Sunday, February 23, 2014

എസ്പിയോട് ഒന്നും പറയരുതെന്ന് ഐജി നിര്‍ദേശിച്ചു

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരി രാധ കൊല്ലപ്പെട്ടതു സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പൊലീസ് ചീഫായിരുന്ന പുട്ട വിമലാദിത്യയോട് പറയരുതെന്ന് കേസ് അന്വേഷിക്കുന്ന ഐജി ഗോപിനാഥ് നിര്‍ദേശിച്ചതായി രാധയുടെ സഹോദരന്‍ ഭാസ്കരന്‍ വെളിപ്പെടുത്തി. കേസന്വേഷണവുമായി ബന്ധപ്പെട്ട് രാധയുടെ വീട്ടിലെത്തിയ ദിവസമാണ് ഐജി നിര്‍ദേശം നല്‍കിയതെന്ന് ഭാസ്കരന്‍ "ദേശാഭിമാനി"യോട് പറഞ്ഞു.

രാധയുടെ മൃതദേഹം സംസ്കരിച്ചശേഷം ഐജി, എസ്പി, ഡിവൈഎസ്പി എന്നിവരാണ് വീട്ടിലെത്തിയത്. വളരെ സ്നേഹപൂര്‍വം ഐജി സംസാരിച്ചു. കേസന്വേഷിക്കാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചു. മൂന്ന് ടെലഫോണ്‍ നമ്പറുകള്‍ നല്‍കി. എന്തെങ്കിലും പുതിയ വിവരങ്ങള്‍ ഉണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് നിര്‍ദേശിച്ചു. നമ്പറുകള്‍ നല്‍കിയശേഷമാണ് വിചിത്രമായ നിര്‍ദേശമുണ്ടായത്. മലപ്പുറം എസ്പിക്ക് മലയാളം അറിയില്ലെന്നും അതിനാല്‍ അദ്ദേഹത്തെ വിളിക്കേണ്ടതില്ലെന്നുമായിരുന്നു ഐജിയുടെ നിര്‍ദേശം. എന്നാല്‍ തനിക്ക് നന്നായി മലയാളം അറിയാമെന്ന് എസ്പി പ്രതികരിച്ചിരുന്നു. ഈ സംഭവത്തിനുശേഷമാണ് എസ്പിയെ വയനാട്ടിലേക്ക് മാറ്റിയത്. എസ്പിയുടെ നിലപാട് ഐജിക്കും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ഉന്നതരെയടക്കം ചോദ്യംചെയ്യണമെന്നും കോണ്‍ഗ്രസ് ഓഫീസ് സീല്‍ ചെയ്യണമെന്നും അദ്ദേഹം നിലപാടെടുത്തു. തിരുവനന്തപുരത്തുനിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ഇത് അട്ടിമറിക്കപ്പെടുകയായിരുന്നു.

വി ജയിന്‍

കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് സ്വകാര്യ അന്യായം

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി രാധയുടെ കൊലക്കേസിന്റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യ അന്യായം. തൃശൂര്‍ തിരൂര്‍ സ്വദേശി പി ഡി ജോസഫാണ് വ്യാഴാഴ്ച നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. മജിസ്ട്രേറ്റ് സി ആര്‍ ദിനേശ് ഫയലില്‍ സ്വീകരിച്ചു. പ്രതികളായ ബിജു നായര്‍, ഷംസുദ്ദീന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ പി വിജയകുമാര്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയോട് മാര്‍ച്ച് 10ന് മുമ്പ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസിന്റെ തുടക്കത്തില്‍ പ്രതികളായവരെ മാനഭംഗക്കേസില്‍ നിന്നും ഒഴിവാക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഗൂഢാലോചന ഗൗരവമായി കണക്കിലെടുത്ത് ഹരജി ഫയലില്‍ സ്വീകരിക്കണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് തുടര്‍ന്ന് കൊണ്ടുപോകണമെന്നും ഹരജിക്കാരന്‍ അപേക്ഷിച്ചു. കേസിലെ പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാല്‍ സ്വാധീനിക്കാന്‍ ഇടയുണ്ട്. പ്രതികളുടെ ഡിഎന്‍എ ടെസ്റ്റും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, മറ്റ് ആന്തരാവയവങ്ങളുടെ റിപ്പോര്‍ട്ട് എന്നിവയും ഫോറന്‍സിക്ക് വിഭാഗം മേധാവി ഡോ. ഷേര്‍ളി വാസുവിനോട് ഹാജരാക്കാനും ഹരജിക്കാരന്‍ കോടതിയോടഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment