനപദങ്ങള്‍ താണ്ടിയെത്തിയ മാര്‍ച്ച് ജനപക്ഷരാഷ്ട്രീയത്തിന്റെ മുന്നേറ്റമായി. 26 നാളത്തെ പര്യടനം സമാപിക്കാന്‍ രണ്ടുപകലുകള്‍ മാത്രം ശേഷിക്കെ സിപിഐ എമ്മും ഇടതുപക്ഷരാഷ്ട്രീയവും ആര്‍ജ്ജിക്കുന്ന വര്‍ധിതമായ ജനസ്വീകാര്യതയുടെ വിളംബരമാവുകയാണ് ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിന്റെ 24-ാം ദിവസമായ തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളില്‍ ലഭിച്ചത് വീരോചിത വരവേല്‍പ്. മഹാപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് അഭിവാദ്യവുമായെത്തിയ പതിനായിരങ്ങളുടെ പ്രഖ്യാപനം. ബിജെപിയും കോണ്‍ഗ്രസും ലീഗും വിട്ടെത്തിയവരും ആവേശപൂര്‍വം സ്വീകരണങ്ങളില്‍ പങ്കാളികളായി. രാവിലെ പത്തോടെ കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടിയില്‍ ആദ്യ സ്വീകരണം. ചെങ്കൊടിയേന്തിയ വനിതകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ തീരദേശത്തിന്റെ സമുജ്വല സ്വീകരണത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് തളിപ്പറമ്പ് മണ്ഡലത്തിലെ തളിപ്പറമ്പ് ടാക്സിസ്റ്റാന്‍ഡില്‍ വന്‍വരവേല്‍പ്പ്. കുപ്പം പാലം കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയര്‍മാരുടെയും പതാകയേന്തിയ ഇരുചക്രവാഹനങ്ങളുടെയും ബാന്‍ഡ് വാദ്യത്തിന്റെയും അകമ്പടിയോടെയായിരുന്നു മാര്‍ച്ച് സമ്മേളന നഗരിയിലേക്ക് എത്തിയത്.

കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ കണ്ണൂര്‍, അഴീക്കോട് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ വന്‍സ്വീകരണം. നേതാക്കളെ എ കെ ജി സ്ക്വയറില്‍നിന്ന് ഹാരമണിയിച്ച് സ്വീകരണവേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന്, ധര്‍മടം മണ്ഡലത്തിലെ പെരളശേരിയില്‍. പാവങ്ങളുടെ പടത്തലവന്‍ എ കെ ജിയുടെ ജന്മനാട്ടിലെ സ്വീകരണം അവിസ്മരണീയമായി. രക്തസാക്ഷി കുടുംബാംഗങ്ങളെയും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയും ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയന്‍ ആദരിച്ചു. സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാംഗങ്ങളായ എ വിജയരാഘവന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, എ കെ ബാലന്‍, എളമരം കരീം, ബേബി ജോണ്‍ എന്നിവരും സംസാരിച്ചു. ചൊവ്വാഴ്ച കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരില്‍ രാവിലെ പത്തിന് നല്‍കുന്ന സ്വീകരണത്തോടെ മാര്‍ച്ച് കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും.

ലോകജാലകം തുറന്ന് നവ മാധ്യമസംഘവും

കണ്ണൂര്‍: ജനലക്ഷങ്ങള്‍ നെഞ്ചിലേറ്റുന്ന കേരളരക്ഷാ മാര്‍ച്ചിന്റെ വിശേഷങ്ങള്‍ ലോകമെങ്ങുമുള്ളവരും പങ്കിടുന്നു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജാഥാപ്രയാണത്തിന്റെ വിവരങ്ങള്‍ യഥാസമയം ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്നത്. മാര്‍ച്ചിനൊപ്പം സഞ്ചരിക്കുന്ന നവമാധ്യമ സംഘമാണ് വാര്‍ത്തകളും ദൃശ്യങ്ങളും വെബ്കാസ്റ്റ് ചെയ്യുന്നത്. ലക്ഷക്കണക്കിന് ജനങ്ങളുമായി സംവദിച്ച് മുന്നേറുന്ന കേരളമാര്‍ച്ചിന്റെ പ്രാധാന്യം ചില മാധ്യമങ്ങള്‍ അവഗണിക്കുന്ന പശ്ചാത്തലത്തില്‍ ഈ പ്രവര്‍ത്തനത്തിന് പ്രത്യേകതയേറെയുണ്ട്. നിലവില്‍ 95 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ലൈവ് ടെലികാസ്റ്റ്ചെയ്തു. നൂറിലധികം രാജ്യങ്ങളിലുള്ളവര്‍ സന്ദര്‍ശകരാണ്. 8000 മണിക്കൂര്‍ വ്യൂവേഴ്സുണ്ടായിരുന്നു. പന്ത്രണ്ടായിരത്തിലധികം ലൈക്ക് ലഭിച്ചിട്ടുണ്ട്. യൂട്യൂബിലും ദൃശ്യങ്ങള്‍ ലഭിക്കും.

സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള നവമാധ്യമക്കമ്മിറ്റിയിലുള്ള ഡിഎകെഎഫ്് പ്രവര്‍ത്തകന്‍ സുനില്‍ സുകുമാരന്‍, ടെക്നോപാര്‍ക്കിലെ ഐടി പ്രൊഫഷണല്‍സായ ആര്‍ കെ സന്ദീപ്, വി ആര്‍ ആകാശ് എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്. കേരളമാര്‍ച്ചിനൊപ്പം സഞ്ചരിക്കുന്ന ദേശാഭിമാനി അസോസിയറ്റ് എഡിറ്റര്‍ പി എം മനോജിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ദേശാഭിമാനി ഫോട്ടോ എഡിറ്റര്‍ കെ രവികുമാറും സംഘത്തോടൊപ്പമുണ്ട്. താഴെപ്പറയുന്ന വിലാസങ്ങളില്‍ വെബ്കാസ്റ്റിങ്ങിന്റെ ഒഫീഷ്യല്‍ പേജും ഫെയ്സ്ബുക്ക് പേജും ലഭിക്കും.

www.keralarakshamarchlive.in
www.facebook.com/keralarakhsa.march

deshabhimani

No comments:

Post a Comment