പറവൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി ഹൈക്കോടതി ചീഫ് ജസറ്റിസിനയച്ച കത്ത് ലെറ്റര്‍ പെറ്റീഷനായി പരിഗണിച്ച് പൊതുതാല്‍പ്പര്യ ഹര്‍ജിയായെടുക്കാന്‍ നടപടി തുടങ്ങി. പൊതുതാല്‍പ്പര്യ ഹര്‍ജി സെല്‍ കത്ത് പരിശോധിച്ചശേഷം നിര്‍ദേശങ്ങള്‍ സഹിതം ചീഫ് ജസ്റ്റിസിന് ഉടന്‍ കൈമാറുമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ (ജനറല്‍) എസ് ജഗദീഷ് "ദേശാഭിമാനി"യോട് പറഞ്ഞു.
താന്‍ വാദിയായ കേസുകളുടെ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും കേസ് വാദിക്കുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ വിചാരണ വൈകുകയാണെന്നും കാണിച്ച് പെണ്‍കുട്ടി ജനുവരി 31നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തെഴുതിയത്. വിചാരണ പൂര്‍ത്തിയാക്കി തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്നും ഇപ്പോള്‍ താമസിക്കുന്ന കാക്കനാട് ഗവ. ഗേള്‍സ് ഒബ്സര്‍വേഷന്‍ ഹോമില്‍നിന്നു മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചിട്ട് 21 ദിവസം കഴിഞ്ഞു. പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിക്കാവുന്ന ലെറ്റര്‍ പെറ്റീഷനുകളുടെ ബാഹുല്യംമൂലമാണ് നടപടി താമസിക്കുന്നതെന്നാണ് കത്തു ലഭിച്ച കോടതി അധികൃതര്‍ പറയുന്നത്. അതേസമയം, മുഖ്യമന്ത്രിക്കു ലഭിച്ച കത്തിനെക്കുറിച്ച് സര്‍ക്കാര്‍ മിണ്ടുന്നതേയില്ല.
2011ല്‍ പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്ത കേസില്‍ ആറെണ്ണം മാത്രമാണ് തീര്‍പ്പായത്. ഇനി 42 കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനുണ്ട്. 1988ലെ സുപ്രീം കോടതി ഫുള്‍കോര്‍ട്ട് തീരുമാനപ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പൊതുതാല്‍പ്പര്യ ഹര്‍ജിയിനത്തില്‍ പെടുത്താവുന്നതാണ് കത്തെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന ജഡ്ജിക്കോ, കേസിന്റെ സ്വഭാവം പരിഗണിച്ച് പിന്നീട് രണ്ടോ മൂന്നോ ജഡ്ജിമാര്‍ക്കോ ആകും കേസ് നടത്തിപ്പു ചുമതല. കത്തുകള്‍ പരിഗണിച്ച് പൊതുതാല്‍പ്പര്യഹര്‍ജി മാനദണ്ഡങ്ങളനുസരിച്ച് കേസെടുത്ത ധാരാളം സംഭവങ്ങളുമുണ്ട്. മരത്തില്‍ ആണിയടിച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികള്‍ 2011 ജനുവരിയില്‍ എഴുതിയ കത്ത് പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ച് ബോര്‍ഡുകള്‍ നീക്കാന്‍ ഉത്തരവിട്ടതാണ് ഏറ്റവും ഒടുവിലത്തേത്. 1985 മുതല്‍ "88 വരെ ജസ്റ്റിസ് കെ ഭാസ്കരന്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നപ്പോള്‍ 3000ത്തോളം തുറന്ന കത്തുകളാണ് ലഭിച്ചത്. ഭൂരിഭാഗം കത്തും പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിക്കുകയും ചെയ്തു. തന്റെ അന്ധസഹോദരിയെ സ്കൂളിലെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നു കാണിച്ച് അന്ധനായ ആണ്‍കുട്ടി എഴുതിയ കത്ത് പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ച് ജസ്റ്റിസ് ഭാസ്കരന്‍ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു.
മഞ്ജു കുട്ടികൃഷ്ണന്‍ deshabhimani
No comments:
Post a Comment