Tuesday, February 25, 2014

എന്‍എസ്എസ് ആസ്ഥാനത്ത് സുധീരന് അവഗണന; അപമാനിച്ചു വെന്ന് സുകുമാരന്‍ നായര്‍

പെരുന്ന: എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ കെപിസിസി പ്രസിഡന്റ് വി എം സുധീരന് അവഗണന്.എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ സുധീരനെ കാണാന്‍ കൂട്ടാക്കിയില്ല. സുധീരന്‍ വന്നതറിഞ്ഞിട്ടും അവഗണിക്കുകയായിരുന്നു. തന്റെ ചേംബറിലേക്ക് കയറിപോയ സുകുമാരന്‍ നായര്‍ സുധീരന്‍ മടങ്ങുന്നതുവരെ പുറത്തിറങ്ങിയില്ല. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്കാണ് സുധീരന്‍ എത്തിയത്. എന്നാല്‍ സുധീരന്‍ എത്തിയപ്പോള്‍ സുകുമാരന്‍ നായര്‍ ഇറങ്ങിപോകുകയായിരുന്നു.

സുധീരന്‍ കെപിസിസി പ്രസിഡന്റ് അയതില്‍ സുകുമാരന്‍ നായര്‍ക്കുള്ള അതൃപ്തി മുമ്പും വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. പുഷ്പ്പാര്‍ച്ചന നടത്തുമ്പോള്‍ എന്‍എസ്എസ് ഭാരവാഹികളാരും സുധീരനൊപ്പമുണ്ടായിരുന്നില്ല. കെപിസിസി പ്രസിഡന്റായ ശേഷം ആദ്യമായാണ് സുധീരന്‍ എന്‍എസ്എസ്ആസ്ഥാനത്ത് എത്തിയത്. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും ഒപ്പമുണ്ടായിരുന്നു. സുകമാരന്‍ നായരെ കാണാനല്ല സുധീരന്‍ ചെന്നതെന്നും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനുമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. എന്നാല്‍ സുകുമാരന്‍ നായര്‍ കാണിക്കേണ്ട മാന്യത കാണിച്ചില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

എന്നാല്‍ എന്‍എസ്എസിനെയും മന്നത്ത് പത്മനാഭനേയും വി എം സുധീരന്‍ അപമാനിച്ചുവെന്ന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. എന്‍എസ്എസ് ആരേയും ഇവിടേക്ക് കെട്ടിയെഴുന്നള്ളിച്ചിട്ടില്ല. കൂടികാഴ്ചക്ക് സുധീരന്‍ സമയം തേടണമായിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ ചേംബറില്‍പോയി സുധീരനെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പത്ത് മിനിട്ടുപോലും കാത്തുനില്‍ക്കാന്‍ സുധീരന്‍ തയ്യാറായില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment