Thursday, February 27, 2014

സുനന്ദയുടെ ശരീരത്തില്‍ കുത്തിവയ്പിന്റെ പാട്

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ വലതുകൈത്തണ്ടയില്‍ കുത്തിവയ്പിന്റെ പാടുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുത്തിവയ്പിന്റെ പാട് എങ്ങനെ വന്നുവെന്നത് ദുരൂഹമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സുനന്ദയുടെ ശരീരത്തില്‍ 15 മുറിവുകളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ പത്താമത്തേതായാണ് കുത്തിവയ്പിന്റെ പാട് രേഖപ്പെടുത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് സുനന്ദയുടെ ശരീരം കീറിമുറിച്ചപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന വാതകം പുറത്ത് വന്നതായും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. സുധീര്‍ ഗുപ്ത ഒപ്പിട്ട പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. മുറിപ്പാടുകള്‍ ബലപ്രയോഗത്തില്‍ സംഭവിച്ചതാണ്. ശരീരത്തില്‍ കടിയേറ്റ പാടുമുണ്ട്. മാര്‍ച്ച് മാസത്തോടെ മാത്രമേ രാസപരിശോധനാ ഫലം ലഭിക്കൂ. റിപ്പോര്‍ട്ട് വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കഴിഞ്ഞയാഴ്ച കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലാബിന് കത്തയച്ചിരുന്നു. രാസപരിശോധനാ ഫലം വൈകുന്നതും ദുരൂഹമാണ്. ഡല്‍ഹിയില്‍ അടുത്തിടെ മരിച്ച അരുണാചല്‍ വിദ്യാര്‍ഥി നിഡോ താനിയയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചതിന്റെ ഫലം മൂന്നുനാള്‍ക്കകം ലഭിച്ചു. എന്നാല്‍, മരണം സംഭവിച്ച് അഞ്ചാഴ്ചയും പിന്നിടുമ്പോഴും സുനന്ദയുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

സ്വഭാവിക മരണമെന്ന് വരുത്താനുള്ള നടപടികളുമായി ഡല്‍ഹി പൊലീസ് മുന്നോട്ടുനീങ്ങുകയാണ്. അന്വേഷണ പുരോഗതി വെളിപ്പെടുത്താന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. അല്‍പ്രാക്സ്, എക്സെഡ്രിന്‍ ഗുളികകള്‍ അമിതമായി കഴിച്ചതുകൊണ്ടാണ് മരണമെന്ന ആദ്യ നിഗമനത്തില്‍ തന്നെയാണ് ഡല്‍ഹി പൊലീസ്. മുറിപ്പാടുകള്‍ എങ്ങനെയുണ്ടായെന്ന് അന്വേഷിക്കാന്‍ പൊലീസ് തയ്യാറല്ല. മരണത്തിന് മുമ്പുള്ള രണ്ടുദിവസങ്ങളിലെ സുനന്ദയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. മകന്‍ ശിവ് മേനോനുമായാണ് സുനന്ദ ഫോണിലൂടെ അവസാനം ബന്ധപ്പെട്ടത്. സുനന്ദയുമായി ഫോണില്‍ സംസാരിച്ച മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുളളവരുടെ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

deshabhimani

No comments:

Post a Comment