Sunday, February 23, 2014

പെയ്ഡ് ന്യൂസ് കേരളത്തിലും

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തും കോടികള്‍ വാരിയെറിഞ്ഞ് പെയ്ഡ് ന്യൂസ്. തങ്ങള്‍ക്കനുകൂലമായി വാര്‍ത്ത സൃഷ്ടിക്കുന്നതിനും എതിരായി വരുന്ന വാര്‍ത്തകള്‍ തമസ്കരിക്കുന്നതിനുമാണ് മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്നത്. കഴിഞ്ഞ ലോക്സഭയിലേക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പരീക്ഷിക്കുകയും വിവാദം സൃഷ്ടിക്കുകയും ചെയ്ത പരീക്ഷണമാണ് കേരളത്തിലും വ്യാപിക്കുന്നത്.

കേരളത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്ത നിലയില്‍ മാധ്യമ ഉടമകളെ വിലയ്ക്കെടുക്കുന്നു. ഞായറാഴ്ച ഒരു പ്രമുഖ മലയാളം പത്രത്തില്‍ വാര്‍ത്തയെന്ന് തോന്നിപ്പിക്കുന്ന ഒരു മുഴുവന്‍ പേജ് പരസ്യം നല്‍കിയത് ഇതിന്റെ ഭാഗമായാണ്. കേന്ദ്രമന്ത്രി കെ വി തോമസിന്റെ വക കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നല്‍കിയ പരസ്യം പത്രത്തിന്റെ സപ്ലിമെന്റ് പേജ് എന്ന് തോന്നിപ്പിക്കുംവിധമാണ് നല്‍കിയത്. തോമസിന്റെ വലിയ ഫോട്ടോ പ്രത്യേകം നല്‍കിയതിനുപുറമെ സോണിയ ഗാന്ധിയോടൊപ്പം നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്ന ബഹുവര്‍ണചിത്രങ്ങളുമുണ്ട്. വന്‍കിടസ്ഥാപനങ്ങളും മറ്റും ഇത്തരം പരസ്യങ്ങള്‍ നല്‍കുമ്പോള്‍ മാര്‍ക്കറ്റിങ് ഫീച്ചര്‍ എന്നോ പരസ്യം എന്നോ വലുതായി എഴുതും. എന്നാല്‍, തോമസ് നല്‍കിയ പരസ്യത്തില്‍ "അഡ്വര്‍റ്റോറിയല്‍" എന്നാണ് കൊടുത്തത്. പത്രത്തിന്റെ എഡിറ്റോറിയല്‍ നയമെന്ന് തോന്നിപ്പിക്കുംവിധമാണ് അഡ്വര്‍റ്റോറിയല്‍ എന്ന് നല്‍കിയത്. ഇതേമാതൃകയില്‍ മറ്റു മന്ത്രിമാരും എംപിമാരും പരസ്യങ്ങള്‍ നല്‍കി മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള ശ്രമവും നടത്തുന്നു.

ഇതിനുപുറമെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷിക്ക് ഒരു സീറ്റെന്ന പേരില്‍ ഒരു പാര്‍ടിക്ക് സീറ്റ് നല്‍കി ഒരു പത്രം ഉടമയെയും വിലയ്ക്കെടുക്കാന്‍ പരിപാടിയുണ്ട്. ഒരു പ്രമുഖ ചാനലില്‍ സ്പോണ്‍സേര്‍ഡ് പ്രോഗ്രാം എന്ന പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന അരമണിക്കൂര്‍ പരിപാടിയും സംപ്രേഷണംചെയ്യുന്നു. കോടികള്‍ ഈ പരസ്യത്തിനായി വാരിയെറിഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടി സംപ്രേഷണംചെയ്യുന്ന ചാനല്‍ അതിനുശേഷം പൂര്‍ണമായി യുഡിഎഫ് ചാനല്‍ എന്നനിലയിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു ചാനലുകളെയും ഇതേരീതിയില്‍ സ്പോണ്‍സര്‍ചെയ്ത് വിലയ്ക്കെടുക്കാനും പദ്ധതിയുണ്ട്.

deshabhimani

No comments:

Post a Comment