Tuesday, February 25, 2014

എല്‍ഡിഎഫിലേക്ക് ആരേയും ക്ഷണിച്ചിട്ടില്ല: പിണറായി

നാദാപുരം: എല്‍ഡിഎഫിലേക്ക് ആരേയും ക്ഷണിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ കാണാതിരിക്കാന്‍ കേരള കോണ്‍ഗ്രസിന് കഴിയുമെന്ന് തോന്നുന്നില്ല. അതിനാല്‍ സീറ്റ് തര്‍ക്കം മാത്രമല്ല ഇപ്പോള്‍ യുഡിഎഫിനുള്ളിലെ തര്‍ക്കത്തിന് കാരണം.

തെരഞ്ഞെടുപ്പ് വിജഞാപനത്തിന് മുമ്പ് റിപ്പോര്‍ട്ടില്‍ ഉത്തരവിറങ്ങിയില്ലെങ്കില്‍ കര്‍ഷക രക്ഷകരെന്ന് പറഞ്ഞ് നടക്കുന്ന കേരള കോണ്‍ഗ്രസുകാര്‍ക്ക് പുറത്തിറങ്ങാനാകില്ല. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ യുഡിഎഫിനുള്ളില്‍ നടക്കുന്ന സീറ്റ് തര്‍ക്കത്തില്‍ പുതുമയൊന്നും ഇല്ല.എന്നാല്‍ അതിന്റെ പേരില്‍ യുഡിഎഫില്‍നിന്നും ഘടകകക്ഷികളെ എല്‍ഡിഎഫിലേക്ക് കൂട്ടാമെന്ന ധാരണയൊന്നും തങ്ങള്‍ക്കില്ല. ആര്‍ക്കും തോന്നുംപോലെ കയറിവരാനുള്ള ഇടമല്ല എല്‍ഡിഎഫ് . എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അത്തരം കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും കേരളരക്ഷാമാര്‍ച്ചിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ നേരിട്ട് ബാധിക്കുന്ന പ്രദേശങ്ങളില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല. റിപ്പോര്‍ട്ടിനെ ചുറ്റി പുരയിടം വില്‍ക്കാനാകാതെ വന്ന രമേശനെന്ന യുവാവ് കഴിഞ്ഞ ദിവസം ആത്്മഹത്യചെയ്തിരുന്നു. ഇത്തരം കാര്യങ്ങള്‍ കേരളത്തിന് ആശങ്ക തന്നെയാണ്. കേന്ദ്രത്തിെല്‍ യുപിഎ ഗവര്‍മെന്റിന്റെ ഭാഗവും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിലെ ധനമന്ത്രിയുമാണ് കെ എം മാണി. ആ മാണിയെ എല്‍ഡിഎഫ് എങ്ങിനെയാണ് ക്ഷണിച്ചുവെന്ന് പറയുക. ആത്മാര്‍ത്ഥമായി കര്‍ഷകര്‍ക്കനുകൂലമായ നടപടിയെടുത്തില്ലെങ്കില്‍ ഇവര്‍ക്കെല്ലാമുള്ള മറുപടി കര്‍ഷകര്‍ തന്നെ നല്‍കിക്കൊളും. കര്‍ഷകരുടെ ദുരിതം അവസാനിപ്പിക്കണം എന്ന നിലപാടാണ് എന്നും എല്‍ഡിഎഫിന്റെത്.

അഭിപ്രായ സര്‍വെകള്‍ പലപ്പോഴും അതിന് മുന്‍കൈയെടുക്കുന്ന ചാനലുകളുടെയും അഭിപ്രായമായി വന്നേക്കാം. നാടാകെ യുഡിഎഫിന് എതിരാണ്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്നടിയും എന്നതിലും സംശയമില്ല. എന്നാല്‍ സീറ്റുകള്‍ കൂടുതല്‍ യുഡിഎഫിനാണ് ലഭിക്കുകയെന്നും പറയുന്നു. ഇവ തമ്മില്‍ എങ്ങിനെയാണ് പൊരുത്തപ്പെടുക. എങ്ങിനെ സിപിഐ എമ്മിനെ കുഴപ്പത്തിലാക്കാം എന്ന് കരുതുന്ന ചില മാധ്യമങ്ങളുണ്ട്. അതിലൊന്നും തങ്ങള്‍ വീണുപോകില്ല. കേരള രക്ഷാമാര്‍ച്ച് വന്‍ ബഹുജനമുന്നേറ്റമാണ് കേരളത്തിലങ്ങോളം ആവേശഭരിതമായാണ് ജനങ്ങള്‍ മാര്‍ച്ചിനെ വരവേല്‍ക്കുന്നത്. എന്നാല്‍ അതിന് നേരെ ക്യാമറക്കണ്ണടക്കുകയാണ് ചില മാധ്യമങ്ങള്‍്. അത് എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ക്ക് മനസിലാകും.

സിപിഐ എമ്മിനെ ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിക്കുമ്പോള്‍ പിന്നെ ആരാണ് ന്യൂനപക്ഷ സംരക്ഷകരെന്ന് പറയേണ്ടിവരും. എന്‍എസ്എസ് യുഡിഎഫുമായി അകന്നോ എന്ന് അറിയില്ല. എന്നാല്‍ യുഡിഎഫിന്റെ നയങ്ങളോട് ചില എതിര്‍പ്പുകള്‍ എന്‍എസ്എസ് അടുത്തിടെ തുറന്ന് പറയുന്നുണ്ട്. ടി പി ചന്ദ്രശേഖരനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത്തരം ചില സത്യങ്ങള്‍ അരോചകമായി തോന്നാം. എന്നാല്‍ ചന്ദ്രശേഖരന്‍ ആരായിരുന്നുഎന്ന് വടകരയിലും സമീപങ്ങളിലും ഉള്ളവര്‍ക്ക് നന്നായറിയാം. അത് തുറന്ന് പറയുമ്പോള്‍ അസഹിഷ്ണത കാണിക്കേണ്ട കാര്യമില്ല.

വിദ്യാഭ്യാസ വായ്പയെടുത്തതിന് കഴിഞ്ഞ ദിവസം 82 വയസുളള ഒരാളെയാണ് ജയിലിടച്ചത്. കുത്തകകളുടെ കോടികണക്കിന് കിട്ടാകടം എഴുതിതള്ളുന്നവര്‍ ഇത് ചെയ്യുന്നത് നീതിയാണോ. കുടുംബശ്രീയെ തകര്‍ക്കുവാനാണ് സര്‍ക്കാര്‍ ശ്രമം. വികേന്ദ്രീകരണത്തില്‍ കേരളത്തിന് ഉണ്ടായിരുന്നു പ്രധാനം സര്‍ക്കാര്‍ കളഞ്ഞുകുളിച്ചു. ഗ്രാമസഭകള്‍ പേരിന് മാത്രമായി. പാര്‍പ്പിട പദ്ധതിയും അട്ടിമറിച്ചുവെന്ന് പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment