കോഴിക്കോട്: വന്‍ ബഹുജനമുന്നേറ്റം കുറിച്ച കേരള രക്ഷാമാര്‍ച്ചിന് അറബിക്കടലിനരികെ അലയടിച്ച ജനമഹാസമുദ്രത്തിന്റെ സാന്നിധ്യത്തില്‍ സമാപനം. "മതനിരപേക്ഷ ഇന്ത്യ - വികസിത കേരളം" എന്ന മുദ്രാവാക്യവുമായി ഇരുപത്താറു നാളുകള്‍ സംസ്ഥാനത്തിന്റെ നാനാമേഖലകളെയും സ്പര്‍ശിച്ച് കോഴിക്കോട്ടെത്തിയ മാര്‍ച്ച് ഇന്നുവരെ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രചാരണ പരിപാടിയായി ചരിത്രത്തില്‍ ഇടം നേടി. കേരളത്തിന്റെ ഹൃദയപക്ഷത്ത് യഥാര്‍ഥ ജനപക്ഷരാഷ്ട്രീയം തന്നെയെന്നും അതിന്റെ കരങ്ങളില്‍ ചെങ്കൊടിയാണെന്നും ഇരമ്പിയാര്‍ത്ത ജനലക്ഷങ്ങള്‍ ഒറ്റ ശബ്ദത്തില്‍ പ്രഖ്യാപിച്ചു. വയലാറില്‍ വാരിക്കുന്തമേന്തി നില്‍ക്കുന്ന പോരാളിയുടെ ശില്‍പ്പത്തില്‍ പുഷ്പചക്രമര്‍പ്പിച്ച് തുടങ്ങിയ യാത്ര ജനഹൃദയങ്ങളില്‍ ഭരണവര്‍ഗത്തിനെതിരായ പ്രതിഷേധാഗ്നി കൊളുത്തി;
ജനമനസ്സുകളില്‍ പ്രതീക്ഷയുടെ നാമ്പുകളുണര്‍ത്തി കോഴിക്കോട്ട് സമാപിക്കുമ്പോള്‍ സാഗരം നമിക്കുകയായിരുന്നു- ആകാശത്തോളം ഉയര്‍ന്ന ആവേശത്തിരമാലകള്‍ക്കുമുന്നില്‍. പൊതുവിതരണം ഇല്ലാതായതും കടുത്ത വിലക്കയറ്റവും വര്‍ഗീയതയും അഴിമതിയുമടക്കം സമൂഹത്തെ കാര്‍ന്നുതിന്നുന്ന വ്യാധികളും അതിനു വഴിവയ്ക്കുന്ന ദുര്‍നയങ്ങളും തുറന്നുകാട്ടി, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരള രക്ഷാ മാര്‍ച്ച് 126 കേന്ദ്രങ്ങളിലൂടെയാണ് കടന്നുവന്നത്. പാര്‍ടി നേതാക്കളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ സ്ഥിരാംഗങ്ങളായ മാര്‍ച്ച് ജനപങ്കാളിത്തത്തില്‍ പുതുചരിത്രം തീര്‍ത്തു.
തീരമേഖലയിലും മലയോരത്തും സമതലത്തിലും പ്രകടമായത് അണിമുറിയാത്ത ആവേശം. മലപ്പുറം ജില്ലയിലെ താനൂരില്‍ ജനസമുദ്രം അഭിവാദ്യമുദ്രാവാക്യം മുഴക്കി അലയടിച്ചപ്പോള്‍, ജാഥാ നായകന്‍ മുഷ്ടി ചുരുട്ടി പ്രത്യഭിവാദ്യംചെയ്തു. അതോടെ വളന്റിയര്‍മാര്‍ തീര്‍ത്ത തടസ്സങ്ങളാകെ അപ്രസക്തമാകുന്ന വികാരത്തള്ളിച്ചയാണ് ജനങ്ങളില്‍നിന്നുണ്ടായത്. ചീമേനിയില്‍ രാത്രി ഒന്‍പതിനുശേഷമാണ് മാര്‍ച് എത്തിയത്. ആ സമയത്തും ഒരാള്‍പോലും പിരിഞ്ഞുപോകാതെ പട്ടണം നിറഞ്ഞ് ജനങ്ങള്‍ കാത്തുനിന്നു. ഇടുക്കിയിലും പത്തനംതിട്ടയിലും വയനാട്ടിലും ഇതര മലയോര മേഖലകളിലും അവിസ്മരണീയ സ്വീകരണങ്ങള്‍. മലയോരകര്‍ഷകര്‍ സിപിഐ എമ്മിനെ ഏക പ്രതീക്ഷയായി കാണുന്നു.
അവര്‍ സ്വന്തമെന്നു കരുതിയ പാര്‍ടികള്‍ മുഖംതിരിഞ്ഞു നില്‍ക്കുമ്പോള്‍, ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്പര്‍ശം സിപിഐ എമ്മില്‍നിന്ന്. വയലാറിലെ രക്തസാക്ഷികുടീരത്തെ സാക്ഷിനിര്‍ത്തിയ ഉദ്ഘാടനവേദിയില്‍, സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ പിന്‍മുറക്കാരുണ്ടായിരുന്നു; സമര സേനാനികളുണ്ടായിരുന്നു. തുടര്‍ന്നിങ്ങോട്ടുള്ള വേദികളിലും രക്തസാക്ഷി കുടുംബങ്ങള്‍ക്കുള്ള ആദരം വികാരനിര്‍ഭര മുഹൂര്‍ത്തങ്ങളായി. പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ ബലിനല്‍കിയ ധീരന്‍മാരുടെ കുടുംബങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടി നല്‍കുന്ന സ്ഥാനം എല്ലാറ്റിനും മുകളിലാണെന്ന് തെളിയിച്ച അനുഭവപരമ്പര. എണ്ണമറ്റ പോര്‍നിലങ്ങളില്‍ വീണ ധീരരുടെ ചുടുനിണമാണ് പ്രസ്ഥാനത്തിന്റെ ഉലയാത്ത കരുത്തും വറ്റാത്ത ഊര്‍ജവുമെന്ന് പ്രഖ്യാപിച്ച പ്രോജ്വലവേളകള്‍. കയര്‍ത്തൊഴിലാളികളും കശുവണ്ടിത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും മലയോരകര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൈത്തറി- ബീഡിത്തൊഴിലാളികളും അധ്യാപകരും ചെറുകിട കച്ചവടക്കാരും ഒറ്റമനസ്സോടെ കേരളത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ അണിചേര്‍ന്നു. കേരളത്തിലെ സിപിഐ എമ്മിന്റെ ജനകീയ അടിത്തറയില്‍ പ്രദേശത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ ഏറ്റക്കുറച്ചിലില്ല എന്നും ഈ മാര്‍ച്ച് തെളിയിച്ചു.
മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിന്റെ നെടുങ്കോട്ടകളിലെ ജനങ്ങള്‍ ആവേശത്തിന്റെ കൊടുമുടിയിലേറിയാണ് ജാഥയെ വരവേറ്റത്. സിപിഐ എമ്മിനും അതിന്റെ കേരളത്തിലെ അമരക്കാരനായ പിണറായി വിജയനുമെതിരെ പതിറ്റാണ്ടിലേറെയായി തുടരുന്ന അപവാദ പ്രചാരണങ്ങളോട് കേരളത്തിനുള്ള പ്രതിഷേധത്തിന്റെ പ്രകടനംകൂടിയായി മാര്‍ച്ചിന്റെ വിജയം. ജാഥ തുടങ്ങിയപ്പോഴും അപവാദങ്ങള്‍ പ്രവഹിച്ചു. ലാവ്ലിന്‍ കേസിന്റെ ചാരം ഭക്ഷണമാക്കാന്‍ ശ്രമം; അത് ദഹിച്ചില്ലെങ്കില്‍ കൊലക്കേസ് പ്രതിയാക്കി "ശിക്ഷി"ക്കാനുള്ള വെമ്പല്‍. പ്രസ്ഥാനവും അതിന്റെ നേതൃത്വവും അത്തരം ആക്രമണങ്ങളില്‍ തളര്‍ന്നുപോകില്ല; ജീവന്‍കൊടുത്തും സംരക്ഷിക്കാന്‍ ഞങ്ങളുണ്ട് എന്നാണ് ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ചത്.
നുണപ്പെരുമഴയില്‍ കുതിര്‍ന്നലിയുന്നതല്ല കമ്യൂണിസ്റ്റിന്റെ സത്യസന്ധതയും ആര്‍ജവവും ആത്മാഭിമാനവും എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ്, പിണറായി വിജയനെ ആബാലവൃദ്ധം വരവേറ്റത്. അദ്ദേഹത്തെ ചിരപരിചയമുള്ള നാട്ടുകാര്‍പോലും ഒന്നു കാണാനും അഭിവാദ്യംചെയ്യാനും വാക്കുകള്‍ കേള്‍ക്കാനും മണിക്കൂറുകള്‍ കാത്തുനിന്നു.
പി എം മനോജ്
കൂടുതൽ ചിത്രങ്ങൾക്ക്
അജയ്യം ഈ ജനമുന്നേറ്റം
കോഴിക്കോട്: യുഡിഎഫിന്റെ ജനവിരുദ്ധ-അഴിമതി ഭരണം തൂത്തെറിയാന്‍ നാടൊരുങ്ങിയെന്ന ജനലക്ഷങ്ങളുടെ പ്രഖ്യാപനവുമായി കേരളരക്ഷാ മാര്‍ച്ചിന് സമാപനം. സംസ്ഥാനത്തിന്റെ രാഷ്ട്രീയചിത്രം മാറ്റിയെഴുതാനുള്ള ജനശക്തിയുടെ വിളംബരത്തിന്ഞായറാഴ്ചത്തെ സന്ധ്യ സാക്ഷിയായി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരളരക്ഷാ മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ച് കോഴിക്കോട്ട് നടന്ന മഹാറാലിയില്‍ ചെമ്പതാകകളുമായി അണിനിരന്ന ജനലക്ഷങ്ങള്‍ അഴിമതിക്കാര്‍ക്കും ജനവിരുദ്ധര്‍ക്കുമെതിരായ ജനവിധിക്കൊരുങ്ങിയെന്ന് പ്രതിജ്ഞചെയ്തു.
കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകൃതമായ കോഴിക്കോട്ട്, കടപ്പുറം നിറഞ്ഞുകവിഞ്ഞ ജനസാഗരം പ്രസ്ഥാനത്തിന്റെ പുതിയ സമരമുന്നേറ്റത്തിന് റെഡ്സല്യൂട്ട് അര്‍പ്പിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് സഖാവ് പി കൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ ധീരോദാത്തമായ ചെറുത്തുനില്‍പ്പിന് സാക്ഷ്യമായ കടപ്പുറത്തായിരുന്നു ഇടതുപക്ഷത്തിന് കരുത്തുപകര്‍ന്ന മഹത്തായ ജനമുന്നേറ്റം. സമാപനദിവസമായ ബുധനാഴ്ച രാവിലെ കൊയിലാണ്ടിയില്‍ നിന്നാണ് പര്യടനം തുടങ്ങിയത്.
ബാലുശേരി, കൊടുവള്ളി, കാക്കൂര്‍ എന്നിവിടങ്ങളില്‍ വന്‍ ജനസഞ്ചയം മാര്‍ച്ചിനെ വരവേറ്റു. സ്വീകരണകേന്ദ്രങ്ങളില്‍ രക്തസാക്ഷി കുടുംബങ്ങളെയും മുതിര്‍ന്ന പ്രവര്‍ത്തകരെയും സാമൂഹ്യ-കലാ-കായിക-സാംസ്കാരിക പ്രതിഭകളെയും ആദരിച്ചു. ജാഥാംഗങ്ങളായ എ വിജയരാഘവന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു. കക്കോടി പാലത്തിനടുത്തുനിന്ന് തുറന്ന ജീപ്പിലാണ് പിണറായിയെയും ജാഥാംഗങ്ങളെയും കടപ്പുറത്തേക്ക് ആനയിച്ചത്. ചെങ്കൊടിവീശി നൂറുകണക്കിന് ബൈക്കുകള്‍, ബാന്റ്വാദ്യവുമായി ചുകപ്പു വളണ്ടിയര്‍മാര്‍, വീഥികളില്‍ അഭിവാദനങ്ങളുമായി സ്ത്രീകളും കുട്ടികളും. നാടാകെ കൂടെയെന്ന് വിളിച്ചോതി ആര്‍ത്തലച്ചെത്തിയ ജനപ്രവാഹം കടലോരത്ത് മറ്റൊരു ജനസാഗരം തീര്‍ത്തു.
സമാപനസമ്മേളനം പാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. എം ഭാസ്കരന്‍ സ്വാഗതം പറഞ്ഞു. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവരടക്കം മുതിര്‍ന്ന നേതാക്കളും സംബന്ധിച്ചു.
പി വി ജീജോ
No comments:
Post a Comment