Thursday, February 27, 2014

റെയില്‍വേ ടിക്കറ്റ് റീഫണ്ടിങ് നിര്‍ത്തില്ല

യാത്രയ്ക്ക് ഉപയോഗിക്കാത്ത ടിക്കറ്റിന് പണം തിരിച്ചുനല്‍കുന്നതിനുള്ള ചട്ടങ്ങളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം. മാര്‍ച്ച് ഒന്നുമുതല്‍ റീഫണ്ട് നിര്‍ത്തലാക്കുമെന്ന് വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ വിശദീകരണം.

2013 ജൂണില്‍ വിജ്ഞാപനം ചെയ്ത് ജൂലൈ ഒന്നിനു നിലവില്‍വന്ന ചട്ടങ്ങളാണ് നിലവിലുള്ളത്. ഇതനുസരിച്ച് "കണ്‍ഫേമ്ഡ്" ടിക്കറ്റിന് ട്രെയിന്‍ യാത്രതിരിച്ച് രണ്ടു മണിക്കൂറിനകം 50 ശതമാനം തുക തിരികെ നല്‍കും. ഉപയോഗിക്കാത്ത "കണ്‍ഫേമ്ഡ്" റിസര്‍വേഷന്‍ ടിക്കറ്റിന്റെ റീഫണ്ടിങ് ചട്ടം ഇപ്രകാരം: ട്രെയിന്‍ യാത്ര തിരിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പാണെങ്കില്‍ എസി ഒന്നാംക്ലാസ് ടിക്കറ്റിന് 120 രൂപയും എസി രണ്ടാംക്ലാസ് ടിക്കറ്റിന് 100 രൂപയും എസി മൂന്നാംക്ലാസ്-എസി ചെയര്‍ കാര്‍ ടിക്കറ്റിന് 90 രൂപയും സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റിന് 60 രൂപയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് 30 രൂപയും ക്യാന്‍സലേഷന്‍ നിരക്ക് ഒഴിച്ചുള്ള തുക മടക്കിനല്‍കും. ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിനും ആറു മണിക്കൂറിനും ഇടയിലാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കില്‍ നിരക്കിന്റെ 25 ശതമാനം പിടിച്ചശേഷം ബാക്കി തുക നല്‍കും. ട്രെയിന്‍ പുറപ്പെടുന്നതിന് ആറു മണിക്കൂര്‍ മുമ്പും യാത്ര തിരിച്ച് രണ്ടു മണിക്കൂറിനുശേഷവുമാണ് റദ്ദാക്കുന്നതെങ്കില്‍ നിരക്കിന്റെ 50 ശതമാനം ഈടാക്കും. ട്രെയിന്‍ പുറപ്പെട്ട് രണ്ടു മണിക്കൂറിനുശേഷം മടക്കിനല്‍കാന്‍ കഴിയില്ല.

വെയ്റ്റിങ് ലിസ്റ്റിലും ആര്‍എസിയിലുമുള്ള ടിക്കറ്റിന്റെ റീഫണ്ടിങ് ചട്ടം ഇങ്ങനെ: ട്രെയിന്‍ പുറപ്പെട്ട് മൂന്നു മണിക്കൂറിനകം വരെ റീഫണ്ട് ചെയ്യാനാകും. ദുര്‍ഘടപ്രദേശങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് റെയില്‍വേ ജനറല്‍ മാനേജരുടെ പ്രത്യേക അനുമതിയോടെ ഈ നിബന്ധനയില്‍ ഇളവുനല്‍കാം. ഇ-ടിക്കറ്റിന്റെ റീഫണ്ടിങ് വ്യവസ്ഥയിലും മാറ്റമില്ല. പ്രകൃതിക്ഷോഭം നിമിത്തം യാത്ര മുടങ്ങിയാല്‍ ട്രെയിന്‍ പുറപ്പെട്ട് മൂന്നുദിവസത്തിനകം യാത്രക്കാര്‍ക്ക് ടിക്കറ്റ് ഡിപ്പോസിറ്റ് രസീത് നല്‍കണം. 10 ദിവസത്തിനകം പണവും മടക്കിനല്‍കണം.

deshabhimani

No comments:

Post a Comment