നൂറ്റാണ്ടുകളുടെ ചരിത്രമുള്ള അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്കൂളില്‍ തീര്‍ത്ത "രക്ഷാബന്ധനം" വിദ്യാലയം കച്ചവടത്തിനായി വിട്ടുകൊടുക്കുന്നവര്‍ക്കുള്ള താക്കീതായി. സ്കൂള്‍ സംരക്ഷണസമിതിയും ട്രിവോക് പ്രവര്‍ത്തകരും ചേര്‍ന്നാണ് സ്കൂളിന് രക്ഷാകവചം തീര്‍ത്തത്. സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചും സ്കൂള്‍ വളപ്പിലെ വൃക്ഷങ്ങള്‍ മുറിച്ചും ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കാനുള്ള ട്രിഡ തീരുമാനത്തിനെതിരായാണ് പ്രക്ഷോഭം. സ്കൂള്‍ വളപ്പിലെ മരങ്ങള്‍ മുറിക്കാന്‍ ട്രിഡ നമ്പരിട്ടിരുന്നു. ഈ വൃക്ഷങ്ങളില്‍ പ്രതീകാത്മകമായി റിബണ്‍ കെട്ടി മരങ്ങള്‍ മുറിക്കാനും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര സ്മാരകം പൊളിക്കാനും അനുവദിക്കില്ലെന്നും പ്രതിജ്ഞയെടുത്തു. ഈ സംഗമ വിവരമറിഞ്ഞ് നൂറോളം പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും സ്കൂള്‍ അങ്കണത്തിലെത്തി. 50 വര്‍ഷം മുമ്പ് ഇവിടെ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളടക്കം സംഗമത്തിലെത്തി പഴയ ഓര്‍മകള്‍ പങ്കുവച്ചു.
ഈ സ്കൂള്‍ എക്കാലവും നിലനിര്‍ത്തണമെന്ന് 1952ല്‍ പഠിച്ച കൃഷ്ണന്‍കുട്ടിനായര്‍ പറഞ്ഞു. സ്കൂളിന്റെ പഴയ പ്രതാപം വീണ്ടെടുക്കണമെന്നായിരുന്നു 33 വര്‍ഷം അധ്യാപികയായിരുന്ന എസ് ലളിതയുടെ അഭിപ്രായം. സ്കൂളും വൃക്ഷങ്ങളും കച്ചവടത്തിന് വിട്ട് നല്‍കില്ലെന്നും ഇതിനായി ഏതറ്റംവരെ സമരം ചെയ്യാനും നിയമനടപടികളുമായി മുന്നോട്ടുപോകാനും സംഗമത്തില്‍ തീരുമാനമായി. സ്കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകരായ ജി ഗോമതി, ജി സജികുമാര്‍, ട്രിവോക്കിലെ അനിത മേനോന്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
പുരാവസ്തു സംരക്ഷിത സ്മാരകമായതിനാല്‍ കെട്ടിടം ഇടിച്ചുപൊളിക്കുന്നതിന് പ്രത്യേകം അനുവാദം വാങ്ങണമെന്ന വ്യവസ്ഥ പോലും പാലിക്കാതെയാണ് സര്‍ക്കാര്‍ സ്കൂള്‍ പൊളിക്കാന്‍ ധൃതിപിടിച്ച് അനുമതി നല്‍കിയത്. കിഴക്കേകോട്ടയിലെ ഗതാഗതകുരുക്ക് ഒഴിവാക്കാനാവശ്യമുള്ള സ്ഥലം എടുത്തശേഷം ബാക്കി സ്കൂള്‍ കോമ്പൗണ്ട് നിലനിര്‍ത്തണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ അവഗണിച്ചു. ട്രിഡയ്ക്ക് 30 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. ഇവിടെ 30 കോടി രൂപ ചെലവഴിച്ച് ബസ് ടെര്‍മിനലും ഷോപ്പിങ് കോംപ്ലക്സും പണിയുമെന്നാണ് ട്രിഡ പറയുന്നത്. സ്കൂളിന് തൊട്ടടുത്ത് അട്ടക്കുളങ്ങര ബൈപാസില്‍ ട്രിഡയ്ക്ക് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായുള്ളപ്പോഴാണ് സ്കൂളിനെ തകര്‍ക്കാനുള്ള നീക്കം . 1889ല്‍ നേറ്റീവ് സ്കൂള്‍ എന്ന പേരിലാണ് അട്ടക്കുളങ്ങര സ്കൂള്‍ ആരംഭിച്ചത്. ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരള ചരിത്ര ഗവേഷണ കേന്ദ്രം സ്കൂള്‍ കോമ്പൗണ്ട് ഗവേഷണ കേന്ദ്രമാക്കാന്‍ വിട്ടുതരണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 50 സെന്റ് സ്ഥലം നേരെത്ത സീമാറ്റിന് നല്‍കിയിരുന്നു.
deshabhimani
No comments:
Post a Comment