കൊച്ചി: നേട്ടങ്ങളുടെ പട്ടികയെന്ന പേരില്‍ കേന്ദ്രസഹമന്ത്രി കെ വി തോമസ് പ്രസിദ്ധീകരിച്ച ജനസമക്ഷത്തിലെ അവകാശവാദങ്ങള്‍ ജനങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് സിപിഐ എം പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി പി രാജീവ് എംപി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇല്ലാത്ത നേട്ടങ്ങള്‍ അവകാശപ്പെടുന്ന കെ വി തോമസ് മറ്റുള്ളവരുടെ നേട്ടങ്ങളും തന്റെ പേരിലാക്കി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇല്ലാത്ത നേട്ടങ്ങള്‍ നിരത്തി നാടുനീളെ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചെലവില്‍ ഉള്‍പ്പെടുത്തണം. അധികാര ദുര്‍വിനിയോഗത്തിന്റെ ഭാഗമാണ് ഇത്തരം പ്രചാരണം.
ഫാക്ടിന് 6779 കോടി രൂപയുടെ പാക്കേജ് 2012 ഡിസംബര്‍ 13ന് അംഗീകരിച്ചുവെന്ന് അവകാശപ്പെടുന്ന കെ വി തോമസ് ആ തുക എവിടെപ്പോയെന്നു വ്യക്തമാക്കണം. അത്തരമൊരു പാക്കേജ് ഉണ്ടായിരുന്നെങ്കില്‍ 991 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ട് എല്ലാ ട്രേഡ് യൂണിയനുകളിലെയും തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് മറുപടി പറയണം. കഴിഞ്ഞ ബജറ്റില്‍ ഫാക്ടിന് അനുവദിച്ച 211 കോടി രൂപയില്‍ ഒരുലക്ഷം രൂപമാത്രമാണ് നല്‍കിയത്. ഇതും നേട്ടമായി അവതരിപ്പിക്കണം. എച്ച്എംടിയെ സ്വതന്ത്ര യൂണിറ്റാക്കാന്‍ തീരുമാനിച്ചതായി കെ വി തോമസ് പറയുന്നു. മന്ത്രാലയം ഇങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് പാലമെന്റില്‍തന്നെ വ്യക്തമാക്കപ്പെട്ടിട്ടും ജനത്തെയും തൊഴിലാളികളെയും തെറ്റിദ്ധരിപ്പിക്കുകയാണ്. തുറമുഖത്തിന്റെയും കപ്പല്‍ശാലയുടെയും പ്രതിസന്ധി മറച്ചുവയ്ക്കാനാണ് ഇവ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍. കപ്പല്‍ശാലയ്ക്ക് 25,000 കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കിയതായി അവകാശപ്പെടുന്നു. എന്നാല്‍, നാവികസേനയ്ക്ക് നാല് വിമാനവാഹിനി കപ്പലുകള്‍ നിര്‍മിക്കാനുള്ള താല്‍പ്പര്യപത്രം ക്ഷണിച്ചപ്പോള്‍ കൊച്ചി കപ്പല്‍ശാലയെ ഒഴിവാക്കുകയാണ് ചെയ്തത്. 12,500 കോടിരൂപയുടെ രണ്ടു കപ്പലുകളുടെ ഓര്‍ഡര്‍ ഹിന്ദുസ്ഥാന്‍ കപ്പല്‍ശാലയ്ക്ക് നല്‍കിക്കഴിഞ്ഞു.
സൗത്ത് റെയില്‍വേ സ്റ്റേഷന്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടിയെടുത്തതായി കെ വി തോമസ് അവകാശപ്പെടുന്നു. ഒന്നാം യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഇപ്പോഴും കടലാസില്‍ തുടരുന്ന പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചതല്ലാതെ ഒരു നടപടിയും എടുത്തിട്ടില്ല. ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ പുനരുദ്ധരിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടും അതും അംഗീകരിച്ചുവെന്ന് മന്ത്രി അവകാശപ്പെടുന്നു. ദേശീയപാതയിലെ ഫ്ളൈ ഓവറുകളുടെ നിര്‍മാണത്തിന് ദേശീയപാത മന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കാനായില്ല. നിര്‍മാണം പൂര്‍ത്തിയാക്കിയ നോര്‍ത്ത് മേല്‍പ്പാലം ഉള്‍പ്പെടെയുള്ളവയ്ക്ക് റെയില്‍വേ വിഹിതം നേടിയെടുക്കാന്‍പോലും കഴിഞ്ഞില്ല. ഒരുകിലോമീറ്റര്‍പോലും പുതിയ ദേശീയപാത നിര്‍മിക്കാന്‍ കഴിയാത്ത മണ്ഡലമാണ് എറണാകുളം.
കൊച്ചിയുടെ നേട്ടങ്ങളുടെ പട്ടികയിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളുടെ മേഖലാ ഓഫീസ് ശശി തരൂര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്തുകഴിഞ്ഞു. മാരിടൈം സര്‍വകലാശാലയ്ക്ക് 60 ഏക്കര്‍ സ്ഥലം നല്‍കാമെന്നേറ്റിട്ടും അനുമതി നേടിയെടുക്കാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ടെന്‍ഡര്‍ ഉറപ്പിച്ച നോര്‍ത്ത് പാലവും എ എല്‍ ജേക്കബ് പാലവും സ്വന്തം നേട്ടങ്ങളുടെ പട്ടികയില്‍ കെ വി തോമസ് ഉള്‍പ്പെടുത്തിയത് പരിഹാസ്യമാണ്. ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ ചരിത്രം ജനങ്ങള്‍ മറന്നിട്ടില്ല. തൃപ്പൂണിത്തുറവഴി പോകാത്ത ഇന്റര്‍സിറ്റി എക്സ്പ്രസിന് തൃപ്പൂണിത്തുറയില്‍ സ്റ്റോപ്പ് അനുവദിച്ചെന്ന് നേട്ടങ്ങളുടെ പട്ടികയില്‍ എഴുതിപ്പിടിപ്പിച്ചത് പരിഹാസ്യമാണ്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ എംപിയായിരിക്കെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ച വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനല്‍ എന്നിവ തന്റെ നേട്ടമായി അവകാശപ്പെടുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്. കുസാറ്റിന് ഐഐഇഎസ്ടി പദവി, അന്താരാഷ്ട്ര ക്യാന്‍സര്‍ സെന്റര്‍ എന്നിവയുടെ കാര്യത്തിലും സത്യത്തിനു നിരക്കാത്ത അവകാശവാദങ്ങളാണ് കേന്ദ്രമന്ത്രിയുടേതെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.
മെട്രോ എങ്ങനെ 3 വര്‍ഷം വൈകി
കൊച്ചി: തന്റെ പ്രധാന ഭരണനേട്ടമായി കൊച്ചി മെട്രോ അവതരിപ്പിക്കുന്ന കെ വി തോമസ് പദ്ധതി മൂന്നുവര്‍ഷം വൈകിയതിന്റെ കാരണംകൂടി വ്യക്തമാക്കണമെന്ന് പി രാജീവ് എംപി ആവശ്യപ്പെട്ടു. 2009 നവംബര്‍ 19ന് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കുവന്ന കൊച്ചി മെട്രോയുടെ അനുമതി എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള സങ്കുചിത രാഷ്ട്രീയ വൈരംമൂലം മൂന്നുവര്‍ഷമാണ് വൈകിയത്. പദ്ധതിച്ചെലവ് മൂന്നിരട്ടിയിലധികമായി അനുമതി നല്‍കിയിട്ടും ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കാനുള്ള ശ്രമത്തതിന്റെ ഭാഗമായി ഒരുവര്‍ഷം വീണ്ടും വൈകിച്ചു. ജനകീയ സമ്മര്‍ദത്തിന്റെ ഫലമായാണ് ശ്രീധരനെയും ഡിഎംആര്‍സിയെയും ഉള്‍പ്പെടുത്തി പദ്ധതി ആരംഭിച്ചതെന്ന് കെ വി തോമസ് മറന്നെങ്കിലും നാട്ടുകാര്‍ മറന്നിട്ടില്ലെന്നും രാജീവ് ചൂണ്ടിക്കാട്ടി.
കെ വി തോമസിന്റെ വാര്‍ത്താപരസ്യത്തിനെതിരെ തെര. കമീഷനെ സമീപിക്കും: സിപിഐ എം
കൊച്ചി: കേന്ദ്രസഹമന്ത്രി കെ വി തോമസ് മാതൃഭൂമി പത്രത്തില്‍ വാര്‍ത്താപേജെന്നു തെറ്റിദ്ധരിപ്പിക്കുംവിധം ഫെബ്രുവരി 23നു നല്‍കിയ അഡ്വര്‍ട്ടോറിയലിനെതിരെ തെരഞ്ഞെടുപ്പു കമീഷനെ സമീപിക്കുമെന്ന് സിപിഐ എം എറണാകുളം പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി പി രാജീവ് എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പെയ്ഡ് ന്യൂസ് സംബന്ധിച്ച് പാര്‍ലമെന്റ് അംഗീകരിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ വെല്ലുവിളിക്കുന്നതാണ് കെ വി തോമസിന്റെ മന്ത്രാലയം നല്‍കിയ അഡ്വര്‍ട്ടോറിയല്‍. പെയ്ഡ് ന്യൂസ് സംബന്ധിച്ച് പഠിച്ച ഐടി മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ അഡ്വര്‍ട്ടോറിയലുകളെക്കുറിച്ച് പ്രത്യേക പരാമര്‍ശമുണ്ട്. ഇവയെ പെയ്ഡ് ന്യൂസിന്റെ പരിധിയിലാണ് പാര്‍ലമെന്ററി സമിതിയും പ്രസ് കൗണ്‍സിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഡ്വര്‍ട്ടോറിയലില്‍ പത്രത്തിലെ അക്ഷരങ്ങള്‍ അതേ രൂപത്തില്‍ അച്ചടിക്കുന്നത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുമെന്നും പാര്‍ലമെന്റ് അംഗീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എല്ലാ വായനക്കാരും കാണുന്ന രൂപത്തില്‍ പരസ്യമാണെന്ന് അച്ചടിക്കണമെന്നും പത്രത്തിന്റെ അഭിപ്രായമല്ല അതെന്ന് രേഖപ്പെടുത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റ് അംഗീകരിച്ച റിപ്പോര്‍ട്ടിനു വിരുദ്ധമായി അഡ്വര്‍ട്ടോറിയല്‍ നല്‍കിയത് തെരഞ്ഞെടുപ്പു കമീഷന്റെ ശ്രദ്ധയില്‍പ്പെടുത്തും. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പി രാജീവ് പറഞ്ഞു.
deshabhimani
No comments:
Post a Comment