Tuesday, February 25, 2014

ബിജെപി-കോണ്‍ഗ്രസിതര കൂട്ടുകെട്ട് നിലവില്‍ വന്നു

കോണ്‍ഗ്രസ്-ബിജെപിയിതര മതനിരപേക്ഷ കക്ഷികളുടെ കൂട്ടുകെട്ട് ചൊവ്വാഴ്ച ഔദ്യോഗികമായി നിലവില്‍വന്നു. 11 പാര്‍ടിനേതാക്കള്‍ ത്രിപുര ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് കൂട്ടുകെട്ടിന് രൂപമായത്.

അഴിമതിയ്ക്കും വര്‍ഗീയതയ്ക്കുമെതിരെ ഒന്നിച്ചുനില്‍ക്കുന്ന പാര്‍ട്ടികള്‍ ബിജെപിയെും കോണ്‍ഗ്രസിനെയും തോല്‍പ്പിക്കുമെന്ന് യോഗത്തിനുശേഷം സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി ആരെന്നതല്ല കുട്ടുകെട്ടിന്റെ വിഷയം. നയങ്ങളാണ്. പ്രധാനമന്ത്രിയുടെ കാര്യം തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതി തുടച്ചുനീക്കുക, മതേതരത്വം ഉയര്‍ത്തിപ്പിടിക്കുക. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യപദവിക്കൊപ്പം അര്‍ഹമായ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകപദവി നല്‍കുക, ഫെഡറല്‍ സംവിധാനം ശക്തമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കൂട്ടുകെട്ട് മുന്നോട്ടുപോകുക. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ യോജിക്കുക എന്ന സന്ദേശവുമായാണ് കൂട്ടുകെട്ട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ബിജെപി പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായ ബദല്‍ മാര്‍ഗങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സംയുക്ത പ്രഖ്യാപനം യോഗം അംഗീകരിച്ചു.

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ്യാദവ്, സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗം സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍റെഡ്ഡി, എ ബി ബര്‍ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈമാസം അഞ്ചിന് പാര്‍ലമെന്റില്‍ യോഗം ചേര്‍ന്ന 11 പാര്‍ടികളാണ് ചൊവ്വാഴ്ച യോഗം ചേരുക. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ ഇടതുപക്ഷ പാര്‍ടികള്‍ക്കു പുറമെ ഐക്യജനതാദള്‍, ജനതാദള്‍ എസ്, ബിജു ജനതാദള്‍, ഝാര്‍ഖണ്ഡ് വികാസ്മഞ്ച്, അസം ഗണപരിഷത്ത്, എഐഡിഎംകെ എന്നീ കക്ഷികളുടെ നേതാക്കള്‍ പങ്കെടുത്തു.

മുന്നൂറോളം ലോക്സഭാ സീറ്റുള്ള സംസ്ഥാനങ്ങളിലെ പ്രമുഖ രാഷ്ട്രീയകക്ഷികളാണ് പങ്കെടുത്തത്. നിലവില്‍ ഈ പാര്‍ടികള്‍ക്ക് 90 സീറ്റുണ്ട്. തെരഞ്ഞെടുപ്പ് സര്‍വേകളില്‍ ഈ പാര്‍ടികള്‍ക്ക് 120-140 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.

deshabhimani

No comments:

Post a Comment