Wednesday, February 26, 2014

കമ്യൂണിസ്റ്റ് വേട്ടക്ക് താക്കീതായി

പേരാമ്പ്ര: എല്ലാ മേഖലകളില്‍നിന്നും സംഘടിതമായി തുടരുന്ന കമ്യൂണിസ്റ്റ്വേട്ടക്കെതിരെ താക്കീതുയര്‍ത്തി കേരളരക്ഷാ മാര്‍ച്ചിന്റെ ജനകീയപ്രയാണം. അധികാരികളും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്നുള്ള ദുഷ്പ്രചാരണത്തിനെതിരായ ജനകീയപ്രതിരോധത്തിന് കൂടുതല്‍ കരുത്തും ആത്മവിശ്വാസവും നല്‍കുന്നതായി കടത്തനാടന്‍ മണ്ണില്‍ ചൊവ്വാഴ്ചത്തെ സ്വീകരണങ്ങള്‍.

തടവറയില്‍ ജീവരക്തത്താല്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ധീര രക്തസാക്ഷി മണ്ടോടി കണ്ണന്റെ നാട്ടിലൂടെ ആ വീരസ്മരണയെ അഭിവാദ്യം ചെയ്താണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച മാര്‍ച്ച് കടന്നുപോയത്. മണ്ടോടി കണ്ണന്റെ മരുമകന്‍ മണ്ടോടി കുമാരനടക്കം ഒഞ്ചിയം രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ അണിനിരന്ന സ്വീകരണം വിപ്ലവസമരത്തിന്റെ യഥാര്‍ഥ നേരവകാശികളാണ് സിപിഐ എം എന്ന് വിളിച്ചോതുന്നതായി.

രക്തപതാകയും ഉശിരന്‍ മുദ്രാവാക്യങ്ങളുമായി പതിനായിരങ്ങളുടെ ലാല്‍സലാം ഏറ്റുവാങ്ങിയായിരുന്നു നാദാപുരം മുതല്‍ പേരാമ്പ്ര വരെ ജാഥയുടെ പര്യടനം. രക്തസാക്ഷി കുടുംബങ്ങളും ആദ്യകാല പ്രവര്‍ത്തകരും യുവജനങ്ങളും തൊഴിലാളികളുമടക്കം നാടിന്റെ ഭാവിയെക്കുറിച്ച് ആശങ്കകള്‍ പങ്കിടുന്ന ജനവിഭാഗങ്ങളൊന്നാകെ ഒഴുകിയെത്തി. കലാ-കായിക-സാംസ്കാരിക-സാമൂഹ്യമണ്ഡലങ്ങളിലെ പ്രതിഭകളെയും വേദികളില്‍ ആദരിച്ചു. ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്കും പഴയകാല പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനത്തിന്റെ ഉപഹാരം പിണറായി സമ്മാനിച്ചു. "വികസിതകേരളം, മതനിരപേക്ഷ ഇന്ത്യ" എന്ന മുദ്രാവാക്യവുമായി നാടിനെ ഇളക്കിമറിച്ചുള്ള ജനകീയ മുന്നേറ്റം ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ട് സമാപിക്കും. സമാപന സമ്മേളനം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.

ചൊവ്വാഴ്ച കണ്ണൂര്‍ പാനൂരിലെ സ്വീകരണശേഷം കടന്നുവന്ന മാര്‍ച്ചിനെ ജില്ലാ അതിര്‍ത്തിയായ ഇരിങ്ങണ്ണൂരില്‍ സ്വീകരിച്ചു. തുടര്‍ന്ന് ആദ്യ സ്വീകരണകേന്ദ്രമായ നാദാപുരത്തേക്ക്. ചെങ്കൊടികളും ചുകപ്പുവളണ്ടിയര്‍മാരുമായി നാദാപുരമാകെ ആവേശച്ചുവപ്പില്‍ മുങ്ങിയിരുന്നു. സാമൂഹ്യാനീതികള്‍ക്കെതിരായ ചെറുത്തുനില്‍പ്പിന്റെ ജ്വാലകള്‍ നിറയുന്ന നാദാപുരത്തിന്റെ സമരവീര്യം പ്രകടമാക്കി നിറഞ്ഞുകവിഞ്ഞ ജനാവലി.

കടത്തനാടിന്റെ ആസ്ഥാനഗരിയായ വടകരയിലെത്തുമ്പോള്‍ നാടൊന്നാകെ എത്തിയിരുന്നു. സിപിഐ എം വിരുദ്ധ വേട്ടയുടെ കേന്ദ്രമായ വടകരയിലെ കോട്ടപ്പറമ്പില്‍ കോട്ടകണക്കെ തടിച്ചുകൂടിയ സ്ത്രീകളടക്കം പതിനായിരങ്ങള്‍, പ്രസ്ഥാനത്തിനെ തകര്‍ക്കാന്‍ വലതുപക്ഷത്തിന്റെ അച്ചാരംപറ്റി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായി. കൃഷിക്കാരും കര്‍ഷകതൊഴിലാളികളുമടക്കം ദുരിതജീവിതത്തിന്റെ കെടുതികളനുഭവിക്കുന്നവരായിരുന്നു തിരുവള്ളൂരിലെ സ്വീകരണത്തിലേറെയും. ഏഷ്യന്‍ഗെയിംസ് മെഡല്‍ജേതാവ് ബിന്‍സിയെയും കവി പവിത്രന്‍ തീക്കുനിയെയുമടക്കം പിണറായി ഇവിടെ ആദരിച്ചു.

കൂത്താളിസമരത്തിന്റെ അനശ്വരത തുടിക്കുന്ന സമാപനകേന്ദ്രമായ പേരാമ്പ്രയിലെത്തുമ്പോള്‍ ചുകപ്പിന്റെ ഉത്സവമേളമായിരുന്നു. രാവിലെ പാനൂരിലെ സ്വീകരണത്തില്‍ ആര്‍എസ്എസ്-ബിജെപി ബന്ധം വിച്ഛേദിച്ചവരടക്കം ആയിരങ്ങളുടെ സാന്നിധ്യമുണ്ടായി. സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാംഗങ്ങളായ എ വിജയരാഘവന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവരും സംസാരിച്ചു. ബുധനാഴ്ച രാവിലെ പത്തിന് കൊയിലാണ്ടിയില്‍നിന്നാണ് മാര്‍ച്ച് തുടങ്ങുക.

പി വി ജീജോ

ചാനലുകള്‍ ജനമുന്നേറ്റം കാണുന്നില്ല: പിണറായി

നാദാപുരം(കോഴിക്കോട്): 24 മണിക്കൂറും തുറന്നുവയ്ക്കുന്ന ചാനലുകള്‍, കേരളരക്ഷാ മാര്‍ച്ചിലുടനീളം പ്രകടമായ ജനമുന്നേറ്റം കാണുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അച്ചടിമാധ്യമങ്ങളില്‍ പ്രാദേശിക പേജുകളിലെങ്കിലും മാര്‍ച്ചിന്റെ വാര്‍ത്തകളുണ്ട്. ആവേശകരമായ ജനപങ്കാളിത്തമാണ് മാര്‍ച്ചില്‍ ദൃശ്യമാകുന്നത്. എല്ലാ വിഭാഗം ആളുകളും സ്വീകരണങ്ങളില്‍ അണിനിരക്കുന്നു. ഇതു കാണാന്‍ ക്യാമറകളുടെ കണ്ണടഞ്ഞിട്ടുണ്ടെങ്കില്‍ അത് ജീവനക്കാരുടെ വീഴ്ചകൊണ്ടാണെന്ന് കരുതാനാവില്ല. അത് ഉടമകള്‍ അങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ്- നാദാപുരത്ത് കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കേന്ദ്രസര്‍ക്കാര്‍ അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സുമായി വന്നത് രാഷ്ട്രീയ കാപട്യമാണ്. അഞ്ചരലക്ഷം കോടി അഴിമതി നടത്തിയ ഭരണത്തിന് നേതൃത്വം നല്‍കിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. 1.86 ലക്ഷം കോടിയുടെ വന്‍ അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിച്ച് അട്ടിമറിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റെത്. അഴിമതിയെ വെള്ളപൂശുന്ന ഗവണ്‍മെന്റ് കണ്ണില്‍പൊടിയിടാനാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. ബില്‍ നേരത്തെ പാര്‍ലമെന്റിനുമുമ്പിലുണ്ടായിരുന്നു. അന്ന് പാസാക്കാന്‍ നടപടിയെടുത്തില്ല. സംസ്ഥാനത്ത് അധികാര വികേന്ദ്രീകരണം അട്ടിമറിക്കപ്പെടുകയാണ്.

1997 മുതല്‍ 2011 വരെ കേരളമായിരുന്നു ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത്. ഇപ്പോള്‍ പിറകോട്ടുപോയി. പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടു. ആസൂത്രണ പ്രക്രിയ ഫോറം പൂരിപ്പിക്കലില്‍ ഒതുങ്ങി. ഗ്രാമസഭകള്‍ പേരിനുമാത്രമായി. പാര്‍പ്പിട പദ്ധതികള്‍ അവതാളത്തിലാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചില്ലിക്കാശുപോലും അനുവദിക്കുന്നില്ല. ആസൂത്രണത്തിന് പണമില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികള്‍ കോണ്‍ട്രാക്ടര്‍മാരുടെ അടക്കിവാഴുകയാണ്. 15 കോടി വരെയുള്ള പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ വേണ്ടെന്നായി. കുടുംബശ്രീയെ തകര്‍ക്കാനും സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ചില ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുകയാണ്. ജനകീയ സ്ഥാപനമായ കുടുംബശ്രീയെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി തകര്‍ക്കരുതെന്നും പിണറായി ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment