Wednesday, February 26, 2014

4292 കോടിയുടെ നിക്ഷേപ സാധ്യതയെന്ന് മന്ത്രി

നഗരവികസന പദ്ധതികള്‍ക്ക് സ്വകാര്യ പങ്കാളിത്തത്തിലൂടെ പണം കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച പാര്‍ട്ണര്‍ കേരള സംഗമത്തില്‍ 64 പദ്ധതികളിലായി 4291.89 കോടി രൂപയുടെ നിക്ഷേപത്തിന് സാധ്യത തെളിഞ്ഞതായി മന്ത്രി മഞ്ഞളാംകുഴി അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 100 താല്‍പ്പര്യപത്രങ്ങളില്‍ നിക്ഷേപകര്‍ ഒപ്പിട്ടു. പ്രതീക്ഷിച്ചതിന്റെ മൂന്നില്‍രണ്ടു തുകയുടെ പദ്ധതികള്‍ക്ക് നിക്ഷേപകരെ കണ്ടെത്താന്‍ രണ്ടുദിവസത്തെ സംഗമത്തിലൂടെ സാധിച്ചു. 6500 കോടി രൂപ നിക്ഷേപം ആവശ്യമുള്ള 84 പദ്ധതികളാണ് വിവിധ നഗരസഭകളും വികസന അതോറിറ്റികളും പാര്‍ട്ണര്‍ കേരള സംഗമത്തില്‍ അവതരിപ്പിച്ചത്.

തൃശൂര്‍ നഗരസഭയുടെ 700 കോടി ചെലവു കണക്കാക്കുന്ന ശക്തന്‍നഗര്‍ സമഗ്രവികസന പദ്ധതിക്കും വിശാലകൊച്ചി വികസന അതോറിറ്റി (ജിസിഡിഎ)യുടെ 85 കോടി രൂപ ചെലവു കണക്കാക്കുന്ന ടണല്‍ മറൈന്‍ അക്വേറിയത്തിനുമാണ് കൂടുതല്‍ നിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. നാലു നിക്ഷേപകരാണ് ഈ പദ്ധതികളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ജിസിഡിഎ പദ്ധതിയിട്ടിരിക്കുന്ന 126 കോടി രൂപയുടെ ഷോപ്പിങ് മാള്‍, കോഴിക്കോട് നഗരസഭയുടെ 20 കോടി ചെലവു പ്രതീക്ഷിക്കുന്ന നടക്കാവ് ഏരിയ ഡെവലപ്മെന്റ് എന്നീ പദ്ധതികള്‍ക്ക് മൂന്നു നിക്ഷേപകര്‍വീതവും താല്‍പ്പര്യപത്രത്തില്‍ ഒപ്പിട്ടു. 18 പദ്ധതികള്‍ക്ക് രണ്ടു നിക്ഷേപകര്‍വീതവും താല്‍പ്പര്യം പ്രകടിപ്പിച്ചു. വൈറ്റില മൊബിലിറ്റി ഹബ്ന്റെ നടത്തിപ്പിനും അറ്റകുറ്റപ്പണിക്കുമായി വലിയ തുക കണ്ടെത്തേണ്ടതുണ്ട്. അതിനാലാണ് പിപിപി മാതൃകയില്‍ രണ്ടാംഘട്ട വികസനം ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, കൊച്ചി ഡെപ്യൂട്ടി മേയര്‍ ഭദ്ര, കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, കൊല്ലം വികസന അതോറിറ്റി ചെയര്‍മാന്‍ എ കെ ഹാഫിസ്, നഗരകാര്യ ഡയറക്ടര്‍ ഇ ദേവദാസന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സമാപനസമ്മേളനം മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനംചെയ്തു. മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനായി. മേയര്‍മാരും നഗരസഭകളുടെയും വികസന അതോറിറ്റികളുടെയും അധ്യക്ഷരും പങ്കെടുത്തു. പങ്കാളിത്ത പദ്ധതികള്‍ക്ക് ഏറ്റവും അനുയോജ്യമായ സംസ്ഥാനം കേരളമാണെന്നും ഇതു പ്രയോജനപ്പെടുത്താന്‍ മുന്നോട്ടുവരുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പാര്‍ട്ണര്‍ കേരള നഗരവികസന സംഗമത്തോടനുബന്ധിച്ച് നിക്ഷേപകരുമായുള്ള ആശയവിനിമയത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആദ്യമായി ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നേടിയ മലപ്പുറം മുനിസിപ്പാലിറ്റിക്കുള്ള ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു. മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ചടങ്ങില്‍ അധ്യക്ഷനായി.

deshabhimani

No comments:

Post a Comment